പാർവണം – 3 1അടിപൊളി  

​മുറ്റത്തെ കരിമ്പനകൾക്കിടയിലൂടെ അമ്പലത്തിലേക്കുള്ള ഇടവഴിയിലേക്ക് ഞങ്ങൾ നടന്നിറങ്ങി. അമ്പലമുറ്റത്ത് എത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു.

കൽവിളക്കുകളിൽ മുഴുവൻ ദീപം തെളിയിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെയും ശംഖ് വിളിയുടെയും ശബ്ദങ്ങൾക്കിടയിൽ ആ അന്തരീക്ഷത്തിന് വല്ലാത്തൊരു പരിശുദ്ധിയുണ്ടായിരുന്നു.

​ദീപാരാധന തൊഴുതു കഴിഞ്ഞപ്പോൾ, ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ചേർന്ന് അമ്പലത്തിലെ ജ്യോത്സ്യന്റെ അടുത്തേക്ക് പോയി. അമ്മാവന്റെ കയ്യിൽ ഞങ്ങളുടെ രണ്ടുപേരുടെയും ജാതകക്കുറിപ്പുകൾ ഉണ്ടായിരുന്നു. മുറ്റത്തെ ആൽത്തറയിലിരുന്ന് ജ്യോത്സ്യൻ കവടി നിരത്തി ജാതകം നോക്കാൻ തുടങ്ങി. അമ്മയും ചേച്ചിയും അമ്മായിമാരും വലിയ പ്രതീക്ഷയോടെ അതിന് ചുറ്റും നിന്നു. പാർവണ എന്റെ പിന്നിലായി, ചെറിയൊരു നെഞ്ചിടിപ്പോടെ നിൽപ്പുണ്ടായിരുന്നു.

​ജാതകം നോക്കിക്കഴിഞ്ഞതും ജ്യോത്സ്യന്റെ മുഖത്ത് വലിയൊരു വിസ്മയം വിടർന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് അമ്മാവനെ നോക്കി പറഞ്ഞു.

“എന്താ ഹരിനാരായണാ ഇതിൽ നോക്കാൻ ഇരിക്കുന്നത്? പത്തിൽ പത്തു പൊരുത്തം! ഇത് ഈശ്വരൻ നേരത്തെ നിശ്ചയിച്ചതാ… ഇവരെ തമ്മിൽ പിരിക്കാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല. ഈ പെൺകുട്ടിക്ക് ഏറ്റവും വലിയ കാവൽ ഈ ചെറുപ്പക്കാരനാണ്. എത്രയും വേഗം മംഗല്യം നടത്താം.”

ജ്യോത്സ്യന്റെ ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെയും ഭദ്ര ആന്റിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. മുത്തശ്ശനും അമ്മാവൻമാരും വലിയൊരു ആശ്വാസത്തോടെ പരസ്പരം നോക്കി.

​ആൾത്തിരക്കിൽ നിന്നും മാറി, ഞാൻ പാർവണയെയും കൂട്ടി അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലേക്ക് നടന്നു. അവളുടെ മുഖത്ത് ലോകം മുഴുവൻ കീഴടക്കിയ സന്തോഷമുണ്ടായിരുന്നു.

​”എനിക്കിപ്പൊ പേടിയൊന്നുല്ല്യ ട്ടോ ആദീ…”

അവൾ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു.

ആ പാലക്കാടൻ മൊഴിയുടെ നിഷ്കളങ്കത അവിടെ നിറഞ്ഞുനിന്നു.

“ആ തിരുമേനി പറഞ്ഞത് കേട്ടപ്പഴാ എന്റെ നെഞ്ചിടിപ്പൊന്ന് നിന്നത്… ഈ

ജന്മത്തിൽ എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യമാ ആദിയുടെ അമ്മയും ചേച്ചിയും. എന്നെ അവര് നെഞ്ചോട് ചേർത്തപ്പോ… എനിക്കെന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെയാ തോന്നീത്.”

ഞാൻ അവളുടെ അടുത്തേക്ക് അല്പം കൂടി ചേർന്നു നിന്നു. ദീപാരാധനയുടെ മണിനാദങ്ങൾ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

​”ഇനി നീ ഇതൊന്നും ഓർത്ത് പേടിക്കണ്ട,”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“പെട്ടെന്നൊരു ദിവസം നിന്നെ ഇവിടുന്ന് വിളിച്ചു

ഒളിച്ചോടി പോകാനൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല.നിന്റെ വീട്ടുകാരുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ, ഈ അമ്പലനടയിൽ വെച്ച് നിന്റെ കഴുത്തിൽ ഈ ആദി ഒരു താലി ചാർത്തും. എന്റെ സ്വന്തം പെണ്ണായിട്ട്… എന്റെ ഭാര്യയായിട്ട് മാത്രമേ നിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകൂ.””

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞൊഴുകാൻ വെമ്പുന്ന പ്രണയമായിരുന്നു. അമ്പലമുറ്റത്തെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. ഭയത്തിന്റെ ഇരുളിൽ നിന്നും, എല്ലാവരുടെയും അനുഗ്രഹത്തോടെ അവൾ എന്റെ വെളിച്ചത്തിലേക്ക് പൂർണ്ണമായും നടന്നുകയറുകയായിരുന്നു..

അമ്പലത്തിൽ നിന്നുള്ള മടക്കയാത്ര പതിവിലും മനോഹരമായിരുന്നു. ഇത്രയും നാൾ ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന ഭയം പൂർണ്ണമായും മാറി, പകരം എല്ലാവരുടെയും മുഖത്ത് വലിയൊരു പ്രകാശവും സമാധാനവും വന്നിട്ടുണ്ടായിരുന്നു.

​രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിൽ എല്ലാവരും വട്ടംകൂടിയിരുന്ന് സംസാരിക്കുകയാണ്. അമ്മയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും പിന്നെ രമ അമ്മായിയും കൂടി കല്യാണത്തിന്റെ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. മുത്തശ്ശനും അമ്മാവൻമാരും അതിൽ അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഞാൻ ചേച്ചിയോടും പാർവണയോടും സംസാരിച്ചിരിക്കുമ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത്.

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *