“ദാ കൊണ്ടു വരുണു. നീ കൈ കഴുകി ഇരുന്നോ ആദി” അമ്മ അടുക്കളേന്ന് മറുപടി പറഞ്ഞു. ഡൈനിംഗ് ടേബിളിൽ ഞാൻ ഇരുന്ന പാടെ അമ്മ അടുക്കളയിൽ നിന്ന് ഒരു കാസറോൾ കൈയ്യിലേന്തി വേഗത്തിൽ എന്റെടുത്തേയ്ക്ക് പാഞ്ഞു വന്നു. ഒരു മഞ്ഞൾ നിറത്തിലുള്ള സാരിയാണ് അമ്മേടെ വേഷം. “നീ ഇന്ന് നേരത്തെയാണല്ലോ? രാവിലെ തന്നെ എങ്ങോട്ടെയ്ക്കാ പോകുന്നേ?” “എന്റെ ക്ലാസ്മേറ്റ് ശരണിന്റെ ചേട്ടൻറ കല്യാണമാ കൊടുങ്ങല്ലൂര് വച്ച്” ഞാൻ അപ്പോൾ വായിൽ വന്ന കള്ളം അമ്മ ചോദിച്ചതിനു മറുപടിയായി വച്ച് കാച്ചി. ” ഉം ” അമ്മ ഒന്ന് മൂളി കൊണ്ട് എന്റെ പ്ലേറ്റിലേയ്ക്ക് നല്ല ആവി പറക്കണ പുട്ടും കടലയും വിളമ്പി തന്നിട്ട് അടുക്കളയിലോട്ട് തന്നെ പോയി. പുട്ട് ഒരു വിധം കഴിച്ചെഴുന്നേറ്റ ഞാൻ കൈ കഴുകി കഴിഞ്ഞ് യാത്ര പറയാനായി അമ്മേനെ വിളിച്ചു അമ്മ അപ്പോൾ അടുക്കളയിൽ നിന്ന് ഉറക്കെ എന്നോട് പറഞ്ഞു ” ആദി എന്നാ നീ പൊയ്ക്കോ സൂക്ഷിച്ച് പോണെ ഡാ കൃഷ്ണ മാമയാ വിളിക്കുന്നെ നിന്നെ അന്വേഷിച്ചുട്ടോ അവനെന്ന്” പറഞ്ഞ് അമ്മ ഫോണിൽ സംസാരം തുടരുന്നത് ഞാൻ കേട്ടു. കൃഷ്ണ മാമാ അമ്മേടെ അനിയനാണ് കക്ഷിയ്ക്ക് ദുബായിൽ ബിസിനസ്സാണ് ഇടയ്ക്ക് അമ്മേനെ വിളിക്കാറുണ്ട്. ഇപ്പോ നാട്ടിലേക്കൊക്കെ വന്നിട്ട് 3 കൊല്ലം ആയിട്ടുണ്ട്. എന്നെ വല്യ കാര്യമാണ് കക്ഷിയ്ക്ക്. ഇപ്പോൾ നേരമില്ലാത്തത് കൊണ്ടാ അല്ലേൽ അമ്മേനെ വിളിക്കുമ്പോഴെല്ലാം ഞാൻ അമ്മേടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാറുണ്ട്. കാറിന്റ താക്കോലെടുത്ത് ചൂണ്ട് വിരലിൽ ഇട്ട് കറക്കി കൊണ്ട് ചൂളം അടിച്ച് കൊണ്ട് ഞാൻ ഉമ്മറത്തേയ്ക്കെത്തി. അപ്പോഴവിടെ എന്റെ പിതാശ്രീ കസേരയിലിരുന്ന് പേപ്പറ് വായിക്കുന്നുണ്ടായിരുന്നു പുള്ളിയെ കണ്ട മാത്രയിൽ കാറ് സഡൻ ബ്രേക്കിട്ട മാതിരി ഞാൻ ചൂളമടി നിർത്തിയിട്ട് ഉമ്മറത്തെ ഷൂ സ്റ്റാൻഡിൽ നിന്ന് ഷൂ എടുത്ത് കാലിൽ ഇടുന്നതിനിടെ അച്ഛൻ പേപ്പറിൽ നിന്ന് മുഖമുയർത്തി എന്നെയൊന്ന് നോക്കിയിട്ട് ചോദിച്ചു: “രാവിലെ തന്നെ നീ എങ്ങോട്ടെയ്ക്കാ ആദി?” “എന്റെ ക്ലാസ്സ്മേറ്റ് ശരണിന്റെ ചേട്ടന്റെ കല്യാണമാ അതിന് പോവ്വാ” ഞാൻ ഭവ്യതയിൽ അച്ഛനോട് പറഞ്ഞു. “നീ എങ്ങനെയാ പോകുന്നെ? നല്ല മഴയൊക്കെ വരാൻ പോകുന്നുണ്ടല്ലോ” മഴ മേഘങ്ങൾ മൂടി ചുറ്റിലും ഇരുട്ട് പരന്നത് കണ്ടാണ് അച്ഛൻ എന്നോട് ഇങ്ങനെ ചോദിച്ചത്. “കാറിനാ പോകുന്നത്. എന്റെ കൂടെ നിയാസും അമൃതുമൊക്കെ വരുന്നുണ്ട്” “ഉം… സൂക്ഷിച്ച് പോ അധികം സ്പീഡിൽ ഒന്നും പോകണ്ടാ” അച്ചൻ പേപ്പറിലേയ്ക്ക് വീണ്ടും ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു. “ശരി അച്ഛാ എന്നാ ഞാൻ ഇറങ്ങാണേ” അച്ഛനോട് യാത്ര പറഞ്ഞിട്ട് ഞാൻ വേഗം കാറിനടുത്തേയ്ക്ക് നീങ്ങി. കാർ സ്റ്റാർട്ട് ചെയ്ത് പോർച്ചിന് പുറത്തെത്തിയതോടെ മഴ തിമിർത്ത് പെയ്യാൻ തുടങ്ങി. ഗേറ്റിനു പുറത്തെത്തിയതോടെ
കാർ ഒന്ന് നിറുത്തിയിട്ട് ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു..
“മഴയേ മഴയേ മഴയേ..മഴയേ… മനസ്സിൽ മഷിയായുതിരും നിറമേ… ഉയിരിൻ തൂലികയിൽ… നിറയും പെൺ നിറമേ… നീ വെൺ പ്രാവായ് പാടും നീ നിറവേ നിറവേ… നീറും നോവിൽ പുൽകും തേൻ നിറമേ .. മഴയേ മഴയേ മഴയേ..മഴയേ… മനസ്സിൽ മഷിയായുതിരും നിറമേ”… പ്വഥിരാജിന്റെ ‘ജെയിംസ് ആൻഡ് ആലീസിലെ’ ഈ പാട്ട് പുറത്ത് കോരി ചൊരിഞ്ഞ് മഴ പെയ്ത് കൊണ്ടിരിക്കുന്നപ്പോൾ തന്നെ കേട്ടതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിന്റെ സൗണ്ട് കൂട്ടി വച്ചിട്ട് പറഞ്ഞു: ‘ആഹാ മഴയുടെ ഈ മൂഡിൽ വയ്ക്കാൻ പറ്റിയ പാട്ട്’ മഴയത്തൂടെ പാട്ടും കേട്ട് നല്ല മൂഡായി വണ്ടിയോടിച്ച് അങ്ങനെ പോകുമ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ ഞാൻ വണ്ടി സൈഡിലേയ്ക്കൊതുക്കിയിട്ട് ഫോൺ എടുത്ത് നോക്കി അപ്പോൾ ഡിസ്പ്ലയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു “അനു …. കോളിംഗ്” കോൾ എടുത്ത പാടെ മഴയുടെ ഇരമ്പൽ ശബ്ദമാണ് ആദ്യം കേട്ടത്. ഞാൻ ഹലോ പറഞ്ഞതോടെ അനു ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തുടങ്ങി. “ആദി… മഴ തുടങ്ങിയപ്പോ ഞാൻ നമ്മുടെ ജംഗ്ഷനിലുള്ള മാവേലി സ്റ്റോറിന്റെ മുൻപിൽ കേറി നിൽക്കുവാ ഭാഗ്യത്തിന് നനഞ്ഞില്ല. നീ വീട്ടിന്ന് ഇറങ്ങിയോ?” “അനു കുട്ടി ഞാൻ വീട്ടിൽ നിന്നിറങ്ങിയതേയുള്ളൂ. നീ അവിടെ തന്നെ നിൽക്ക് ഞാനിപ്പോ എത്താംന്ന്” പറഞ്ഞ് അവൾ വേറെ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ കോൾ കട്ടാക്കി കാറ് മുന്നോട്ടെടുത്തു ജംഗ്ഷനിലേയ്ക്ക് കാറ് എത്തിയതോടെ ഞാൻ പിന്നെ വേഗത കുറച്ച് ഡ്രൈവ് ചെയ്യാൻ തുടങ്ങി. ജംഗ്ഷനിൽ നിന്ന് വെറും 100 മീറ്റർ മാത്രമേ മാവേലി സ്റ്റോറിന്റെ മുന്നിലേക്കുള്ളൂ. അനൂന് ഞാൻ കാറിലാ വരുന്നതെന്ന് അറിയാത്തത് കൊണ്ട് അതൊന്നറിയിക്കാനായിട്ട് ഞാൻ കാറിന്റെ ഹെഡ് ലൈറ്റും എക്സ്ട്രാ ഫിറ്റ് ചെയ്തിരിക്കുന്ന LED ലൈറ്റുകളും ഫോഗ് ലാപും എല്ലാം ഒരുമിച്ച് തെളിയിച്ച് ഞാൻ കാറ് മാവേലി സ്റ്റോർ ലക്ഷ്യമാക്കി നീങ്ങി. മാവേലി സ്റ്റോറിന്റെ അടുത്തെത്തിയപ്പോ ഞാൻ കാറിൽ നിന്നു കണ്ടത് അനു അവിടെ വരാന്തയിൽ എന്നെയും പ്രതീക്ഷിച്ച് അക്ഷമയോടെ നിൽക്കുന്നതാണ്. ഒരു ചന്ദന കളർ അംബ്രല്ലാ കട്ടോടു കൂടിയ പാർട്ടി ഗൗണാണ് അവൾ ഇട്ടിരിക്കുന്നത്. ഞാൻ കാറിന്റെ ഹോൺ നീട്ടി അടിച്ച് ഹെഡ് ലൈറ്റൊന്ന് മിന്നി തെളിയിച്ച് കൊണ്ട് അനൂന്റെ അടുത്തേക്ക് കാറു മായി നീങ്ങി. എന്റെ കാറാണെന്ന് മനസ്സിലായതോടെ പെണ്ണിന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു. ഞാൻ വരാന്തയിലേക്ക് കാർ ഓടിച്ച് കേറ്റിയിട്ട് ഇടത്ത് ഭാഗത്തെ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട് പുഞ്ചിരി തൂകി കൊണ്ട് അനൂനെ വിളിച്ചു: “അനൂ കുട്ടി കേറെ ഡാ* എന്നെ നോക്കി അവൾ ആ പാൽ പല്ലുകൾ കാണിച്ച് ചിരിച്ച് കൊണ്ട് ഡോർ തുറന്ന് അവൾ കാറിൽ കേറി.
