പാർവണം – 3 24

​സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ഞാൻ പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. സച്ചുച്ചേട്ടനാണ്. ഫോൺ എടുത്തപാടെ അങ്ങേത്തലക്കൽ നിന്നും സച്ചുച്ചേട്ടന്റെ ഒരു പൊട്ടിച്ചിരിയാണ് ഞാൻ കേട്ടത്.

​”ഹലോ സച്ചുച്ചേട്ടാ…” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​”എന്താടാ വലിയ വാസ്തുവിദ്യാ വിദഗ്ദ്ധാ… തറവാടിന്റെ അളവെടുപ്പൊക്കെ കഴിഞ്ഞോ? അതോ പ്ലാൻ വരയ്ക്കൽ ഇപ്പോഴും തുടരുകയാണോ?”

സച്ചുച്ചേട്ടന്റെ ചോദ്യം കേട്ട് ഞാൻ അറിയാതെ ചിരിച്ചുപോയി.

​”എടാ കള്ളാ…”

ചേട്ടൻ കളിയാക്കിക്കൊണ്ട് തുടർന്നു.

“കഴിഞ്ഞ മാസം എന്റെ കല്യാണത്തിന് വന്നപ്പോൾ നീ പാർവണയെ വട്ടം ചുറ്റുന്നത് ഞാൻ ശ്രദ്ധിച്ചതാ. കല്യാണത്തിരക്കിനിടയിലും എന്റെയൊരു കണ്ണ് നിന്റെയൊക്കെ മേലായിരുന്നു. പക്ഷെ എന്റെ അപ്പച്ചീടെ മോൻ ഇത്ര വലിയൊരു പ്ലാനിങ്ങിലാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോടാ.”

​”അത് പിന്നെ…” ഞാൻ ചമ്മലോടെ തല ചൊറിഞ്ഞു.

​”നീ ഒന്നും പറയണ്ട. കുറച്ചുമുൻപ് അപ്പച്ചി എന്നെ വിളിച്ചിരുന്നു. നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണെന്നും, അവിടെ നടന്ന കാര്യങ്ങളും, ജാതകം നോക്കിയതുമൊക്കെ അപ്പച്ചി പറഞ്ഞെടാ.”

സച്ചുച്ചേട്ടന്റെ ശബ്ദത്തിൽ വലിയൊരു സ്നേഹമുണ്ടായിരുന്നു.

“സത്യം പറയാലോ ആദീ, അപ്പച്ചി ഇത് പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. പാർവണയെ പൊന്നുപോലെ നോക്കാൻ നിന്നെക്കൊണ്ടല്ലാതെ വേറെ ആരെക്കൊണ്ടും കഴിയില്ലെന്ന്

എനിക്ക് നന്നായിട്ട് അറിയാം.”

​”അതിനെക്കുറിച്ച് സച്ചുച്ചേട്ടൻ ഒരുപാട് ടെൻഷൻ അടിക്കണ്ട, എന്റെ ജീവൻ പോയാലും ഞാൻ അവളെ കൈവിടില്ല,”

ഞാൻ മുറ്റത്തുനിന്നും ഉമ്മറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അവിടെ ചേച്ചിയോട് സംസാരിച്ചിരുന്ന് ഇടയ്ക്ക് എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു എന്റെ പാർവണ.

​”അതൊക്കെ എനിക്കറിയാം. പിന്നെയൊരു കാര്യമുണ്ട്, എന്റെ ലീവ് തീരാറായി. അടുത്ത മാസം ഞാൻ ഗൾഫിലേക്ക് മടങ്ങുവാ. അതിനുമുന്നേ നിന്റെയും പാർവണയുടെയും കല്യണം കൂടി കഴിഞ്ഞിട്ടേ ഞാൻ വണ്ടി കയറുന്നുള്ളൂ. അതുകൊണ്ട് ഡേറ്റ് വേഗം ഫിക്സ് ചെയ്യാൻ ഞാൻ അപ്പച്ചിയോട് പറഞ്ഞിട്ടുണ്ട്.”

​”അതിനെന്താ സച്ചുച്ചേട്ടാ, നമുക്ക് ഗംഭീരമായിട്ട് തന്നെ നടത്താം,”

ഞാൻ ആവേശത്തോടെ പറഞ്ഞു.

​”അത് നമ്മൾ നടത്തും. നീ ആ ഫോൺ പാർവണയുടെ കയ്യിൽ ഒന്ന് കൊടുത്തേ, ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ.”

ഞാൻ ഫോണുമായി ഉമ്മറത്തേക്ക് കയറി ചെന്നു. സച്ചുച്ചേട്ടനാണെന്ന് പറഞ്ഞ് ഫോൺ പാർവണയ്ക്ക് നീട്ടിയപ്പോൾ, അവൾ ഒരു ചെറിയ നാണത്തോടെ ഫോൺ വാങ്ങി ചെവിയിൽ വെച്ചു. സച്ചുച്ചേട്ടൻ അപ്പുറത്തുനിന്ന് അവളെ കളിയാക്കുകയാണെന്ന് അവളുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“അതൊന്നുല്ല്യ സച്ചുച്ചേട്ടാ… ഞാൻ പിന്നെ വിളിക്കാം…”

അവൾ നാണത്തോടെ നിലത്ത് കാലുകൊണ്ട് കളംവരച്ചു. എന്നെ നോക്കി കള്ളച്ചിരിയോടെ അവൾ സംസാരിക്കുന്നത് കണ്ടപ്പോൾ, എന്റെ അമ്മയും ചേച്ചിയും രമ അമ്മായിയുമൊക്കെ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം സംസാരിച്ച ശേഷം അവൾ വേഗം ഫോൺ എനിക്ക് തിരികെ തന്നു.

​”എന്താ സച്ചുച്ചേട്ടൻ പറഞ്ഞത്?”

ഞാൻ കുസൃതിയോടെ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

​”ഒന്നുല്ല്യ… ചുമ്മാ കളിയാക്കിയതാ…”

അവൾ മുഖം കുനിച്ച് നാണത്തോടെ അകത്തേക്ക് ഓടി. അവളുടെ ആ ഓട്ടം കണ്ട് ഉമ്മറത്തിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു. ആ രാത്രിയിലെ ആ തറവാട്ടുമുറ്റത്തെ തണുത്ത കാറ്റിനുപോലും, വല്ലാത്തൊരു സന്തോഷത്തിന്റെ ഗന്ധമുണ്ടായിരുന്നു..

സച്ചുച്ചേട്ടന്റെ കോൾ കൂടി വന്നതോടെ കല്യാണം എത്രയും പെട്ടെന്ന് നടത്താനായിരുന്നു എല്ലാവരുടെയും തീരുമാനം.

പിറ്റേന്ന് രാവിലെ തന്നെ പാലക്കാട് ടൗണിലേക്ക് ഞങ്ങൾ കല്യാണപ്പർച്ചേസിനായി തിരിച്ചു. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും രമ അമ്മായിയും പിന്നെ എന്റെ പാർവണയും എന്നോടൊപ്പം ഉണ്ടായിരുന്നു.

Updated: July 18, 2026 — 8:47 pm

2 Comments

Add a Comment
  1. Paramadayil Balendran

    ചിലകഥകൾ മനോഹരമാകാൻ അതിന് കമ്പി വേണം എന്നില്ല!🤍

  2. നന്ദുസ്

    സൂപ്പർ….
    നന്നായിട്ടുണ്ട്…. അതിമനോഹരം…
    പറയാൻ വാക്കുകളില്ല… സത്യം…

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *