“ആ പിന്നെ മോളുസേ….എങ്ങനിണ്ടാർന്ന്….ഉമ്മിക്കല് മാത്രമാർന്നോ അതോ കയ്യും കാലും ഒക്കെ എടുത്താർന്ന….”
അമ്മുവിനത് മനസിലാകാതെ നോക്കി…
“അതെന്റെ മോളേ….കൊറച്ചുംകൂടങ് ഡീപ് ആയിരുന്നോണ്…..” ഹോണടിക്കുംപോലെ ആക്ഷൻ കാണിച്ചവളത് പറഞ്ഞതും അമ്മുവിന്റെ കണ്ണു തള്ളി….
“അയ്യേ….ചീ….ഇങ്ങനൊക്കെയാ പറയണേ…അലന്ന സാധനം…..”
“ഓഹ് അവളൊരു കുലസ്ത്രീ…..”
ചുംബിക്കുന്നതിനിടെ അവന് ഒപ്പിച്ചതോർത്തു ചോരതുടുത്തു നടന്നവൾ അത് കേട്ടത് കൂടെയില്ല…..
“എന്നാലുമാ കാർക്കോടകനെ……ഇതൊരുമാതിരി പട്ടിണി കിടന്ന പട്ടിക്ക് മട്ടൺ ബിരിയാണി കിട്ടിയപോലായിലോ മോളേ നിന്റെ കോലം…..”
ചിന്നു നിർത്താൻ ഭാവൊന്നും ഇല്ല…
“ഡീ…അധികമങ്ങു വേണ്ടാട്ടോ…..ലോകത്ത് ആദ്യായിട്ട് കിസ്സെയ്യുന്നതാലോ ഞങ്ങൾ….” അമ്മു അവളെ കൈ തട്ടിയെറിഞ്ഞു ഗേറ്റ് കടന്ന് അകത്തേക്ക് കയറി…
ചിന്നു പിന്നെ കൂടുതൽ കളിയാകാതെ ചെന്നു…എന്തായാലും ഈ പിടിവള്ളി കയ്യിൽ ഇരിക്കട്ടെ…വൈഷ്ണവിന്റെ പേരിൽ ഹരിയുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുമ്പോൾ ആവശ്യം വരും…
_____________________________________
ഇന്നാണ് നിഖിലിന്റെ പെങ്ങൾ നിഖിതയുടെ മൈലാഞ്ചി കല്യാണം…
അതിന് പോകാനായി ഉള്ള വട്ടം കൂട്ടലിൽ ആണ് അമ്മുവും ചിന്നുവും കൂടെ….
ഒരു ക്രീം കളർ സെറ്റിന്റെ ക്രോപ്ടോപ്പും സ്കെർട്ടും ആണ് രണ്ടിന്റെയും വേഷം…അതും ലളിതമ്മേടെ സ്ട്രിക്ട് ഓർഡർന്റെ പുറത്ത് മായ സെറ്റ് സാരി വെട്ടി തയ്ച്ചതാണ്…ടോപ്പിൽ ബീഡ്‌സ് വർക്കും..സെറ്റ് സാരി അങ്ങനേ ഉടുത്താൽ പോരെയെന്ന് ചോദിച്ചുനോക്കിയതാണ് അപ്പോ സാരിയുടുത്തു ചെന്നിട്ടു ആരേലും കല്യാണം ആലോചിച്ചാൽ ആ വഴിക്ക് കെട്ടിച്ചുവിടുമെന്ന ഡയലോഗിൽ എന്നത്തേയുംപോലെ ചിന്നു അടങ്ങി…
വല്യ കാര്യമായ ഒരുക്കം ഒന്നുമില്ല….ഒരു സാധാ ചടങ്ങാണ് അടുത്തുള്ളവരും അടുപ്പമുള്ളവരും കുടുംബക്കാരും മാത്രം ചേർന്നുള്ളത്….
രോഗികളായ അച്ഛനെയും അമ്മയെയും നോക്കി പ്രാരാബ്ധത്തിന്റെ കൂടുമായി നിൽക്കുന്ന നിഖിൽ ഒരു വിധം ആണ് ഈ കല്യാണം നടത്തുന്നത് തന്നേ…
നിഖിത ടൗണിലെ അക്ഷയ സെന്ററിൽ ജോലി ചെയ്യുമ്പോൾ അവിടെ വന്നു കണ്ടിഷ്ടപ്പെട്ട പയ്യൻ ആണ്…
സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞു വന്നതുകൊണ്ടാണ് ജോലി കിട്ടി കുറച്ചുകാലം കഴിഞ്ഞു മതിയെന്ന് പറഞ്ഞു നിന്നിരുന്ന നിഖിത സമ്മതിച്ചത് തന്നേ…താനൊരാള് മാറിക്കിട്ടിയാൽ അവനത്രേം ആശ്വാസം ആകുമല്ലോന്നോർത്തു…
ലളിതമ്മയുടെ വകയായി ആ ചേട്ടന്റെ കഷ്ടപ്പാടിന്റെ കഥയും കേട്ട് ഓട്ടോയിൽ നാലുപേരും കൂടെ കല്യാണവീടിലേക്കെത്തി….
അടുത്തടുത്തു തൊട്ടുതൊട്ടെന്ന പോലെ ധാരാളം വീടുകൾ ഉള്ളിടത്തു വെളിച്ചത്തിൽ കുളിച്ചുനിൽപുണ്ട് കല്യാണ വീട്….
പന്തലിനുള്ളിലേക്ക് കയറുമ്പോൾ കണ്ടു കസേരയും
ഡെസ്ക്കുമെല്ലാം നിവർത്തി നിൽക്കുന്ന ഹരിയെയും കൂട്ടുകാരെയും….
ദീപു അവനെ തട്ടിവിളിച്ചു കാണിച്ചുകൊടുത്തു അമ്മുവും മറ്റും വരുന്നത്…
തിരിഞ്ഞു നോക്കിയ ഹരി അവളെ കണ്ടതും പല്ലുകടിച്ചുപോയി….
“ഈ അമ്മേനെക്കൊണ്ട്….അല്ലെങ്കിലേ സ്കൂൾകുട്ടിയാണ് കാണാൻ…അതിന്റെകൂടൊരു പാവാടേം….വല്ല സാരിം ഉടുപ്പിക്കാൻ ഉള്ളെന്….” പിറുപിറുത്തുകൊണ്ടവൻ ഒരട്ടി കസേര എടുത്തു നിലത്തേക്ക് ഒരു കുത്ത് കുത്തി….
അമ്മു ഇവനിതെന്ത് പറ്റിയെന്ന് ഓർത്തൊന്ന് ശങ്കിച്ചെങ്കിലും പെണ്ണിനെ കാണാമെന്നും പറഞ്ഞു മായ വലിച്ചോണ്ട് അകത്തേക്ക് കൊണ്ടുപോയി….
അവനെ ഇടങ്കണ്ണിട്ടു തിരിഞ്ഞു നോക്കി പോകുന്ന പോക്ക് ഹരിയും പാളി നോക്കി….
രണ്ടിന്റെയും കഥകളി കണ്ടുനിന്ന ദീപു ഒന്നു മുരടനക്കിയെങ്കിലും ഹരിയുടെ ഒറ്റനോട്ടത്തിൽ ഡീസന്റ് ആയി ബാക്കി കസേര നിരത്താൻ പോയി…
ഇടയ്ക്ക് അകത്തേക്ക് ഒരു കാര്യവും ഇല്ലാണ്ട് വെള്ളം എടുക്കാനും മറ്റും കയറിയിറങ്ങി അമ്മുവിനെ ഒന്ന് നോക്കിയേച്ചു പോകും അവൻ….
