പാർവണം – 3 1അടിപൊളി  

നിലാവും പ്രണയവും പെയ്തിറങ്ങിയ ആ രാത്രിക്ക് ശേഷം മനോഹരമായൊരു പ്രഭാതം ആ തറവാട്ടിലേക്ക് വന്നെത്തി. ജനാലയിലൂടെ വന്ന ഇളംവെയിൽ മുഖത്തടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. നെഞ്ചിലെയും വയറ്റിലെയും മുറിവുകളുടെ വിങ്ങൽ കുറഞ്ഞിട്ടുണ്ട്. ഉണർന്നയുടനെ കണ്ണുകൾ തിരഞ്ഞത് അവളെയാണ്.

​മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേൾക്കാം. ഞാൻ പതുക്കെ എഴുന്നേറ്റ് മുഖം കഴുകി മുറിക്ക് പുറത്തേക്ക് വന്നു. വലിയൊരു ഉത്സവപ്പറമ്പ് പോലെയായിരുന്നു ആ വീട്. ഉമ്മറത്തെ തിണ്ണയിൽ സച്ചുച്ചേട്ടനും അഞ്ജലിയും ഇരുന്ന് ചിരിച്ചുകൊണ്ട് എന്തോ സംസാരിക്കുന്നുണ്ട്. അവർക്കരികിലായി പത്രവും വായിച്ച് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും മുത്തശ്ശനുമുണ്ട്. ഞാൻ പതുക്കെ ഉമ്മറത്തേക്ക് ചെന്നു.

​”ആഹാ… ഹീറോ എഴുന്നേറ്റല്ലോ. ഇപ്പൊ ആ പഴയ ക്ഷീണമൊന്നുമില്ലല്ലോ മുഖത്ത്, നല്ല ഉഷാറാണല്ലോ,”

എന്നെ കണ്ടയുടനെ സച്ചുച്ചേട്ടൻ കള്ളച്ചിരിയോടെ ചോദിച്ചു.

​അഞ്ജലി ചിരിയമർത്തിക്കൊണ്ട് എന്നെ നോക്കി. “അതെന്തായാലും നന്നായി സച്ചുവേട്ടാ… അപ്പൊ ഇനി ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്താലോ അല്ലെ.”

​അവർ പറയുന്നത് കേട്ട് മുത്തശ്ശനും അമ്മാവൻമാരും ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ട് മുത്തശ്ശന്റെ അടുത്തുള്ള ചാരുകസേരയുടെ അരികിലായി ഇരുന്നു. അകത്ത് അടുക്കളയിൽ വലിയൊരു ബഹളമാണ്. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും കൂടെ രമ അമ്മായിയും ഒക്കെയുള്ള വലിയൊരു പാചകമേള നടക്കുകയാണ്.

​പെട്ടെന്നാണ് ഉമ്മറത്തേക്ക് ചായയുമായി പാർവണ വന്നത്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു. ഇന്നലത്തെ ആ രാത്രിയുടെ ഓർമ്മകൾ ആ കവിളുകളെ വല്ലാതെ ചുവപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു.

​അവൾ എല്ലാവർക്കും ചായ കൊടുത്ത ശേഷം, ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചായ ഗ്ലാസ് എന്റെ നേരെ നീട്ടി.

​”എന്താ ആദീ വല്ലാണ്ട് നോക്കണേ…”

അവൾ

ചുണ്ടുകടിച്ച്, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

​ഞാൻ ചായഗ്ലാസ് വാങ്ങുന്നതിനൊപ്പം ആരും കാണാതെ അവളുടെ വിരലുകളിൽ പതുക്കെ ഒന്ന് സ്പർശിച്ചു. ആ സ്പർശനത്തിൽ അവൾ പെട്ടെന്ന് കൈവലിച്ച്, ഒരു കുസൃതിച്ചിരിയോടെ അകത്തേക്ക് ഓടിമറഞ്ഞു. എന്റെ ചുണ്ടിൽ വലിയൊരു ചിരി വിടർന്നു.

ആ ബഹളങ്ങൾക്കിടയിലും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.

​ഉച്ചയ്ക്ക് ശേഷമുള്ള സമയം. വെയിൽ പതുക്കെ ചാഞ്ഞുതുടങ്ങിയിരുന്നു. തറവാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ മാറി, കുറച്ചുനേരം സംസാരിക്കാൻ ഞാൻ അവളെയും കൂട്ടി ആ പഴയ കുളക്കടവിലേക്ക് നടന്നു.

​പായൽ പിടിച്ച കൽപ്പടവുകൾക്ക് താഴെ വെള്ളം വളരെ ശാന്തമായി കിടക്കുന്നുണ്ട്. വലിയൊരു ആൽമരത്തിന്റെ തണലിൽ ആ കുളക്കടവ് വല്ലാത്തൊരു സമാധാനം നൽകുന്നതായിരുന്നു. ഞാൻ പതുക്കെ ആ കൽപ്പടവുകളിലൊന്നിൽ ഇരുന്നു. എന്റെ വലതുവശത്തായി, ഒരല്പം ചേർന്ന് അവളും ഇരുന്നു.

​ചെറിയൊരു കാറ്റ് വന്ന് അവളുടെ മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. അവൾ ദൂരേക്ക് കുളത്തിലെ വെള്ളത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖത്ത് മുമ്പൊരിക്കലും ഇല്ലാത്തൊരു സമാധാനം പൂത്തുനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

​”എന്താടീ ആലോചിക്കണേ?”

ഞാൻ ചോദിച്ചു.

​അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വളരെ പതുക്കെ തന്റെ തല എന്റെ വലതു തോളിലേക്ക് ചായ്ച്ചുവെച്ചു. എന്റെ വലതുകൈ ഞാൻ അവളുടെ തോളിലൂടെ ചുറ്റി ചേർത്തുപിടിച്ചു.

​”ഒന്നൂല്യ…”

അവൾ എന്റെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു.

ദീർഘമായി ശ്വാസമെടുത്തിട്ട് പറഞ്ഞു, “ഇപ്പൊ എനിക്ക് ഒരു പേടിയും ഇല്ല്യ ട്ടോ ആദീ. ഈ തോളിൽ ഇങ്ങനെ ചാരി ഇരിക്കുമ്പോഴാ എനിക്ക് ശ്വാസം നേരെ വീഴണത്… ലോകത്ത് എന്ത് വന്നാലും എന്റെ ആദി എന്നെ വിട്ടുപോവില്ല്യ എന്നുള്ള വലിയൊരു ധൈര്യം ഇപ്പൊ എനിക്കുണ്ട്…”

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *