അമ്മു മധുരം എടുത്തു നീട്ടിയതാണെങ്കിലോ ഹരിക്കു നേർക്കും…..
സ്റ്റേജിനു മുന്നിൽ നിന്നൊരു കൂട്ടച്ചിരി ഉയർന്നു….
അവനൊരു നാണോമില്ലാതെ വാ തുറന്നതും അമ്മു സ്പൂണും ഇട്ട് എണീറ്റോരോട്ടം ആയിരുന്നു…
പരിപാടിക്കിടെ അരുണെന്തോ ആംഗ്യം കാണിച്ചു ഹരിയേ അപ്പുറത്തെ വീടിന്റെ സൈഡിലേക്ക് വിളിക്കുന്നത് കണ്ടു….
അവൻ പോയി കുറച്ച് കഴിഞ്ഞാണ് തിരികെ വരുന്നത്…
അവനെ തന്നേ നോക്കിനിന്ന അമ്മുവിന്റെ നേരെ നോക്കി ഇളിച്ച ആ വളിച്ച ഇളി കണ്ടതേ അടിക്കാനാണ് പോയതെന്ന് അമ്മുവിന് മനസ്സിലായി..മുഖം വെട്ടിച്ചു ഒരു കുട്ടയാക്കിയവൾ തിരിഞ്ഞിരുന്നു….
ചടങ്ങുകൾ കഴിഞ്ഞപ്പോളേക്കും ദീപുവും മറ്റും പോയി സ്പീക്കറിൽ ഡിജെ സോങ്‌സ് വച്ച് തുള്ളാൻ തുടങ്ങി…
ഹരിയും ഉണ്ട് കൂട്ടത്തിൽ….
ഇടയ്ക്ക് വരുന്ന ഡബിൾ മീനിങ് പോർഷന് പെയർ ആയി കൂടെ തുള്ളുന്ന അരുണിനെ നോക്കി എക്സ്പ്രഷൻ ഇട്ടു മെഴുകുന്നവനെ കണ്ട അമ്മു ചുറ്റും നോക്കി തൊലിയുരിഞ്ഞു തല താഴ്ത്തിയിരുന്നു…
“ഇതിനൊരു ചളിപ്പും ഇല്ലേ ഈശ്വരാ….”
ചിന്നു അവളടൊപ്പം ഒക്കെ ഇരുന്നെങ്കിലും അവൾക്കിഷ്ടപ്പെട്ട പാട്ട് വന്നപ്പോൾ നേരെ ആക്കൂട്ടത്തിലേക്ക് ചെന്നു കയറി….
ഹരി അമ്മുവിനോട് വരാനായി കണ്ണുകൊണ്ട് കാണിച്ചെങ്കിലും അമ്മു പോയില്ല…
അവൾക്കിതൊക്കെ ആദ്യ അനുഭവം ആണ്…
പാട്ടും കൂതും മേളവുമെല്ലാം കഴിഞ്ഞ് ഹരിയും ടീമും പതിയെ പന്തലിന്റെ അരികുപറ്റി പിന്നാമ്പുറത്തെ വേലിക്കലേക്ക് നടക്കുന്നത് കണ്ടാണ് ചിന്നു അമ്മുവിന്റെ അടുത്തേക്ക് വന്നത്….
മഴപെയ്യാനുള്ള കോള് കണ്ട് അകത്തേക്ക് നീക്കിയിട്ട കസേരകളിൽ ഒന്നിൽ ഇരുന്നു മറ്റൊന്നിലേക്ക് തല ചായ്ച്ചു കിടക്കുകയായിരുന്നു അമ്മു….
ചിന്നു അവളെ തോളിൽ തട്ടിവിളിച്ചെണീപ്പിച്ചു…
“ഡീ….അടുത്ത കലാപരിപാടിക്ക് പെട്രോളടിക്കാൻ ഹരിയേട്ടനും എന്റേട്ടനും ബാക്കിയുള്ള മുതലുകളും മുങ്ങീട്ടുണ്ട്…വേണേൽ ഇപ്പൊ പോയി പിടിച്ചോ…ഇല്ലേൽ കണവനിവിടെ കാവടി തുള്ളുന്നത് മോളു ലൈവ് ആയിട്ട് കാണണ്ട വരും….”
“ഇത്രേം നേരം പിന്നിവിടെ അങ്ങേര് ധ്യാനിക്കുവായിരുന്നല്ലോ….”
“അതൊക്കെ എന്ത്…..ഒരു കൊട്ടിക്കലാശം ബാക്കിയുണ്ട് മോളേ….പെറ്റ തള്ള സഹിക്കൂല….മൂക്കറ്റം കേറ്റീട്ട് വന്നിട്ട് ഒരു മുതുക്ക് കൂത്താട്ടം ഉണ്ടിവിടെ ഇനി…..ഇപ്പൊ പോയ റാണിയേച്ചിടെ വീടിന്റെ പിറകിലെ അലക്കുകല്ലിന്റെ മണ്ടേൽ കാണും എല്ലാം…ആ കുരിപ്പ് ദീപു അങ്ങോട്ടാ പോയേക്കണേ….“
ചിന്നു അവളെ പിടിച്ച് വലിച്ചു എണീപ്പിച്ചു….
അവൻ തുള്ളുന്നതിനോടൊന്നും അമ്മുവിന് വലിയ വിയോജിപ്പില്ല..പക്ഷെ വെള്ളമടിയുടെ കാര്യം കേട്ടതും എണീറ്റു…ഒറ്റക്ക് നടക്കാൻ പേടിയുള്ളത് കൊണ്ട് ചിന്നുവിനെയും കൂട്ടി കല്യാണ വീടിന്റെ പിന്നിലെ അതിരു കടന്ന് റാണിച്ചേച്ചിയുടെ വീടിന്റെ മുറ്റത്തെ ജാതി ചോട്ടിൽ നിന്നു….
പന്തലിനും പുറത്തുമുള്ള ട്യൂബിന്റെ വെട്ടം കുറച്ചൊക്കെ അടിക്കുന്നുണ്ട് അവിടേക്ക്…അവിടെ നിന്നു നോക്കിയാൽ ഓല കൊണ്ടു മറച്ച
ചിന്നു ഹരിയേ ശൂ ശൂ വിളിച്ച് അമ്മുവിനെ കാട്ടി അവളെ അവിടെ തന്നേ നിർത്തി അവിടന്ന് തിരികെ നടന്നു….
കയ്യിലിരുന്ന ഗ്ലാസ് അവൾക്കു പുറം തിരിഞ്ഞു കാണാതെ വായിലേക്ക് കമിഴ്ത്തി മുണ്ടിന്റെ തുമ്പ് കൊണ്ട് ചിറിയും തുടച്ച് അവൻ അടുത്തേക്ക് വന്നു…
“എന്താടി….ഹ്മ്മ്? ”
“നീയെന്താ ഇവിടേക്ക് വന്നേ…” അമ്മു അവന്റെ പിന്നിലേക്ക് ഒന്നു നോക്കി പിന്നെ മുഖത്ത് ദൃഷ്ടി പതിപ്പിച്ചു ചോദിച്ചു….
“അത് പിന്നെ ചെറുതായിട്ടൊന്ന്……. കൂടാൻ…” ആ ഇളി ഉണ്ട് മുഖത്ത്…
“അപ്പോ ഇത്രേം നേരം കൂടിയതോ…..” കയ്യും കെട്ടി ചോദ്യം ചെയ്യുന്ന ഭാവത്തിലാണ് നിൽപ്….
“എന്താണ് ഒരുമാതിരി ടിപ്പിക്കൽ ക്യാമുകി ആകാൻ ഉള്ള പ്ലാൻ ആണോ….” ഹരി അല്പം മുന്നോട്ടാഞ് ചോദിച്ചതും അമ്മു മദ്യത്തിന്റെ മണം കാരണം മൂക്കുചുളിച്ചു മുഖം തിരിച്ചു….
