”പാർവണേ…”
ഞാൻ ശബ്ദം താഴ്ത്തി, എന്നാൽ വലിയൊരു ഉറപ്പോടെ പറഞ്ഞു.
“നീ ഒട്ടും പേടിക്കരുത്. മുറ്റത്ത് നായ കുരയ്ക്കുന്നത് കേട്ട് അമ്മാവനോ മറ്റോ ഇപ്പോൾ ഉണരും. ഫോൺ പതുക്കെ അവിടെ വെച്ചിട്ട്, ഒട്ടും ശബ്ദമുണ്ടാക്കാതെ നീ വേഗം നിന്റെ മുറിയിലേക്ക് പോയി വാതിലടച്ച് കുറ്റിയിട്. ആരും വരില്ല, എന്റെ കുട്ടി ധൈര്യമായിട്ട് പോ…”
”മ്മ്…”
വിറയ്ക്കുന്ന ഒരു മൂളലോടെ അവൾ റിസീവർ താഴെ വെച്ചു. കാൾ കട്ടായ ശബ്ദം കേട്ടെങ്കിലും, ഫോൺ കാതിൽ നിന്നും മാറ്റാൻ എനിക്ക് തോന്നിയില്ല.
ആ രാത്രിയുടെ ബാക്കി സമയം എനിക്ക് ഉറങ്ങാനായില്ല. ഇരുളിൽ പതുങ്ങിനിൽക്കുന്ന ആ അദൃശ്യരൂപം ദേവനായിരിക്കുമോ എന്ന ചിന്ത എന്റെ സമാധാനം കെടുത്തി. തറവാട്ടിൽ അവൾ സുരക്ഷിതയാണോ എന്നറിയാൻ നേരം വെളുക്കുന്നതുവരെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…
നേരം വെളുത്തത് എപ്പോഴാണെന്ന് ഞാൻ അറിഞ്ഞില്ല. രാവിലത്തെ ഇളംവെയിൽ ജനാലയിലൂടെ മുഖത്ത് വന്ന് വീണപ്പോഴും എന്റെ മനസ്സുനിറയെ പാർവണയായിരുന്നു.
കാവലില്ലാതെ ഇരുളിൽ ഒറ്റപ്പെട്ടവളുടെ പേടി എന്റെ നെഞ്ചിനെയും വല്ലാതെ പൊള്ളിച്ചിരുന്നു. മാഷ് മരിച്ച സങ്കടം ഒരു വശത്ത്, അവളുടെ ജീവനെക്കുറിച്ചുള്ള ആധി മറുവശത്ത്.
എന്റെ ഉള്ളിലെ പ്രാണന്റെ ഈ പിടച്ചിൽ ആരോടെങ്കിലും എനിക്ക് പങ്കുവെക്കണമെന്നുണ്ടായിരുന്നു. അമ്മയോട് പറയാം… പക്ഷെ ഈ മരണവീടിന്റെ പശ്ചാത്തലത്തിൽ അത് പറയണോ? അതോ കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയോ? ഒരുപാട് നേരം ഞാൻ ചിന്തിച്ചു. ഒടുവിൽ, നെഞ്ചിലെ ഈ വലിയ ഭാരം ഇറക്കിവെക്കാൻ എനിക്ക് എന്റെ അമ്മയെ അല്ലാതെ മറ്റാരെയും ആശ്രയിക്കാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയുടെ അടുത്തേക്ക് ഞാൻ ചെന്നു.
”നെയ് അമ്മ…”
എന്റെ വിളിയിൽ പതിവില്ലാത്ത ഒരു വല്ലായ്മ ഉണ്ടായിരുന്നു.
അമ്മ തിരിഞ്ഞുനോക്കി. എന്റെ മുഖത്തെ വാട്ടം കണ്ടിട്ടാകണം, അമ്മയുടെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു.
”എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്…”
ഞാൻ പതുക്കെ തുടങ്ങി.
“അമ്മയ്ക്ക് ഓർമ്മയുണ്ടോ… സച്ചുച്ചേട്ടന്റെ കല്യാണത്തിന് മുൻപ് ഞാനൊരു സ്വപ്നം കണ്ട കാര്യം അമ്മയോട് പറഞ്ഞിരുന്നത്?”
അമ്മ ഒന്നമ്പരന്നു, പിന്നെ പതുക്കെ തലകുലുക്കി.
”സച്ചുച്ചേട്ടന്റെ കല്യാണത്തിന് പോയപ്പോൾ ഞാൻ അവളെ കണ്ടു അമ്മേ. എന്റെ സ്വപ്നത്തിൽ വന്ന അതേ മുഖം… അതെ കണ്ണുകൾ. ആദ്യമായിട്ട് കണ്ടപ്പോൾ തന്നെ എന്റെ ജീവൻ അവളിലാണെന്ന് എനിക്ക് തോന്നിപ്പോയി…”
ഞാൻ അല്പം നിർത്തി, അമ്മയുടെ മുഖത്തേക്ക് നോക്കി.
“പിന്നെ ഡിസൈൻ നോക്കി പഠിക്കാൻ പോയതൊന്നും ആയിരുന്നില്ല ഞാൻ. അവളെ തേടി പോയതായിരുന്നു. പാലക്കാടാ അവളുടെ വീട്… അവളില്ലാതെ ഇനി ഈ ആദിക്ക് ഒരു ജീവിതമില്ല അമ്മേ.”
അമ്മയുടെ കൈകളിലെ ജോലി നിശ്ചലമായി.
തീരെ പ്രതീക്ഷിക്കാത്ത ആ വാക്കുകൾ കേട്ട് അമ്മ എന്നെത്തന്നെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ ആ മുഖത്ത് നേരിയൊരു പരിഭവം പടർന്നു. സ്നേഹവും സങ്കടവും കലർന്ന ഒരു അമ്മയുടെ പരിഭവം.
”നിനക്ക് ഇതൊക്കെ പോകുന്നതിന് മുൻപ് ഈ അമ്മയോട് ഒന്ന് പറയാമായിരുന്നില്ലേടാ?”
അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയുണ്ടായിരുന്നു.
“എന്നിട്ട് ഇതിനായിരുന്നോ നീ എന്നോട് കള്ളം പറഞ്ഞ് പാലക്കാട്ടേക്ക് വണ്ടി കയറിയത്? എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തടയുമായിരുന്നോ ആദീ? ഇത്ര വലിയൊരു കാര്യം മനസ്സിൽ വെച്ചുകൊണ്ടാണോ നീ ഇത്രയും ദിവസം അവിടെ നിന്നത്…”
അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
”എന്തായാലും പോയി മുഖം കഴുകി വാ… ബാക്കി നമുക്ക് പിന്നെ സംസാരിക്കാം,”
എന്ന് പറഞ്ഞ് അമ്മ വേഗം തിരിഞ്ഞുനിന്ന് അടുപ്പിലെ തീ ഊതിക്കത്തിക്കാൻ തുടങ്ങി. ആ തീയുടെ വെളിച്ചത്തിൽ, മകന്റെ വലിയൊരു രഹസ്യം വൈകി അറിഞ്ഞതിന്റെ ചെറിയൊരു സങ്കടം അമ്മയുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ അതിനുമപ്പുറം, എന്റെ ഇഷ്ടത്തെ തള്ളിക്കളയാത്ത ഒരു അമ്മമനസ്സിന്റെ ആശ്വാസം എനിക്കവിടെ കാണാമായിരുന്നു…
