പാർവണം – 3 1അടിപൊളി  

​”നീ വല്ലാതെ ക്ഷീണിച്ചെടീ…”

ഞാൻ കഞ്ഞി കുടിക്കുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

​സ്പൂണിലെ കഞ്ഞി പതുക്കെ ഊതുന്നതിനിടയിൽ അവൾ എന്നെ നോക്കി. ആ നീലക്കണ്ണുകളിൽ പെട്ടെന്ന് ചെറിയൊരു നനവ് പടർന്നു.

​”ഒന്നുല്ല്യ… ആദിയൊന്ന് കണ്ണ് തുറന്ന് കാണാൻ വേണ്ടി കാത്തിരുന്നതാ ഞാൻ… ആ ടൗണിന്റെ നടുവില് ചോരയിൽ കുളിച്ച് കിടക്കണ കണ്ടപ്പോ… എന്റെ ഉള്ള് പിടഞ്ഞത് ആദിക്കറിയില്ല…”

അവളുടെ ശബ്ദം നേരിയ തോതിൽ വിറച്ചു. ആ മൊഴിയിൽ ഒരുപാട് സങ്കടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

“ഇനി എനിക്കിതൊന്നും താങ്ങാൻ പറ്റില്ല്യ ട്ടോ ആദീ…”

​ഞാൻ എന്റെ വലതുകൈ പതുക്കെ ഉയർത്തി അവളുടെ വിറയ്ക്കുന്ന വിരലുകളിൽ പിടിച്ചു.

​”ഇനി ഞാൻ എങ്ങോട്ടും പോവില്ല… നിന്നെ തനിച്ചാക്കിയിട്ട്,”

ഞാൻ വളരെ ശാന്തമായി പറഞ്ഞു. വലിയ ഡയലോഗുകളൊന്നും അവിടെ വേണ്ടിയിരുന്നില്ല.

പരസ്പരം കോർത്തുപിടിച്ച ആ വിരലുകളിലുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള സകല ഉത്തരങ്ങളും.പെട്ടെന്നാണ് വാതിൽ തുറന്ന് അമ്മയും ചേച്ചിയും

അകത്തേക്ക് വന്നത്. ചേച്ചിയുടെ കയ്യിൽ മരുന്നുകളുടെ കവറുണ്ടായിരുന്നു. അവരെ കണ്ടതും പാർവണ വേഗം എന്റെ കൈവിട്ട് പതുക്കെ എഴുന്നേറ്റു നിന്നു. അവളുടെ മുഖത്ത് ചെറിയൊരു നാണം വന്നുനിറഞ്ഞു.

​”ആഹാ… ഞങ്ങൾ പുറത്തുപോയ ഗ്യാപ്പിൽ നഴ്സിങ് ഡ്യൂട്ടി തുടങ്ങിയോ?”

ചേച്ചി ചിരിച്ചുകൊണ്ട് പാർവണയെ നോക്കി ചോദിച്ചു.

​”അതവൾ കൊടുത്താലേ അവന് ഇപ്പൊ ഇറങ്ങൂ…”

അമ്മയും ചേച്ചിയുടെ കൂടെക്കൂടി

കള്ളച്ചിരിയോടെ പറഞ്ഞു.

​പാർവണ നാണത്തോടെ മുഖം കുനിച്ച്, പാത്രം മേശപ്പുറത്ത് വെച്ച് അമ്മയുടെ പിന്നിലേക്ക് മാറിനിന്നു. അവിടെയാകെ വലിയൊരു ചിരി പടർന്നു.ആശുപത്രിയുടെ മരുന്നുഗന്ധമുള്ള ഈ മുറിയിൽ, മരുന്നിനേക്കാൾ വലിയൊരു മരുന്നായി ആ സ്നേഹം അവിടെ നിറഞ്ഞുനിന്നിരുന്നു..

ആശുപത്രിയിലെ ഒരാഴ്ചത്തെ വാസത്തിന് ശേഷം തറവാട്ടിലേക്കുള്ള മടക്കം വലിയൊരു ഉത്സവത്തിന് സമാനമായിരുന്നു.

കാർ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ ഉമ്മറത്ത് എല്ലാവരും കാത്തുനിൽപ്പുണ്ടായിരുന്നു. വയറ്റിലെ തുന്നൽ കാരണം വളരെ പതുക്കെയാണ് ഞാൻ കാറിൽ നിന്നിറങ്ങിയത്. അമ്മയുടെയും ചേച്ചിയുടെയും സഹായത്തോടെ തിണ്ണയിലേക്ക് കയറുമ്പോൾ, തൂണിനോട് ചേർന്ന് വലിയൊരു ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പാർവണ.

​ഞങ്ങൾ ഉമ്മറത്ത് വന്നിരുന്നതും, മുറ്റത്തേക്ക് മറ്റൊരു കാർ കൂടി വന്നു നിന്നു. വണ്ടിയുടെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ആളെ കണ്ട് എന്റെ മുഖത്ത് വലിയൊരു ചിരി വിടർന്നു—സച്ചുച്ചേട്ടനും ഭാര്യ അഞ്ജലിയും! കഴിഞ്ഞ മാസം നടന്ന ഇവരുടെ കല്യാണത്തിനിടയിലായിരുന്നല്ലോ ഞാൻ പാർവണയെ കാണുന്നതും ശ്രദ്ധിക്കുന്നതും. അഞ്ജലിയുടെ കസിൻ ആണ് പാർവണ. ഗൾഫിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങളെ കാണാനും കല്യാണക്കാര്യം സംസാരിക്കാനും വന്നതാണ് രണ്ടുപേരും.

​”എന്താടാ ഹീറോ… ആകെ മൊത്തം ഒരു സിനിമാറ്റിക് എൻഡിങ് ആണല്ലോ. ഞാൻ വിചാരിച്ചു നീ സൈലന്റ് ആയിട്ട് വന്ന് വീടിന്റെ പ്ലാനും വരച്ച് തിരിച്ചുപോകുമെന്ന്. ഇതിപ്പോ വലിയൊരു പ്ലാൻ തന്നെ വർക്കൗട്ട് ആക്കിയല്ലോ,”

ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ സച്ചുച്ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​അത് കേട്ടതും ഉമ്മറത്തുണ്ടായിരുന്ന അമ്മാവൻമാരും അമ്മായിമാരുമൊക്കെ ഉറക്കെ ചിരിച്ചു. പാർവണ ചമ്മലോടെ മുഖം കുനിച്ച് അഞ്ജലിയുടെ പിന്നിലേക്ക് മാറിനിന്നു. ഞാൻ പതിയെ ചെന്ന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു.

​അഞ്ജലി ചിരിച്ചുകൊണ്ട് പാർവണയുടെ തോളിൽ കയ്യിട്ടു.

“ഞാൻ വിചാരിച്ചു നീ ആരെങ്കിലും വരുന്നത് കണ്ടാൽ പഴയതുപോലെ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണെന്ന്. ഇതിപ്പോ നീ ആളാകെ മാറിയല്ലോ പാർവണേ.”

​”അതവൾ ഹോസ്പിറ്റലിൽ ഡ്യൂട്ടി എടുത്ത് മാറിയതാ അഞ്ജലീ,”

ചേച്ചി കള്ളച്ചിരിയോടെ പറഞ്ഞു.

“ഞങ്ങളെയൊന്നും അങ്ങോട്ട് അടുപ്പിച്ചിട്ടുപോലുമില്ല.”

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *