മുഖം കഴുകി വന്നപ്പോഴേക്കും
അടുക്കളയിലെ മേശപ്പുറത്ത് ആവി പറക്കുന്ന കാപ്പിയുമായി അമ്മ കാത്തുനിൽപ്പുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് അപ്പോഴും ആ പഴയ പരിഭവമുണ്ടായിരുന്നെങ്കിലും, എന്റെ സങ്കടങ്ങൾ കേൾക്കാനുള്ള ഒരു അമ്മമനസ്സിന്റെ വെപ്രാളം ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നു. ചൂട് കാപ്പിയിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം ഞാൻ പതുക്കെ അമ്മയെ നോക്കി.
”അമ്മ…”
”മ്മ്… പറയ്. അവിടെ പോയിട്ട് പിന്നെ എന്തൊക്കെയാ ഉണ്ടായേ? ഈ കാര്യങ്ങളൊന്നും അവളോ അവളുടെ വീട്ടുകാരോ അറിഞ്ഞിട്ടില്ലല്ലോ അല്ലെ?”
അമ്മ ആകാംക്ഷയോടെ ചോദിച്ചു.
”വീട്ടുകാർ അറിഞ്ഞിട്ടില്ല… പക്ഷെ, അവൾക്കറിയാം അമ്മേ.”
ഞാൻ കാപ്പിക്കോപ്പ മേശപ്പുറത്തുവെച്ചു.
“ആദ്യം അവൾക്കെന്നെ വല്ലാത്തൊരു പേടിയായിരുന്നു. പക്ഷെ… ഈ മൂന്നു ദിവസം കൊണ്ട് എല്ലാം മാറി. ഞാൻ ഇങ്ങോട്ട് പോരുന്നതിന്റെ തലേദിവസം അവൾ എന്നോട് പറഞ്ഞു, അവൾക്കിപ്പോ എന്നെ ജീവനാണെന്ന്. ഈ ആദി ഇല്ലാതെ ഇനി അവൾക്കൊരു ലോകമില്ലെന്ന്. ഇത്രയും കാലം ഒറ്റയ്ക്കായിരുന്ന അവളുടെ ജീവിതത്തിലേക്ക് ഒരു കാവലായി ഞാൻ ചെന്നപ്പോൾ, ആ മൂന്ന് ദിവസം കൊണ്ട് അവളുടെ ജീവൻ തന്നെ അവൾ എനിക്ക് പകുത്തു തരികയായിരുന്നു അമ്മേ…”
എന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചിരി വിടർന്നു.
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്തെ പരിഭവം മാറി അവിടെ ചെറിയൊരു ആശ്വാസം പടരുന്നത് ഞാൻ കണ്ടു. സ്വന്തം മകനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുണ്ടെന്ന തിരിച്ചറിവ് ഏത് അമ്മയെയാണ് സന്തോഷിപ്പിക്കാത്തത്!
”പക്ഷെ അമ്മേ… അവിടെ മറ്റൊരു പ്രശ്നമുണ്ട്. അവൾ അവിടെ ഒട്ടും സുരക്ഷിതയല്ല…”
എന്റെ സ്വരം പെട്ടെന്ന് ഗൗരവമുള്ളതായി മാറി.
അമ്മ ഒന്നമ്പരന്നു.
“എന്ത് പ്രശ്നം? നീ എന്താ ഈ പറയുന്നേ?”
”ദേവൻ… അവിടുത്തെ വലിയൊരു പ്രമാണിയുടെ മകനാ അവൻ. അവൾ ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ട് അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണ്. ആർക്കും അവനെ എതിർക്കാൻ ധൈര്യമില്ല. ഞാൻ അങ്ങോട്ട് പോരുന്നതിന്റെ തലേദിവസം, കരിമ്പനക്കാവിലെ അമ്പലത്തിൽ വെച്ച് അവൻ അവളുടെ കയ്യിൽ കയറിപിടിച്ചു. ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു എന്റെ പാർവണ. എനിക്കത് നോക്കിനിൽക്കാൻ കഴിഞ്ഞില്ല അമ്മേ… ഞാൻ അവനെ തടഞ്ഞു. ഇനി അവളുടെ നേരെ വിരലുയർത്തിയാൽ ജീവനോടെ ബാക്കിവെക്കില്ലെന്ന് ഞാൻ അവന് താക്കീതും കൊടുത്തു.”
അതുകേട്ടതും അമ്മയുടെ മുഖം വിളറിവെളുത്തു. പേടിയോടെ അമ്മ എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിൽ പിടിച്ചു.
”എന്റെ ഈശ്വരാ… നീ അവിടെ പോയി വലിയ ആൾക്കാരോടൊക്കെ വഴക്കിനു പോയോ ആദീ?
നിനക്കവന്മാർ എന്തെങ്കിലും അപായം വരുത്തിയാലോ? എന്നിട്ട് ഈ പ്രശ്നത്തിന്റെ നടുവിലാണോ നീ ആ കുട്ടിയെ തനിച്ചാക്കിയിട്ട് പോന്നത്?”
അമ്മയുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
”എനിക്ക് വരാതിരിക്കാൻ കഴിയില്ലായിരുന്നല്ലോ അമ്മേ… മാഷിന്റെ കാര്യം അറിഞ്ഞപ്പോൾ…”
ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
“ഇന്നലെ രാത്രി അവൾ എന്നെ ലാൻഡ്‌ലൈനിൽ നിന്നും രഹസ്യമായി ഫോൺ
ചെയ്തിരുന്നു. അപ്പോഴും മുറ്റത്ത് ആരോ നടക്കുന്നതുപോലെ തോന്നിയെന്ന് പറഞ്ഞ് അവൾ വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ആ പേടിയും വെപ്രാളവും ഓർക്കുമ്പോൾ എന്റെ നെഞ്ചിൽ തീയാണ് അമ്മേ… എനിക്ക് എത്രയും വേഗം തിരിച്ച് അവിടെ എത്തണം. അവളെ എനിക്ക് സ്വന്തമാക്കണം.”
ഒരു നിമിഷം അടുക്കളയിൽ വലിയൊരു നിശബ്ദത നിറഞ്ഞു. എന്റെ കണ്ണുകളിലെ പ്രാണന്റെ പിടച്ചിൽ അമ്മ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു. എന്റെ തലമുടിയിൽ പതുക്കെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു
“നീ ഒന്നും പേടിക്കണ്ട ആദീ… നിന്റെ കൂടെ ഈ അമ്മയുണ്ട്.”
അമ്മയുടെ ആ വാക്കുകൾ എന്റെ നെഞ്ചിലെ തീ അല്പമൊന്ന് കെടുത്തി.
”എന്തായാലും ഈ വെപ്രാളത്തിൽ നീ ഇപ്പോൾ പകൽ തന്നെ അങ്ങോട്ട് പോകണ്ട. ഇന്ന് രാത്രി ഇവിടെ നിൽക്ക്. നാളെ രാവിലെത്തന്നെ നിനക്ക് പാലക്കാട്ടേക്ക് വണ്ടി കയറാം. അതുവരെ ആ മനസ്സ് ഒന്ന് ശാന്തമാക്കാൻ നോക്ക്,”
