പാർവണം – 3 1അടിപൊളി  

​”ഇനി നീയും ഈ കുടുംബവും ഒന്നുംകൊണ്ടും പേടിക്കണ്ട ആദീ…”

അമ്മാവന്റെ ശബ്ദത്തിൽ വലിയൊരു ഗാംഭീര്യം ഉണ്ടായിരുന്നു.

“പട്ടപ്പകൽ ടൗണിന്റെ നടുവിൽ വെച്ചാണ് അവൻ നിന്നെ പിന്നിൽ നിന്ന് കുത്തിയത്. ചോര വാർന്നു കിടക്കുന്ന നിന്നെ കണ്ടിട്ടും പോലീസിൽ പരാതി കൊടുക്കാൻ ഞങ്ങൾക്ക് ആദ്യം പേടിയായിരുന്നു. പക്ഷെ പിന്നെ തോന്നി, നിന്നെപ്പോലൊരു ചെറുപ്പക്കാരൻ ഞങ്ങളുടെ കുട്ടിക്ക് വേണ്ടി ഇത്രയും ചെയ്തപ്പോൾ മാറിനിൽക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല എന്ന്. ഞങ്ങൾ നേരെ സ്റ്റേഷനിൽ പോയി പരാതി കൊടുത്തു.”

​ശ്രീനാരായണൻ അമ്മാവൻ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു,”കണ്ടുനിന്നവരും ഒപ്പം നിന്നതോടെ അവനെ പോലീസുകാർ പൊക്കി. വധശ്രമത്തിനാ കേസ്. ആ പ്രമാണിയായ അച്ഛന്റെ സ്വാധീനമൊന്നും ഇത്തവണ വിലപ്പോയില്ല. എല്ലാത്തിനും കൂട്ടുനിന്ന ഗുണ്ടകളെയും പോലീസ് പിടിച്ചിട്ടുണ്ട്. ഇനി അവൻ ആ ജയിലിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് കാലമെടുക്കും. എന്റെ കുട്ടികളെ സംരക്ഷിക്കാൻ എനിക്കിനി ആരെയും പേടിക്കേണ്ട ആവശ്യമില്ല. ആ ധൈര്യം ഞങ്ങൾക്ക് തന്നത് നീയാ…”

​ആ വാക്കുകൾ കേട്ടപ്പോൾ വേദനകൾക്കിടയിലും എന്റെ ചുണ്ടിൽ നേരിയൊരു ചിരി വിടർന്നു. എന്നെയും എന്റെ പെണ്ണിനെയും കാർന്നുതിന്നാൻ വന്ന ഇരുട്ട് എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരിക്കുന്നു. അമ്മയുടെ നെഞ്ചോട് ചേർന്നുനിന്ന് എന്നെത്തന്നെ നോക്കുന്ന എന്റെ പാർവണയുടെ കണ്ണുകളിൽ, പുതിയൊരു പ്രഭാതത്തിന്റെ എല്ലാ പ്രകാശവും എനിക്ക് കാണാമായിരുന്നു. മരുന്നുകളുടെ മണമുള്ള ആ ആശുപത്രി മുറിക്കുള്ളിലും വല്ലാത്തൊരു സമാധാനം പൂത്തുനിൽക്കുന്നുണ്ടായിരുന്നു…

ഐ.സി.യുവിന്റെ തണുപ്പിൽ നിന്നും എന്നെ വാർഡിലേക്ക് മാറ്റിയിട്ട് രണ്ടു ദിവസമായിരുന്നു. ജനാലയ്ക്കപ്പുറം പാലക്കാടൻ കാറ്റിനൊപ്പം മരച്ചില്ലകൾ ഇളകുന്ന ശബ്ദം മുറിയിലേക്ക് വരുന്നുണ്ട്. കുത്തേറ്റ ഭാഗത്തെ

വേദനയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും, അനങ്ങുമ്പോൾ നെഞ്ചിലൊരു പിടുത്തമുണ്ട്.

​വാതിൽക്കൽ ചെറിയൊരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ കണ്ണുകൾ പതുക്കെ തുറന്നു. കയ്യിലൊരു സ്റ്റീൽ പാത്രവുമായി എന്റെ പാർവണ നിൽക്കുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം ആ കണ്ണുകൾ വല്ലാതെ ക്ഷീണിച്ചിരുന്നെങ്കിലും, ചുണ്ടിൽ എന്നെ നോക്കിയുള്ള ആ പഴയ കുസൃതിച്ചിരി തിരികെ വന്നിരുന്നു.

​കട്ടിലിൽ നിന്നും എഴുന്നേറ്റിരിക്കാൻ ഞാൻ പതുക്കെ ഒന്ന് ശ്രമിച്ചതും, പാത്രം മേശപ്പുറത്ത് വെച്ച് അവൾ വേഗം എന്റെ അടുത്തേക്ക് ഓടിവന്നു.

​”അനങ്ങല്ലേ ട്ടോ… ഞാൻ പിടിക്കാം…”

എന്ന് പറഞ്ഞ് അവൾ വളരെ പതുക്കെ എന്റെ തോളിലൂടെ കൈയിട്ട് എന്നെ എഴുന്നേൽപ്പിച്ച് തലയിണ ചാരി ഇരുത്തി.

അവളുടെ മുഖം എന്റെ മുഖത്തിനോട് ചേർന്നുനിന്ന ആ നിമിഷം, ആ ശ്വാസത്തിന്റെ ചൂട് എന്റെ മുഖത്തേക്കാണ് വീണത്.

​”എന്താ അതിൽ?”

മേശപ്പുറത്തെ പാത്രത്തിലേക്ക് നോക്കി ഞാൻ ചോദിച്ചു.

​”കഞ്ഞിയാ… അമ്മേണ്ടാക്കിയതാ… ഈ മുറിവൊക്കെ വേഗം കരിയാൻ ഇതാ നല്ലത്ന്ന് അമ്മ പറഞ്ഞൂ…”

അവൾ പാത്രത്തിന്റെ മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതിൽ നിന്നും നല്ല ചൂട് ആവിയും ജീരകം വറുത്തിട്ടതിന്റെ മണവും മുറിയിലേക്ക് പടർന്നു.

​”കഞ്ഞീടെ കൂടെ വേറെന്താ? അച്ചാറുണ്ടോ?”

ഞാൻ വെറുതെ ചോദിച്ചു.

​അവൾ എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണുരുട്ടി.

“ഏയ് അച്ചാറൊന്നും ഇല്ല്യ, ആദിക്ക് അച്ചാർ ഇഷ്ടല്ല്യല്ലോ… പിന്നെ ഇപ്പൊ എവിടുന്നാ ഒരു അച്ചാർ പ്രേമം? അതൊന്നും ഇപ്പൊ കഴിക്ക്യേം വേണ്ട…”

​അവൾ കസേര വലിച്ച് എന്റെ കട്ടിലിനോട് ചേർന്നിരുന്ന്, കപ്പിലേക്ക് കഞ്ഞി പകർന്നു. എന്നിട്ട് സ്പൂണിൽ കോരി, ചൂടാറാൻ വേണ്ടി പതുക്കെ ഊതി എന്റെ ചുണ്ടിലേക്ക് നീട്ടി. ഞാൻ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു. ആ കണ്ണുകളിൽ എന്നെ നഷ്ടപ്പെടുമോ എന്ന ഭയമില്ല ഇപ്പോൾ, പകരം എന്നെ അവൾക്ക് തിരികെ കിട്ടിയതിന്റെ വലിയൊരു ആശ്വാസമാണ്.

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *