അമ്മ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു.
അമ്മ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി.
മുറിയിലേക്ക് തിരികെ നടക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഓഫീസിൽ നിന്നായിരുന്നു വിളി. പാലക്കാട്ടേക്ക് പോകുന്നതിന് മുൻപ് ഞാൻ തീർക്കാനായി വെച്ചിരുന്ന ഒരു വലിയ ഡിസൈനിങ് പ്രൊജക്റ്റിന്റെ ഫയൽ പെൻഡിങ് ആണെന്നും, അത് ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണമെന്നും മാനേജർ ഓർമ്മിപ്പിച്ചു. എന്റെ പ്രാണന്റെ പാതിക്ക് കാവലിരിക്കാൻ പോകുന്നതിനിടയിൽ ഈ ജോലി ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിച്ചില്ല.
വേഗം ലാപ്ടോപ്പ് തുറന്ന് ആ ഫയലിലെ ബാക്കി ജോലികൾ തീർക്കാൻ തുടങ്ങി. ചിന്തകൾ മുഴുവൻ കരിമ്പനക്കാവിലെ ആ പഴയ തറവാട്ടിലായിരുന്നെങ്കിലും, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയോടെ ഞാൻ ആ വർക്കുകൾ പൂർത്തിയാക്കി ഓഫീസിലേക്ക് അയച്ചു കൊടുത്തു. ഒപ്പം, ഒഴിവാക്കാനാവാത്ത ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടെന്ന് കാണിച്ച് ഒരാഴ്ചത്തെ ലീവിനുള്ള അപേക്ഷയും ഞാൻ മാനേജർക്ക് മെയിൽ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ലീവ് അനുവദിച്ചുകൊണ്ടുള്ള മറുപടിയും വന്നു. ഇനി ഞാൻ സ്വതന്ത്രനാണ്.
വൈകുന്നേരമായപ്പോഴേക്കും വീട്ടിൽ വല്ലാത്തൊരു മൂകത പടർന്നിരുന്നു. മാഷിന്റെ മരണവും എന്റെയുള്ളിലെ ആധിയും കാരണം ആകെ ഒരു മരവിപ്പായിരുന്നു അവിടെ. ഉമ്മറത്തെ തിണ്ണയിൽ ശൂന്യതയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് ഉള്ളിൽ നിന്നും ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. ചേച്ചിയായിരുന്നു. അമ്മയാണ് ഫോണെടുത്തത്.
തുടക്കത്തിൽ മാഷിന്റെ മരണത്തെക്കുറിച്ചാണ് അവർ സംസാരിച്ചതെങ്കിലും, പെട്ടെന്ന് അമ്മയുടെ ശബ്ദം വല്ലാതെ താഴ്ന്നു. ഞാൻ പതുക്കെ വാതിൽക്കലേക്ക് നടന്നു. എന്റെ കാര്യം അമ്മ ചേച്ചിയോട് പറയുകയായിരുന്നു.
”അവനാകെ തകർന്നിരിക്കുവാ മോളെ…” അമ്മയുടെ ശബ്ദത്തിൽ വലിയൊരു ഭാരമുണ്ടായിരുന്നു. “അവന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. സച്ചുന്റെ കല്യാണത്തിന് വെച്ച് അവൻ കണ്ടതാ… പാലക്കാട്ടാ അവളുടെ വീട്. അതൊക്കെ വലിയൊരു കഥയാ. അവളില്ലാതെ അവന് പറ്റില്ലാന്ന്…”
മറുതലയ്ക്കൽ നിന്നും ചേച്ചി എന്തോ ചോദിച്ചപ്പോൾ അമ്മ ഒരു നെടുവീർപ്പോടെ ബാക്കി പറഞ്ഞു
“അവൾക്കും നമ്മുടെ ആദിയെ ജീവനാ.
പക്ഷെ ആ കുട്ടി അവിടെ ഒട്ടും സുരക്ഷിതയല്ല. അവിടുത്തെ ഏതോ ഒരു വലിയ പ്രമാണിയുടെ മകൻ ആ കുട്ടീടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാത്രേ. നമ്മുടെ ആദി അവനുമായിട്ട് അവിടെ പ്രശ്നമുണ്ടാക്കിയിട്ടാ ഇങ്ങോട്ട് പോന്നത്. ഇന്നലെ രാത്രി ആ കുട്ടി പേടിച്ച് അവനെ വിളിച്ചിരുന്നു. എന്റെ നെഞ്ചിൽ ഒരു തീയാ മോളെ… എന്തൊക്കെയോ വലിയ കുഴപ്പങ്ങൾ അവിടെ നടക്കുന്നുണ്ട്. അവനാണെങ്കിൽ നാളെ രാവിലെത്തന്നെ അങ്ങോട്ട് പോകാൻ നിൽക്കുവാ…”
അമ്മയുടെ വാക്കുകൾ കേട്ട് മറുതലയ്ക്കൽ ചേച്ചി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ആ വലിയ നിശബ്ദതയ്ക്ക് ശേഷം ചേച്ചി പറഞ്ഞു,
“അമ്മ ഫോൺ ആദിക്കൊന്ന് കൊടുത്തേ…”
അമ്മ എന്റെ നേരെ ഫോൺ നീട്ടി. ഞാൻ ഫോൺ കാതിലേക്ക് വെച്ചു.
”ചേച്ചീ…” എന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു.
”എന്തൊക്കെയാടാ ആദീ ഈ കേൾക്കുന്നേ?”
ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വിഷാദമുണ്ടായിരുന്നു. ഒരുപാട് സങ്കടവും അതിലേറെ പേടിയും കലർന്ന ഒരു സ്വരം.
“ഒറ്റയ്ക്ക് നീ ഇത്ര വലിയൊരു കാര്യം മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നോ? എന്നിട്ട് അവിടെപ്പോയി വഴക്കും ഉണ്ടാക്കി… നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?”
”എനിക്ക്… എനിക്ക് അവളെ ജീവനാ ചേച്ചീ. കൺമുന്നിൽ വെച്ച് അവനവളുടെ കയ്യിൽ കേറി പിടിച്ചപ്പോൾ എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല…”
തൊണ്ടയിലെ കുരുക്ക് കാരണം എനിക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല.
ചേച്ചി ഒരു വലിയ ശ്വാസമെടുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
”നീ നാളെ രാവിലെത്തന്നെ അങ്ങോട്ട് പോകുന്നുണ്ടല്ലോ അല്ലെ?”
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചി ചോദിച്ചു.
”ഉം…” ഞാൻ മൂളി.
