പാർവണം – 3 1അടിപൊളി  

​”കുട്ടിക്ക് വേറെ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നുമില്ലല്ലോ? എങ്കിൽ വാ, വേഗം ടെസ്റ്റ്‌ ചെയ്തിട്ട് എടുക്കാം…”

ഡോക്ടർ പറഞ്ഞു.

പാർവണ ഡോക്ടറുടെ പിന്നാലെ നടക്കാൻ തുടങ്ങിയതും, അമ്മ അവളുടെ കൈകളിൽ കയറിപ്പിടിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. തന്റെ മകന് ജീവൻ നൽകാൻ പോകുന്നവളോട് എന്ത് പറയണമെന്നറിയാതെ അമ്മ നിന്നു. പാർവണ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു.

​”അമ്മയൊന്നും പേടിക്കണ്ട… എന്റെ ആദിക്ക് ഒന്നും സംഭവിക്കില്ല.””

​അത്രയും പറഞ്ഞ് അവൾ ഡോക്ടറുടെ ഒപ്പം ഐ.സി.യുവിന്റെ ഉള്ളിലേക്ക് നടന്നു കയറി.

പകുതി അടഞ്ഞ വാതിലിലൂടെ അകത്തേക്ക് പോകുന്നവളെ നോക്കി അമ്മയും ചേച്ചിയും കൈകൾ കൂപ്പി. അവളുടെ സിരകളിലെ രക്തം എന്റെ ജീവന്റെ തുടിപ്പായി മാറാൻ പോകുന്ന ആ നിമിഷത്തിൽ, അവിടെ കൂടിനിന്ന എല്ലാവരുടെയും ഉള്ളിലെ പ്രാർത്ഥനകൾക്ക് വലിയൊരു ഉത്തരമായി അവൾ മാറുകയായിരുന്നു.

ഐ.സി.യുവിന്റെ തണുത്ത മുറിക്കുള്ളിൽ, എന്റെ സിരകളിലേക്ക് അവളുടെ ജീവന്റെ പാതി ഇറ്റിറ്റുവീഴുമ്പോൾ പുറത്ത് ശ്വാസമടക്കിപ്പിടിച്ച് കാത്തുനിൽക്കുകയായിരുന്നു എല്ലാവരും. സ്വന്തം ജീവൻ പകുത്തുനൽകി എന്നെ മരണത്തിൽ നിന്നും അവൾ തിരികെ വിളിക്കുകയായിരുന്നു.

​മരുന്നുകളുടെ രൂക്ഷഗന്ധവും ഐ.സി.യു മോണിറ്ററിന്റെ ഇടവിട്ടുള്ള ശബ്ദവും മാത്രമാണ് എന്റെ ഓർമ്മകളിലേക്ക് ആദ്യം കടന്നുവന്നത്. കണ്ണുകൾക്ക് മുകളിൽ വലിയൊരു ഭാരം തോന്നി. പതുക്കെ കൺപോളകൾ തുറക്കുമ്പോൾ, കാഴ്ചകൾ വല്ലാതെ മങ്ങിക്കിടക്കുകയായിരുന്നു. കുത്തേറ്റ ഭാഗത്തും വയറ്റിലുമായി വലിയൊരു വിങ്ങൽ.

​കാഴ്ചകൾക്ക് വ്യക്തത വന്നപ്പോൾ ഞാൻ ആദ്യം കണ്ടത് എന്റെ വലതുകൈ നെഞ്ചോട് ചേർത്തുപിടിച്ച്, കട്ടിലിന്റെ അരികിലായി തലവെച്ചുറങ്ങുന്ന പാർവണയെയാണ്. ആ മുഖം വല്ലാതെ വിളറിയിരുന്നു. എന്റെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങിയത് അവളുടെ ചോരയാണെന്ന് ആ വിളർച്ച എന്നോട് പറയുന്നുണ്ടായിരുന്നു. എന്റെ വിരലുകൾ ഒന്നനങ്ങിയതും, വലിയൊരു ഞെട്ടലോടെ അവൾ തലയുയർത്തി.

​എന്റെ തുറന്ന കണ്ണുകൾ കണ്ടതും ആ വലിയ നീലക്കണ്ണുകളിൽ നിന്നും കണ്ണുനീർ അണപൊട്ടിയൊഴുകി. അവൾ വേഗം എന്റെ മുഖത്തേക്ക് ചേർന്നു.

​”ആദീ…”

അവളുടെ ചുണ്ടുകൾ വിറച്ചു.

“എന്റെ കൃഷ്ണാ… കണ്ണ് തുറന്നല്ലോ… എനിക്ക് വല്ലാണ്ട് പേടിയായി ട്ടോ ആദീ… ദേഹത്തീന്ന് ആ ചോര വാർന്നു പോണത് കണ്ടപ്പോ എന്റെ ജീവൻ പോണ പോലാ എനിക്ക് തോന്നീത്…”

അവൾ വിതുമ്പിക്കരഞ്ഞു.

മറുപടി പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.പകരം ഞാൻ അവളുടെ കൈകളിൽ ഒന്നുകൂടി

മുറുകെ പിടിച്ചു. എന്റെ ശരീരത്തിൽ ഇപ്പോൾ ഓടുന്നത് അവളുടെ കൂടി ചോരയാണെന്ന തിരിച്ചറിവ്, ഞാനുമവളും തമ്മിലുള്ള ബന്ധത്തെ വെറുമൊരു പ്രണയത്തിനപ്പുറം വേർപിരിക്കാനാവാത്ത എന്തോ ഒന്നാക്കി മാറ്റിയിരുന്നു.

​അവളുടെ ശബ്ദം കേട്ട് മുറിക്ക് പുറത്തുനിന്നും അമ്മയും ചേച്ചിയും ഓടിവന്നു. പിന്നാലെ മുത്തശ്ശനും മുത്തശ്ശിയും അമ്മാവൻമാരും അമ്മായിമാരുമെല്ലാം ആ മുറിക്കുള്ളിലേക്ക് വന്നു. എന്നെ ബോധത്തോടെ കണ്ടതും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെറുകയിൽ ഉമ്മവെച്ചു.

“എന്റെ ആദി കണ്ണ് തുറന്നല്ലോ ഭഗവാനേ…”

അമ്മയുടെ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. ചേച്ചി എന്റെ തലമുടിയിലൂടെ വാത്സല്യത്തോടെ തലോടി.

​”ഇവൾക്ക് നന്ദി പറയണം ആദീ നീ…”

അമ്മ നിറഞ്ഞ കണ്ണുകളോടെ പാർവണയെ നോക്കി പറഞ്ഞു.

“അവളുടെ ചോരയാ നിന്റെ ദേഹത്ത് ഓടുന്നത്. നിന്നെ രക്ഷിക്കാൻ സ്വന്തം ജീവൻ കൊടുക്കാനും എന്റെ കുട്ടി രണ്ടാമതൊന്ന് ആലോചിച്ചില്ല…”

​പാർവണ വേഗം കണ്ണുനീർ തുടച്ചുമാറ്റി അമ്മയുടെ തോളിലേക്ക് ചാഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ അടുത്തേക്ക് വന്ന മുത്തശ്ശിയും മുത്തശ്ശനും നിറഞ്ഞ കണ്ണുകളോടെ എന്റെ കവിളിൽ പതുക്കെ തലോടി, വലിയൊരു ആശ്വാസത്തോടെ അവർ എന്നെ നോക്കി നിന്നു.

​അമ്മാവൻമാർ പതിയെ എന്റെ അരികിലേക്ക് വന്നു. ഹരിനാരായണൻ അമ്മാവൻ എന്റെ കാലിനരികിലായി പതുക്കെ തൊട്ടു.

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *