കരിമ്പനകളുടെ തലപ്പുകളിലൂടെ പ്രഭാതത്തിന്റെ പൊൻവെയിൽ തറവാട്ടു മുറ്റത്തേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിരുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം കണ്ണുകളിൽ നേർത്തൊരു മയക്കം തങ്ങിനിന്നിരുന്നെങ്കിലും, എന്റെ ഉള്ളിൽ വലിയൊരു ഊർജ്ജം അലയടിക്കുന്നുണ്ടായിരുന്നു. എന്റെ പ്രാണനെ സ്വന്തമാക്കാൻ എന്റെ കുടുംബം ഈ പടിപ്പുര കടന്നുവരുന്ന ദിവസമാണ്.
പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് തറവാട്ടിന്റെ കൃത്യം ലൊക്കേഷൻ അയച്ചുകൊടുത്തു. നിമിഷങ്ങൾക്കകം ചേച്ചിയുടെ മറുപടി വന്നു.
”ഞങ്ങൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി. ടാക്സി വിളിച്ചിട്ടുണ്ട്, അധികം വൈകാതെ അവിടെയെത്തും.”
ആ വരികൾ വായിച്ചപ്പോൾ എന്റെ നെഞ്ചിലെ വലിയൊരു ഭാരമാണ് ഒഴിഞ്ഞുപോയത്. ഞാൻ വേഗം പോയി മുഖം കഴുകി വേഷം മാറി വന്നു. ഉമ്മറത്ത് അപ്പോഴും വലിയൊരു ഭയത്തിന്റെ നിഴൽ തങ്ങിനിന്നിരുന്നു. തലേദിവസം നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ നിന്നും ആരും പൂർണ്ണമായും മുക്തരായിരുന്നില്ല. എപ്പോഴാണ് ദേവൻ ഗുണ്ടകളുമായി വരിക എന്ന പേടി അവരുടെ മുഖത്തുണ്ടായിരുന്നു. മുത്തശ്ശനും, ഹരിനാരായണൻ അമ്മാവനും, ഇളയ അമ്മാവനായ ശ്രീനാരായണനും ഉമ്മറത്തെ തൂണുകൾക്കരികിൽ പരസ്പരം മിണ്ടാതെ നിൽപ്പുണ്ടായിരുന്നു. അവർക്കല്പം പിന്നിലായി നരച്ച മുടിയിഴകൾ ഒതുക്കിവെച്ച് ആധിയോടെ മുത്തശ്ശിയുമുണ്ട്. എന്നെ കണ്ടതും ഹരിനാരായണൻ അമ്മാവൻ എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും, പടിപ്പുരയ്ക്ക് പുറത്ത് ഒരു
വാഹനം വന്നുനിൽക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
ഒരു വെളുത്ത ടാക്സി കാർ പടിപ്പുരയ്ക്ക് മുന്നിൽ വന്നുനിന്നു. അതിൽ നിന്നും ആദ്യം ചേച്ചിയും, പിന്നാലെ അമ്മയും പുറത്തേക്കിറങ്ങി. ആ നിമിഷം, സകലതും മറന്ന് ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീഴാനാണ് എനിക്ക് തോന്നിയത്. ഇത്രയും നേരം ആർക്കും മുന്നിലും തളരാതെ ഞാൻ പിടിച്ചുനിന്ന എന്റെ ധൈര്യം മുഴുവൻ ആ വരവിലായിരുന്നു. ഞാൻ വേഗം പടിപ്പുര കടന്ന് അവരുടെ അടുത്തേക്ക് ചെന്ന.
”ആദീ…”
അമ്മ എന്റെ തോളിൽ കൈവെച്ചു.ആ മുഖത്ത് ഒരുപാട് നാളുകൾക്ക് ശേഷം വലിയൊരു ഗാംഭീര്യം ഞാൻ കണ്ടു.
”നീ വല്ലാതെ ക്ഷീണിച്ചല്ലോടാ…”
ചേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി അവരെയും കൂട്ടി മുറ്റത്തേക്ക് നടന്നു.
പടി കടന്ന് വരുന്ന അമ്മയെയും ചേച്ചിയെയും കണ്ട് ഉമ്മറത്ത് നിന്നിരുന്ന മുത്തശ്ശനും അമ്മാവൻമാരും പരസ്പരം നോക്കി. മുറ്റത്തെ കാൽപ്പെരുമാറ്റം കേട്ട് ഭദ്ര ആന്റിക്കൊപ്പം സാവിത്രി അമ്മായിയും വാതിൽക്കലേക്ക് വന്നിരുന്നു. അവരുടെയൊക്കെ പിന്നിലായി, പ്രതീക്ഷയും നാണവും കലർന്ന മുഖത്തോടെ എന്റെ പാർവണയും നിൽപ്പുണ്ട്.
ഉമ്മറത്തേക്ക് കയറിയ അമ്മ ആദ്യം തന്നെ മുത്തശ്ശന്റെയും അമ്മാവൻമാരുടെയും നേരെ കൈകൂപ്പി.
”നമസ്കാരം. ഞാൻ ആദിയുടെ അമ്മയാണ്. ഇത് അവന്റെ ചേച്ചി.”
അമ്മ വളരെ ശാന്തമായി, എന്നാൽ വലിയൊരു ആത്മവിശ്വാസത്തോടെ പറഞ്ഞു തുടങ്ങി.
“ഇന്നലെ ഇവിടെ നടന്ന കാര്യങ്ങളൊക്കെ അവൻ ഞങ്ങളെ വിളിച്ചറിയിച്ചിരുന്നു. പെട്ടെന്നൊരു ദിവസം ഇവിടെ വന്ന് അവൻ അങ്ങനെ ചിലതൊക്കെ ചെയ്തതിൽ നിങ്ങൾക്ക് വിഷമമുണ്ടായിരിക്കും. പക്ഷെ, ഒരു അമ്മ എന്ന നിലയിൽ എനിക്കവനെ തെറ്റുപറയാൻ കഴിയില്ല…”
ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും പരസ്പരം നോക്കി. ഒടുവിൽ ഹരിനാരായണൻ അമ്മാവൻ മുന്നോട്ട് വന്നു.
“വരൂ, വന്നിരിക്ക്…”
അമ്മാവൻ ഉമ്മറത്തെ കസേരകൾ ചൂണ്ടിക്കാണിച്ചു.
അമ്മയും ചേച്ചിയും കസേരകളിലേക്ക് ഇരുന്നു. ഞാൻ ഉമ്മറത്തെ മരത്തൂണും ചാരി നിന്നു.
”ഞങ്ങൾക്ക് ആരെയും ഭയപ്പെടുത്തി ഇതൊന്നും നേടിയെടുക്കണമെന്ന് യാതൊരു ആഗ്രഹവുമില്ല,”
അമ്മ മുത്തശ്ശനെ നോക്കിത്തന്നെ പറഞ്ഞു.
“പക്ഷെ, എന്റെ മോന് നിങ്ങളുടെ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ്. അവൾക്ക് അവനെയും. പിന്നെ ആ ദേവന്റെ കാര്യം… അവൻ വലിയ പ്രമാണിയായിരിക്കും, പക്ഷെ പെൺകുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി സ്വന്തമാക്കാൻ ഇത് പഴയ കാലമൊന്നുമല്ലല്ലോ. എന്റെ മോന്റെ കൂടെ ഈ ഞാനുണ്ട് പിന്നെ എന്തിനാ നിങ്ങൾ ഭയക്കുന്നത്?”
