വൈകിട്ട് കോളേജ് വിട്ടു വന്നു കയറുമ്പോൾ ഹരി തിണ്ണയിൽ ഇരിപ്പുണ്ട്…
പങ്കു തൊട്ടടുത്തു തന്നെ എന്തൊക്കെയോ തൊട്ടും തലോടിയും നിൽപ്പുണ്ട്…
“ആഹ്….നിന്റെ കെട്ടിയവൾ വന്നല്ലോ ബാക്കി അവൾ നോക്കിക്കോളും…..”
അമ്മു ഒന്നും മനസിലാകാതെ ചെരിപ്പൂരുന്നതിനിടയ്ക്ക് അവനെ നോക്കി…
ഹരി ഒന്നുമില്ലെന്ന് കണ്ണടച്ചുകാട്ടി…
തിണ്ണയിലേക്ക് കയറിയതും മായ ഒരു ബേസിനിൽ വെള്ളവുമായി അടുക്കളയിൽ നിന്നും വന്നു അവനിരിക്കുന്നത്തിന്റെ മുന്നിലെ അരപ്രൈസിലേക്ക് വച്ചു…
ഹരി അതിലേക്ക് കൈ മുക്കുന്നത് കണ്ടാണ് അമ്മു ശ്രദ്ധിക്കുന്നത്….
കയ്യൊക്കെ പൊള്ളിയപോലെ ഇരിക്കുന്നു….
ഉള്ളൊന്നാളി അവൾക്ക്….
“ഇതെന്താ പറ്റിയെ….” ബാഗ് ഊരി അരപ്രൈസിലേക്ക് വച്ചുകൊണ്ട് അമ്മു വേഗം അടുത്തേക്ക് ചെന്നു….
“സിമെന്റ് അലർജി ആയതാണ് തോന്നുന്നു മോളേ….പറഞ്ഞതാ ഞാനിവനോട് പോണ്ടാന്ന്….അറിയില്ലാത്ത പണിയല്ലെന്ന്….ആരുകേൾക്കാൻ….” ആവലാതിപ്പെട്ടു അകത്തേക്ക് വീണ്ടും കയറി മായ….
“ആണ്പിള്ളേരായ ഓരോ പണിക്ക് പോകും കുറച്ചൊക്കെ ആകും….അതിനിപ്പോ എന്താ….മടീൽ വച്ചു നോക്കണ ഇള്ളവാവയൊന്നും ല്ലല്ലോ….ഹല്ലേ…..” മായയേ എതിർത്തു പറയണം എന്നുള്ളതുകൊണ്ട് മാത്രം പറഞ്ഞതാണ് പങ്കു….ഉള്ളുകൊണ്ട് അവന് പോയത് ഇഷ്ടമായിട്ടില്ല….
“നോക്കി നിക്കാണ്ട് ആ ചെറുക്കന് വേണ്ടതെന്താന്ന് വച്ചാ ചെയ്യ് പെണ്ണേ…..”
വിതുമ്പിപൊട്ടാൻ തയ്യാറായി ഹരിയെ നോക്കി നിക്കുവാണ് അമ്മു….
“ഒന്നുല്ലെടി….ആദ്യയോണ്ട….സിമന്റ് തട്ടീട്ടാന്നെ….”
ഹരി സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്….
അമ്മു ഇപ്പൊ കരയും എന്നാ മട്ടിൽ മുഖമെല്ലാം വക്രിച്ചു വരുന്നുണ്ട്…
“അമ്മേ….ഇപ്പൊ കുളിക്കാൻ കയറുന്നുണ്ടോ….ഇല്ലേൽ ഞാൻ കയറിക്കോട്ടെ….”
ഇല്ലെന്ന് മായ പറഞ്ഞതും കുളിച്ചുമാറ്റാൻ എടുക്കാനെന്ന മട്ടിൽ ഹരി എണീറ്റ് മുറിയിലേക്ക് നടന്നു കൂട്ടത്തിൽ അമ്മുവിനോട് വരാൻ കണ്ണുകാണിച്ചു….
അകത്തു കയറി വാതിൽ ചാരാൻ ഹരിക്ക് സമയം കിട്ടിയില്ല അതിന് മുന്നേ അവനെ വട്ടം കെട്ടിപിടിച്ച് ഒച്ചയില്ലാതെ പൊട്ടിക്കരഞ്ഞു അമ്മു….
“അയ്യേ….കരയല്ലേന്നെ….അതിനും മാത്രം ഒന്നുല്ലല്ലോ….”
അവള് പിന്നെയും ഇറുക്കിപിടിച്ചു കരച്ചിൽ അല്ലാണ്ട് ഒട്ടും കുറയുന്നില്ല…
ഹരി അവളെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു മറുകൈ കൊണ്ടു വാതിലടച്ചു….
“അമ്മുച്ചേച്ചിയെ….ആദ്യായിട്ട് ആയോണ്ട് വന്നതാടി….എനിക്കൊന്നും പറ്റീലാന്നെ….ചുവന്നു കിടക്കുന്നത് കണ്ടിട്ട് പേടിച്ചുപോയെ ആണോ….”
അമ്മുവിനതൊന്നും സമാധാനമായിട്ടില്ല….
“ദേ എന്റെ കയ്യിൽ നോക്കിക്കേ….ഇത് രണ്ടു ദിവസം കഴിഞ്ഞാൽ പൊക്കോളും….കാണാൻ കുറച്ച് ഭീകര ലുക്ക് ഉണ്ടെന്നേയുള്ളു എനിക്കങ്ങനെ വേദനിക്കുന്നൊന്നും ഇല്ലാന്നേ…”
നീറ്റൽ ഉണ്ടെങ്കിലും അവന് കള്ളം പറഞ്ഞു….
അവളവന്റെ കൈപ്പത്തി രണ്ടും പിടിച്ചെടുത്തു തിരിച്ചും മറിച്ചും നോക്കി…
വിതുമ്പിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി
കണ്ണിലെ ചിറയപ്പോളും പൊട്ടിയാഴുക്കുന്നുണ്ട്…
അവളാ കൈ രണ്ടും കൂട്ടിപിടിച്ചു അതിലേക്ക് മുഖം പൊതിഞ്ഞുവച്ചു…പിന്നെ ഉള്ളിലും പുറത്തുമെല്ലാം തുരുതുരെ ഉമ്മ വച്ചു….
കണ്ണീരു പുരണ്ടിട്ട് ഹരിക്ക് നീറുന്നുണ്ടെങ്കിലും അവനതിനു നിന്നുകൊടുത്തു…
ആ നീറ്റലിനെക്കാൾ ആയിരം മടങ്ങ് തേനവൾ പൊള്ളലിന് പുരട്ടുന്നപോലെ…..
“ഇനി പോവണ്ടട്ടോ…..”
“മ്മ്….ഇല്ല….”
“സത്യം ചെയ്യ്….” ചെറുതായി എങ്ങലടിച്ചു കൊണ്ട് അവൾ വലതുകൈ നീട്ടി…
“അങ്ങനൊന്നും ചെയ്യിപ്പിക്കല്ലേ പെണ്ണേ….ജീവിച്ചുപോണ്ടേ നമുക്ക്….”
“എനിക്ക് ജോലി കിട്ടട്ടെ….ഞാൻ നോക്കിക്കോളാം…ഇങ്ങനെ കഷ്ടപ്പെടാനൊന്നും വിടൂല….” ഹരിയ്ക്കത് കേട്ടപ്പോൾ ചിരി വന്നു….
“അതൊക്കെ നമുക്ക് പയ്യെ നോക്കാം….ഇപ്പോ ഞാനൊന്ന് കുളിക്കട്ടെ…” അമ്മുവിനെ വിട്ട് ഹരി അലമാരിക്കടുത്തേക്ക് നടന്നു….
