ഞാൻ തിരിഞ്ഞ് വാതിൽക്കൽ നിൽക്കുന്ന പാർവണയെ നോക്കി. എന്റെ വരവ് കണ്ട്, ഇത്രയും നേരം അടക്കിപ്പിടിച്ച ഭയവും സങ്കടങ്ങളും ഒരു വലിയ പൊട്ടിക്കരച്ചിലായി അവളിൽ നിന്നും പുറത്തുവന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്, എല്ലാവരും നോക്കിനിൽക്കെത്തന്നെ അവളുടെ ആ വിറയ്ക്കുന്ന കൈകൾ
എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. ആ തറവാട്ടിലെ എല്ലാവർക്കും മുന്നിൽ, എന്റെ പ്രാണന്റെ പാതിക്ക് ഞാൻ നൽകുന്ന ഏറ്റവും വലിയ ഉറപ്പായിരുന്നു അത്.
എന്റെ നെഞ്ചോട് ചേർന്നുനിൽക്കുന്ന പാർവണയെ കണ്ട് ഉമ്മറത്തുള്ളവരെല്ലാം ഒരു നിമിഷം സ്തംഭിച്ചുപോയി. ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദേവന്റെ അച്ഛന്റെ ശബ്ദം ഉയർന്നു. മുൻപുണ്ടായിരുന്ന ഗാംഭീര്യത്തേക്കാൾ, അപമാനിക്കപ്പെട്ടതിന്റെ ഈഗോ ആയിരുന്നു ആ വാക്കുകളിൽ.
”ഹരിനാരായണാ… എന്താടോ ഇത്?” അമ്മാവനുനേരെ തിരിഞ്ഞ് അയാൾ അലറി. “പെണ്ണുകാണാൻ വന്ന ഞങ്ങളുടെ മുന്നിലിട്ട് എവനോ ഒരുത്തൻ വന്ന് അവളെ കേറിപ്പിടിക്കുന്നു. ഇതാണോ തങ്ങളുടെയൊക്കെ തറവാടിന്റെ ലക്ഷണം?”
മുത്തശ്ശനും അമ്മാവനും ഭയം കൊണ്ടും നാണക്കേട് കൊണ്ടും വിയർത്തു.
”അത്… ആ കുട്ടി വാസ്തു പഠിക്കാൻ വന്നതാ…”
അമ്മാവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
”മതി നിർത്ത്!” ദേവന്റെ അച്ഛൻ
കൈയുയർത്തി. “ഇനി ഇതിലെന്തായാലും ഒരു തീരുമാനമായി. എന്റെ മോന് ഇവളെ വേണ്ട. പക്ഷെ, എന്റെ മുഖത്ത് നോക്കി ഇവൻ കാണിച്ച ഈ ഹീറോയിസത്തിന്… അതിന് ഞാൻ പകരം ചോദിച്ചിരിക്കും. വാടാ ദേവാ.”
അയാൾ ദേഷ്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി.
പോവുന്നതിന് മുൻപ് ദേവൻ എന്റെ മുഖത്തേക്ക് പകയോടെ ഒന്ന് നോക്കി. നേരെ ജീപ്പിലേക്ക് കയറാൻ പോയവൻ പെട്ടെന്ന് തിരിഞ്ഞുനിന്നു.
”എന്റെ കൈ തടഞ്ഞില്ലേ നീ… ഈ കൈ കൊണ്ട് തന്നെ അവളെ ഞാൻ കൊണ്ടുപോകും. ഇത് ദേവനാ പറയുന്നത്. നീ നോക്കിക്കോടാ.”
എന്ന് ചീറിക്കൊണ്ട് അവൻ ജീപ്പിലേക്ക് കയറി. ജീപ്പ് വലിയ ശബ്ദത്തോടെ പടിപ്പുര കടന്നുപോയി.
അവർ പോയതും അമ്മാവനും മുത്തശ്ശനും എന്റെ നേരെ തിരിഞ്ഞു. ആ മുഖങ്ങളിൽ സങ്കടവും ദേഷ്യവും ഒരുമിച്ചുണ്ടായിരുന്നു. ശബ്ദം കേട്ട് അകത്തുനിന്നും രമ അമ്മായിയും സാവിത്രി അമ്മായിയും, പിന്നെ പാർവണയുടെ അമ്മയും പേടിയോടെ ഉമ്മറത്തേക്ക് വന്നിരുന്നു.
”നീ എന്താ ആദീ ഈ കാണിച്ചേ?”
അമ്മാവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
“വാസ്തു പഠിക്കാനും അളവെടുക്കാനും വന്ന നീയാണോ ഇതൊക്കെ ചെയ്യുന്നത്? ആ ദേവനോടാണോ നീ കേറി ചൊറിഞ്ഞത്? ഇനി ഈ തറവാട്ടിൽ ഞങ്ങൾ എങ്ങനെ സ്വസ്ഥമായിട്ട് കിടന്നുറങ്ങും?”
ഞാൻ പതുക്കെ പാർവണയെ എന്നിൽ നിന്നുമടർത്തി മാറ്റി. വളരെ ശാന്തനായി മുത്തശ്ശന്റെയും അമ്മാവന്റെയും നേരെ കൈകൂപ്പി. അനാവശ്യമായ നാടകീയതകൾ ഒഴിവാക്കി, ഉള്ളിലുള്ള സത്യം മാത്രം എനിക്ക് അവരോട് പറയണമായിരുന്നു.
”എന്നോട് ക്ഷമിക്കണം മുത്തശ്ശാ… വാസ്തു പഠിക്കാനായിരുന്നില്ല ഞാൻ വന്നത്.”
ഞാൻ ഒരു നിമിഷം നിർത്തി. ആ ഉമ്മറത്തെ നിശബ്ദതയിൽ എല്ലാവരും എന്നെത്തന്നെ നോക്കുകയായിരുന്നു.
”സച്ചുച്ചേട്ടന്റെ കല്യാണത്തിന് വെച്ച് ഇവളെ കണ്ടതാ ഞാൻ. അന്ന് മുതൽ എന്റെ മനസ്സിൽ ഇവളാണ്. അതൊന്ന് തുറന്നുപറയാൻ വേണ്ടി മാത്രമാ ഞാൻ ആ കള്ളം പറഞ്ഞ് ഇങ്ങോട്ട് വന്നത്.”
പിന്നെ ഞാൻ പാർവണയുടെ അമ്മയുടെ മുഖത്തേക്ക് നോക്കി. എന്റെ വാക്കുകൾ കേട്ട് അവർ തരിച്ചിരിക്കുകയായിരുന്നു.
ഞാൻ
എല്ലാവരെയും നോക്കി തുടർന്നു. ആ വാക്കുകളിൽ വലിയൊരു ഉറപ്പുണ്ടായിരുന്നു.
“മുത്തശ്ശനും അമ്മാവനും ഒന്നും പേടിക്കണ്ട. ഇവളെ ഞാൻ ഒളിച്ചോടി
കൊണ്ടുപോകാനൊന്നും വന്നതല്ല. എന്റെ വീട്ടിൽ എല്ലാവർക്കും ഈ കാര്യങ്ങൾ അറിയാം. എന്റെ അമ്മയും ചേച്ചിയും നാളെയോ മറ്റന്നാളോ ഇങ്ങോട്ട് വരും… നിങ്ങളുടെ സ്വന്തം കുട്ടിയായിട്ട്, ഒരു കുറവും വരുത്താതെ അവളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അതുവരെ അവനല്ല, ആര് വന്നാലും ഇവളുടെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല.”
