”നിനക്കെന്താടാ ഒരൂസം പോലും എന്റച്ഛന് പറഞ്ഞില്ലേൽ ഉറക്കം വരൂലേ….“
”ഇത്രക്കങ്ങട് സ്നേഹം ആരുന്നേൽ അങ്ങേരെന്തിനാടി പൂച്ചക്കുഞ്ഞിനെ കളയുന്ന ലാഘവത്തിൽ നിന്നെ തൂക്കികളഞ്ഞത്….“ അവൾക്ക് അച്ഛനോടുള്ള ഇഷ്ടത്തിൽ ഹരിയുടെ ഉള്ളിൽ എവിടെയോ ഒരു കുശുമ്പ് മണക്കുന്ന പോലെ…
”അതിലെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്കുണ്ടെടാ…അച്ഛനങ്ങനെ വെറുതേ ചെയ്യില്ലെന്നൊരു തോന്നൽ….പ്രകടിപ്പിച്ചില്ലേലും എന്നോട് സ്നേഹോക്കെ ഉണ്ടായിരുന്നു…പാവായിരുന്നു….“
”ഓഹ്ഹ്….എന്നാപ്പിന്നെ മിസ്റ്റേക്കൊക്കെ കണ്ടുപിടിച്ചിട്ട് ആ വഴിക്കങ്ങു പൊക്കോ….“
കുശുമ്പിന്റെ ബാക്കിയാ…
നെഞ്ചിൽ കിടന്നവളെ കുതറി ബെഡിൽ ചാടിച്ചിട്ട് അവനങ്ങ് കമിഴ്ന്നു കിടന്നു….
”ഇതാ പറഞ്ഞേ പൊട്ടനാന്ന്….“ അമ്മു വായ്പൊത്തി ചിരിച്ചു….
”എന്നാലേ ഓമൽ കണ്മണി അച്ഛനെ വിളിച്ചു കൂട്ടുകിടത്തിക്കോ ഞാനെണീച്ച് പോവാ….“ പറഞ്ഞെങ്കിലും എണീറ്റൊന്നും ഇല്ല….
അമ്മു അത് മൈൻഡ് ആക്കാതെ കമിഴ്ന്നു കിടക്കുന്നവന്റെ തോളിൽ കൈ തിരുകി തള്ളി ഉള്ളിലേക്ക് ദേഹം തിക്കികയറ്റാൻ നോക്കി…
ഹരി പിന്നധികം ബലം പിടിക്കാതെ ചെരിഞ്ഞു കിടന്നവളെ കൈക്കുള്ളിലാക്കി…
ഫോൺ എടുത്ത് നാലുമണിക്ക് അലാറം സെറ്റ് ചെയ്ത് തലയണക്ക് കീഴിലേക്ക് വച്ചു….
ഉറക്കം കണ്ണിലേക്കെത്തുന്നുണ്ട് അവന്…
”എന്തിനാടാ അലാം…“
”ഇവിടെ കിടന്ന് നേരം വെളുപ്പിച്ചാൽ അമ്മ രാവിലെ പൊക്കും….പയ്യെ അറിയിക്കാം…സമയം ആകട്ടെ….“
അമ്മു അതിനൊന്നു മൂളി അവനെയും തിരികെപുണർന്ന് കണ്ണടച്ചു….
പിറ്റേന്ന് രാവിലെ ചിന്നുവിന്റെ വീട്ടിലെ ബാത്രൂം ആണ് അവരെല്ലാവരും യൂസ് ചെയ്‌തത്….
മരം വെട്ടിമാറ്റാനും ഇടിഞ്ഞുപോയ കട്ട വെക്കാനും ഉള്ളതുകൊണ്ട് ഹരിയും അരുണും കല്യാണത്തിന് പോകുന്നില്ലെന്ന് വച്ചു…
ചിന്നുവിനെ ചാക്കിട്ട് പിടിച്ച് അവളെക്കൊണ്ട് കല്യാണത്തിന് പോകുന്നില്ലന്നു പറയിച്ചു..ചിന്നു ഇല്ലാത്തതുകൊണ്ട് മായ പിന്നമ്മുവിനെ നിർബന്ധിച്ചും ഇല്ല..
ക്ഷണിച്ച കല്യാണം അല്ലെ ആരും പോകാഞ്ഞാൽ എങ്ങനാന്നും പറഞ്ഞ് മായയും ലളിതമ്മയും കൂടെ പോയി വരാമെന്നു വച്ചു…
വുഡ് കട്ടർ റെന്റിന് എടുത്തുകൊണ്ടുവന്ന് ഹരിയും അരുണും കൂടെ മരം മുറിച്ചുമാറ്റി കൊമ്പെല്ലാം വെട്ടിയൊതുക്കി നീക്കിയിട്ടു…
പരിചയത്തിലുള്ളൊരു മേസ്തിരിയെ വിളിച്ചുകൊണ്ടുവന്നു ഇടിഞ്ഞുപോയ ഭാഗമെല്ലാം കട്ട വച്ചു കെട്ടിയെടുത്തു…
ഇത്രനാളും പാചകത്തിൽ a എന്ന അക്ഷരതിനപ്പുറം കടക്കാത്ത അമ്മു മായ ഉണ്ടാക്കി വെച്ചിട്ട് പോയതെല്ലാം എല്ലാവർക്കും വിളമ്പി കുടുംബിനി മോഹം അങ്ങ് സാക്ഷാൽകരിച്ചു…
ഇടയ്ക്കിടെ കിട്ടുന്ന ചിന്നുവിന്റെ ട്രോൾ കേട്ടില്ലെന്ന് നടിച്ചു…
അരുൺ പിന്നെ കഥ മൊത്തത്തിൽ അങ്ങ് അറിയാത്തത് കൊണ്ട് ഒട്ടൊരു അത്ഭുതത്തോടെയാണ് ഇരുവരെയും വീക്ഷിക്കുന്നത്…
അമ്മുവും ചിന്നുവും കൂടെ ഇലയെല്ലാം അടിച്ചുനീക്കി പുറകുവശം ക്ലീൻ ആക്കി…
കല്യാണത്തിനുപോയവർ തിരിച്ചെത്തിയപ്പോളേക്ക് മേസ്തിരിയുടെ പണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു…അതാ ചേട്ടനും തീർത്തു മടങ്ങി….
പൊട്ടിയ ക്ലോസെറ്റും ഷവറും മാറ്റിവെക്കാനുണ്ട് അത് പിറ്റേന്നത്തേക്കാക്കി….
“എന്നാലും കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടെന്ന് പറഞ്ഞപോലെ മാറിപോയല്ലോ ദൈവമേ…ഞാനൊരു വഴിപാട് നേർന്നിട്ടുണ്ട് ഉടനെ തന്നെ നടത്തിയേക്കാം….”
വൈകിട്ട് പണിയെല്ലാം കഴിഞ്ഞ് ചായ കുടിക്കുന്നതിനിടെ മായ പറഞ്ഞു…
അവർക്കിപ്പോളും ആ വിറയൽ അങ്ങു മാറിയിട്ടില്ല…
ഹരി ഒന്നും മിണ്ടാതെ ചായ മൊത്തുന്നുണ്ട്…
അമ്മു സ്നാക്‌സും കൊറിച്ചു പടിയിൽ ഇരിക്കുന്നു…
“ഈ വീടിന് മണ്ടേൽ എങ്ങാനും ആയിരുന്നേൽ എനിക്ക് ചിന്തിക്കാൻ കൂടെ വയ്യാ…എന്ത് ചെയ്തേനെ ഞാനും എന്റെ കുഞ്ഞുങ്ങളും….” മായാക്കിപ്പോളും അവനാ ചെറിയ അഞ്ച് വയസുകാരൻ ആണെന്ന ആകുലത തന്നെയാണ്….
