അമ്മയുടെ ആ വാക്കുകളിലെ ഉറപ്പ് അവിടെ നിന്നിരുന്ന ഓരോരുത്തരിലേക്കും പടരുന്നത് ഞാൻ കണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്തെ ആധി മാറി അവിടെ ചെറിയൊരു ആശ്വാസം തെളിഞ്ഞു. ശ്രീനാരായണൻ അമ്മാവൻ അത് ശരിയാണെന്ന മട്ടിൽ തലകുലുക്കി.
അമ്മ പതിയെ എഴുന്നേറ്റ് വാതിൽക്കൽ നിൽക്കുന്ന ഭദ്ര ആന്റിയെ നോക്കി. ഒരമ്മയ്ക്ക് മറ്റൊരു അമ്മയുടെ സങ്കടങ്ങൾ തിരിച്ചറിയാൻ ഒരു നോട്ടം മതിയല്ലോ.
സാവിത്രി അമ്മായി പതുക്കെ വഴിമാറിക്കൊടുത്തതും, അമ്മ ഭദ്ര ആന്റിയുടെ അടുത്തേക്ക് നടന്നുചെന്നു. അവരുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു
”ഭദ്രയല്ലേ…? ഒന്നും കൊണ്ടും പേടിക്കണ്ട. ഭദ്രയുടെ മകളെ ഈ വീട്ടിൽ നിന്നും എന്റെ സ്വന്തം മകളായിട്ട് തന്നെ ഞാൻ കൊണ്ടുപോകും. അതിനൊരു മാറ്റവുമില്ല.”
അത് കേട്ടതും ഭദ്ര ആന്റിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവർ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു. അമ്മയുടെ നോട്ടം പിന്നെ പോയത് ഭദ്ര ആന്റിയുടെ പിന്നിലൊളിച്ചു നിൽക്കുന്ന പാർവണയിലേക്കാണ്. നിലംപറ്റി നിൽക്കുന്ന ആ വലിയ നീലക്കണ്ണുകളിലേക്ക് അമ്മ വാത്സല്യത്തോടെ നോക്കി.
”മോളെ… ഇങ്ങോട്ട് വന്നേ…”
അമ്മയുടെ വിളി കേട്ട് അവൾ പതുക്കെ മുന്നോട്ട് വന്നു.
ഒരുപാട് കാലമായി താൻ ആഗ്രഹിച്ച ആ സുരക്ഷിതത്വം ആ അമ്മയുടെ മുഖത്ത് കണ്ടതുപോലെ, അവൾ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അമ്മ അവളെ ചേർത്തുപിടിച്ച് നെറുകയിൽ തലോടുമ്പോൾ, ചേച്ചി എന്റെ അരികിൽ വന്ന് നിശബ്ദമായി എന്റെ തോളിൽ തട്ടി. ഇരുണ്ടുനിന്നിരുന്ന ആ തറവാട്ടിലെ മുറ്റത്തേക്ക് വലിയൊരു പ്രകാശം പരക്കുന്നതുപോലെ എനിക്ക് തോന്നി.
അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുനിൽക്കുന്ന പാർവണയെ കണ്ട് ഉമ്മറത്തുള്ള എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ ഒരു നിമിഷം കൊണ്ട് ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന ഭയത്തിന്റെ കാർമേഘങ്ങൾ പതുക്കെ ഒഴിഞ്ഞുമാറുന്നത് എനിക്ക് കാണാമായിരുന്നു.
എന്റെ തോളിൽ തട്ടിയിട്ട്, ചേച്ചി പതുക്കെ മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറി മുത്തശ്ശന്റെയും അമ്മാവൻമാരുടെയും അടുത്തേക്ക് ചെന്നു.
”മുത്തശ്ശനും അമ്മാവൻമാരും ഒന്നും വിചാരിക്കരുത്…”
ചേച്ചി വളരെ വിനയത്തോടെ, എന്നാൽ എല്ലാവർക്കും കേൾക്കാൻ പാകത്തിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“ഇന്നലെ ആദി പെട്ടെന്ന് വന്ന് ഇവിടെ പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ നിങ്ങളെല്ലാവരും വല്ലാതെ ഭയന്നിട്ടുണ്ടാകും. അവൻ കുറച്ചു മുൻകോപിയാ… പക്ഷെ, അവന് ഈ കുട്ടിയോടുള്ള ഇഷ്ടം സത്യമാണ്. ഇവളെ അവന് അത്രയ്ക്ക് ജീവനാണ്. അതുകൊണ്ടാ അവൻ എടുത്തുചാടി ഓരോന്ന് ചെയ്തത്.”
ഹരിനാരായണൻ അമ്മാവൻ ഒരു വലിയ നെടുവീർപ്പോടെ ചേച്ചിയെ നോക്കി.
”അതല്ല മോളെ…”
അമ്മാവന്റെ ശബ്ദത്തിൽ വലിയൊരു നിസ്സഹായത ഉണ്ടായിരുന്നു.
“ഈ നാട്ടിലെ കാര്യങ്ങൾ നിങ്ങൾക്ക് മുഴുവനായും അറിയില്ല. ആ ദേവന്റെ അച്ഛൻ ഇവിടുത്തെ വലിയൊരു പ്രമാണിയാണ്. അവൻ വലിയൊരു ഗുണ്ടയും. അവർ വിചാരിച്ചാൽ ഇവിടെ എന്തും നടക്കും. രാഷ്ട്രീയത്തിലും പോലീസിലുമൊക്കെ അവർക്ക് വലിയ സ്വാധീനമുണ്ട്. ഇന്നലെ ഇവിടെ നടന്നതൊന്നും അവൻ അങ്ങനെ എളുപ്പം മറക്കില്ല. എപ്പോഴാ അവർ വണ്ടി കയറി വരിക എന്നോർത്ത് ഈ തറവാട്ടിലുള്ളവർക്ക് ഇന്നലെ രാത്രി ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള അവന്മാരോടാ ഈ മോൻ…”
അമ്മാവൻ എന്നെ നോക്കി വാചകം പൂർത്തിയാക്കാതെ നിർത്തി.
ചേച്ചി വളരെ ശാന്തമായി ഒന്ന് ചിരിച്ചു. ആ ചിരിയിൽ വലിയൊരു ആത്മവിശ്വാസമുണ്ടായിരുന്നു.
”അതൊക്കെ ഞങ്ങൾക്കറിയാം അമ്മാവാ. അവൻ ഗുണ്ടയാണെന്നും
പറഞ്ഞ്, പേടിച്ച് ഒരു പെൺകുട്ടിയെ അവരുടെ മുന്നിൽ ബലിക്കല്ലിൽ വെച്ചുകൊടുക്കാൻ പറ്റില്ലല്ലോ”
ചേച്ചിയുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു.
“ഞങ്ങൾ തിരുവനന്തപുരത്തുനിന്നും ഇത്രയും ദൂരം വണ്ടി കയറി വന്നത് ഈ പറഞ്ഞ ഗുണ്ടകളെ പേടിച്ചിട്ടല്ല. നിയമവും പോലീസും അവർക്ക് മാത്രമുള്ളതൊന്നും അല്ലല്ലോ. അവൻ ഗുണ്ടയാണെങ്കിൽ, നമ്മൾക്ക് നമ്മുടേതായ രീതിയിൽ അവനെ നേരിടാം. പക്ഷെ അതിന്റെ പേരിൽ ഈ കുട്ടിയെ നമ്മൾക്ക് കൈവിടാൻ കഴിയില്ല. ഇവളെ ഞങ്ങളുടെ കുട്ടിയായിട്ട് കൊണ്ടുപോകാൻ തന്നെയാണ് ഞങ്ങൾ വന്നത്.”
