പാർവണം – 3 1അടിപൊളി  

സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും വല്ലാത്തൊരു ശൂന്യതയിലേക്ക് വീണതുപോലെ എനിക്ക് തോന്നി.ജീവനുതുല്യം സ്നേഹിക്കുന്നവളെ സ്വന്തമാക്കിയതിന്റെ പിറ്റേന്ന് തന്നെ അവളിൽ നിന്നകന്നു പോകേണ്ടി വരിക!

​മനസ്സില്ലാമനസ്സോടെ ഞാൻ സാധനങ്ങളെല്ലാം ബാഗിലാക്കി ഉമ്മറത്തേക്ക് വന്നു. വിവരമറിഞ്ഞ് മുത്തശ്ശനും മുത്തശ്ശിയും പാർവണയുടെ അമ്മയും, പിന്നെ രമ അമ്മായിയും സാവിത്രി അമ്മായിയും

അവിടെ നിൽപ്പുമുണ്ടായിരുന്നു.

എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു സങ്കടം.

​”അയ്യോ, വല്ലാത്ത കഷ്ടമായിപ്പോയല്ലോ കുട്ടീ… ഈ മരണമൊക്കെ ആർക്കാ എപ്പഴാ വരിക എന്ന് പറയാൻ പറ്റില്ലല്ലോ. നീ ധൈര്യമായിട്ട് പോയിട്ട് വാ…”

മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു.

“ഉച്ചക്കത്തെ ഊണെങ്കിലും കഴിച്ചിട്ട് പോകാമായിരുന്നു ആദീ… സങ്കടം കൊണ്ടാണെങ്കിലും യാത്ര ചെയ്യുമ്പോ വയറ്റിൽ എന്തെങ്കിലും കിടക്കണ്ടേ.”

പാർവണയുടെ അമ്മയുടെ വാക്കുകളിൽ സ്വന്തം മകനോടുള്ളതുപോലെയുള്ള വാത്സല്യമുണ്ടായിരുന്നു.

​”പെട്ടെന്നിങ്ങനെ പോവേണ്ടി വന്നല്ലോ കുട്ടിക്ക്… എപ്പോഴായാലും വാസ്തു പഠിക്കാൻ ഇനിയും ഇങ്ങോട്ട് തന്നെ വരണം ട്ടോ…” സാവിത്രി അമ്മായിയും രമ അമ്മായിയും ഒരേ സ്വരത്തിൽ പറഞ്ഞു.

​”ഇനി എപ്പഴാ ആദി ഇങ്ങോട്ട് തിരിച്ചു വരിക? അതോ പഠിത്തം ഒക്കെ ഇതോടെ കഴിഞ്ഞോ?”

മുത്തശ്ശൻ വലിയൊരു സ്നേഹത്തോടെ ചോദിച്ചു.

​ഇത്രയും പേർക്കിടയിലും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെയാണ്. വാതിൽപ്പടിക്ക് മറവിൽ, എന്നെത്തന്നെ നോക്കി നിൽക്കുന്ന ആ നീലക്കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞുതുളുമ്പാൻ തുടങ്ങിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽ വെച്ച് കരയാതിരിക്കാൻ അവൾ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ തലയുയർത്തി വാതിൽപ്പടിയിലെ ആ നനഞ്ഞ കണ്ണുകളിലേക്ക് ഒന്ന് നോക്കി. എന്നിട്ട് മുത്തശ്ശന് മറുപടി നൽകി.

“ഇല്ല മുത്തശ്ശാ… എന്റെ പഠിത്തം ഇവിടെ കഴിഞ്ഞിട്ടില്ലല്ലോ. ഈ തറവാടിനെക്കുറിച്ചും ഇവിടുത്തെ വാസ്തുവിദ്യയെക്കുറിച്ചും എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ട് ഞാൻ എന്തായാലും തിരിച്ചു വരും.ചിലപ്പോൾ എല്ലാവരും സന്തോഷിക്കുന്ന, ഇതിലും മനോഹരമായ മറ്റൊരു മുഹൂർത്തത്തിന് വേണ്ടിയായിരിക്കും ഞാൻ ഇനി ഇങ്ങോട്ട് വരിക…”

​എന്റെ ആ വാക്കുകളിലെ ഒളിയർത്ഥം പാർവണയ്ക്ക് കൃത്യമായി മനസ്സിലായിരുന്നു. സങ്കടത്തിനിടയിലും അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസവും നാണവും മിന്നിമറഞ്ഞു.

​റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോ വരാൻ ഇനിയും അല്പം സമയമുണ്ട്.കുടിക്കാൻ കുറച്ചു വെള്ളം എടുക്കാനെന്ന വ്യാജേന ഞാൻ അകത്തെ ഇടനാഴിയിലേക്ക് മാറി.

പ്രതീക്ഷിച്ചതുപോലെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്ന് എന്റെ ഷർട്ടിന്റെ കൈകളിൽ മുറുകെ

പിടിച്ചു. ആ വിരലുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

​”എനിക്ക്… എനിക്ക് പേടിയാവാ ആദീ… പെട്ടെന്ന് ഇങ്ങനെ പോവുമ്പോ… ഇനി എന്നാ വരിക…”

അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. രണ്ട് തുള്ളി കണ്ണുനീർ ആ കവിളിലൂടെ താഴേക്ക് വീണു.

​ഞാൻ ചുറ്റുമൊന്ന് നോക്കിയിട്ട്, പെട്ടെന്ന് അവളുടെ ആ നനഞ്ഞ കവിളിൽ എന്റെ ചുണ്ടുകൾ അമർത്തി. പിന്നെ ആ കാതോരം പതുക്കെ പറഞ്ഞു.

​”കരയാതിരിക്ക് എന്റെ പെണ്ണെ… ഈ പോക്ക് നിന്നെ എന്നെന്നേക്കുമായി എനിക്ക് സ്വന്തമാക്കാൻ വേണ്ടിയിട്ടുള്ളതാ.നമ്മുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കാൻ ഞാൻ വേഗം വരും. ഈ തറവാടിന്റെ പടിയിറങ്ങി പോവുന്നത് ഒരു ഡിസൈൻ നോക്കാൻ വന്ന എഞ്ചിനീയർ ആണെങ്കിൽ, ഇനി ഈ പടികയറി വരുന്നത്

നിന്നെ സ്വന്തമാക്കാൻ വരുന്ന നിന്റെ സ്വന്തം ആദിയായിരിക്കും.എന്റെ കുട്ടി ധൈര്യമായിട്ടിരിക്ക്.”

​അതുകേട്ടപ്പോൾ കണ്ണീരോടെ അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

​”വേഗം വരണേ…നിന്റെ ജീവൻ ഇവിടെയാന്ന് ഓർമ്മ വേണം…”

അവൾ പതുക്കെ മന്ത്രിച്ചു.

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *