പാർവണം – 3 1അടിപൊളി  

​എന്റെ ആ വാക്കുകളിലെ സത്യസന്ധതയും ഉറപ്പും കണ്ട് അമ്മാവനും മുത്തശ്ശനും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. അമ്മായിമാരുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. എന്നാൽ പാർവണയുടെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഞാൻ തിരിഞ്ഞ് പാർവണയെ നോക്കി. അവളുടെ ആ വലിയ നീലക്കണ്ണുകളിൽ അതുവരെ ഉണ്ടായിരുന്ന ഭയം മുഴുവൻ മാറി, പകരം ലോകം മുഴുവൻ കീഴടക്കിയ ഒരു വലിയ സന്തോഷവും എന്നോടുള്ള പ്രണയവും നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു..

പകലിന്റെ കോലാഹലങ്ങൾക്കും പേടിപ്പെടുത്തുന്ന ബഹളങ്ങൾക്കും ശേഷം കരിമ്പനക്കാവിൽ രാത്രിയുടെ കനത്ത നിശബ്ദത പടർന്നു. തറവാട്ടിലെ ഇരുണ്ട മുറികളിൽ എല്ലാവരും ഉറക്കത്തിലേക്ക് വീണിരുന്നെങ്കിലും, എന്റെ കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. ഉമ്മറത്തെ മരത്തൂണുംചാരി, പുറത്തെ നിലാവിലേക്ക് നോക്കി ഞാൻ ഇരുന്നു. എന്റെ പെണ്ണിന് ആരും കാണാത്തൊരു കാവലാളായി.

​വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. പാർവണയുടെ അമ്മ, ഭദ്ര ആന്റിയായിരുന്നു അത്. ആ മുഖത്ത് ഒരുപാട് നാളായി അടക്കിവെച്ച സങ്കടങ്ങളുടെ നനവുണ്ടായിരുന്നു. അവർ എന്റെ അടുത്തേക്ക്

വന്ന്, ആരും കേൾക്കാതെ പതുക്കെ പറഞ്ഞു

​”എന്റെ കുട്ടീടെ ഭാഗ്യമാ നീ… ഈ വലിയ തറവാട്ടിൽ അവൾക്ക് വേണ്ടി ഒരക്ഷരം സംസാരിക്കാൻ ആരുമില്ലാതെ പോയല്ലോ എന്ന് ഓർത്ത് ഞാൻ ഈ ഭിത്തികൾക്കുള്ളിലിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്ന് ഉമ്മറത്തുവെച്ച് ആ അഹങ്കാരികളുടെ മുന്നിൽ നീ എന്റെ മോളെ നെഞ്ചോട് ചേർത്തപ്പോൾ… ഈ അമ്മയുടെ പാതിജീവൻ തിരിച്ചുകിട്ടിയതാ ആദീ…”

അവരുടെ കണ്ണുനീർ എന്റെ കൈത്തണ്ടയിൽ വീണു.

​”ആന്റി ഒന്നുംകൊണ്ടും പേടിക്കണ്ട…”

ഞാൻ അവരുടെ കൈകൾ ചേർത്തുപിടിച്ചു.

“നാളെ എന്റെ അമ്മയും ചേച്ചിയും വരും. ദേവന്റെയല്ല, ലോകത്ത് ആരുടെ മുന്നിലും എന്റെ പാർവണയെ ഞാൻ തനിച്ചാക്കില്ല.”

ആ അമ്മയുടെ മുഖത്ത് വലിയൊരു ആശ്വാസം വിടരുന്നത് ആ ഇരുട്ടിലും എനിക്ക്

കാണാമായിരുന്നു. എന്നെ വാത്സല്യത്തോടെ ഒന്ന് തലോടിയിട്ട് അവർ അകത്തേക്ക് പോയി.

​രാത്രിക്ക് വല്ലാതെ തണുപ്പേറുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പടിവാതിൽക്കൽ പതുങ്ങിയുള്ള ആ കാൽപ്പെരുമാറ്റം ഞാൻ കേട്ടത്. പാവാടത്തുമ്പും പിടിച്ച്, വാതിൽക്കൽ പകുതി മറഞ്ഞ് അവൾ നിൽക്കുന്നു. പാൽനിലാവിന്റെ വെളിച്ചത്തിൽ, മഞ്ഞേറ്റു നിൽക്കുന്ന ഒരു പിച്ചകപ്പൂവ് പോലെ തോന്നി എന്റെ പാർവണയെ. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

​”ഉറങ്ങീലെ ആദീ…”

അവളുടെ

സ്വരം നേർത്തിരുന്നു.

​”എന്റെ പെണ്ണിന് കാവലിരിക്കുമ്പോൾ എനിക്ക് എങ്ങനെയാ ഉറക്കം വരിക?”

ഞാൻ കുസൃതിയോടെ ചോദിച്ചു.

​അവൾ പതുക്കെ ഉമ്മറത്തെ തിണ്ണയിലേക്ക് ഇരുന്നു. ഞാൻ അവളുടെ അടുത്തായി ഇരുന്നപ്പോൾ, ആ നനുത്ത വിരലുകൾ എന്റെ കൈകളെ മുറുകെ പൊതിഞ്ഞു. ആ കൈകൾ വല്ലാതെ തണുത്തിരുന്നു.

​”എനിക്ക് വല്ലാണ്ട് പേടിയാവ്ണ് ട്ടോ ആദീ…”

അവൾ എന്റെ തോളിലേക്ക് ചാഞ്ഞു.

“ആ ദേവനെ എനിക്ക് ജീവൻ പോണ പേടിയാ… അവനെന്തെങ്കിലും ചെയ്യോ? എന്റെ ആദീനെ അവന്മാരെങ്ങാനും ഉപദ്രവിക്കോന്ന് ഓർക്കുമ്പോ എന്റെ നെഞ്ചിടിപ്പ് കൂട്വാ…”

ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

“ഒന്നും ചെയ്യില്ലെന്റെ പാർവണേ… ഈ നെഞ്ചിടിപ്പ് കേൾക്കുന്നുണ്ടോ നീ? ഇത് നിലയ്ക്കുന്നതുവരെ ഒരുത്തനും നിന്നെ തൊടില്ല.”

​അവൾ മുഖമുയർത്തി എന്നെ നോക്കി. ആ വലിയ നീലക്കണ്ണുകളിൽ നിലാവിന്റെ വെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഇന്ന് പകല് ആദീടെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞീലേ… അപ്പഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഈ ഭൂമീല് എനിക്കേറ്റവും സുരക്ഷിതമായ ഇടം ഇതാണെന്ന് എനിക്കപ്പഴാ

തോന്നീത്…”

അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. മുറ്റത്തെ കരിമ്പനകളുടെ തലപ്പുകളിലൂടെ ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകിക്കടന്നുപോയി. അവളുടെ മുടിയിഴകളിലെ തുളസിക്കതിരിന്റെ ഗന്ധം എന്നിലേക്ക് പടർന്നു. ഭയത്തിന്റെ വലിയൊരു പകലിൽ നിന്നും, പ്രണയത്തിന്റെ ആശ്വാസം നിറഞ്ഞ ഒരു രാത്രിയിലേക്ക് ഞങ്ങൾ പതുക്കെ ഒഴുകുകയായിരുന്നു. നാളത്തെ പ്രഭാതത്തിൽ എന്റെ അമ്മയും ചേച്ചിയും അവളെ തേടി ഈ പടിപ്പുര കടന്നുവരുമെന്ന വലിയൊരു പ്രതീക്ഷയോടെ, ആ നിലാവിനെ സാക്ഷിയാക്കി ഞാൻ അവൾക്ക് കാവലിരുന്നു..

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *