മാത്യു ഫോൺ വെച്ച് നതാഷയുടെ അടുത്തേക്ക് വന്നു.
“ലില്ലി പറഞ്ഞു ഇന്നലെ നതാഷ മാഡം ഉച്ചക്ക് തന്നെ വല്ലാതെ തളർന്നിരുന്നു എന്ന്. നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നമുക്ക് പണത്തിന് ബുദ്ധിമുട്ടില്ലല്ലോ.”
നതാഷ വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ നതാഷയുടെ ഉള്ളിൽ ലെനയുടെ ആ വീഡിയോയിലെ വാക്കുകൾ വീണ്ടും മുഴങ്ങി:
“ചിലർ വരുന്നത് നിങ്ങളുടെ സന്തോഷം നശിപ്പിക്കാനാണ്.!!!”
അന്ന് പകൽ മുഴുവൻ മാത്യു നതാഷയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു.
അവൾക്ക് ഭക്ഷണം കൊണ്ടു കൊടുത്തും, പ്രിയപ്പെട്ട പാട്ടുകൾ വെച്ചും അയാൾ അവളെ ശുശ്രൂഷിച്ചു.
മാത്യുവിന്റെ സ്നേഹം കൂടുംതോറും നതാഷയുടെ ഉള്ളിലെ കുറ്റബോധം ഒരു കനലായി എരിഞ്ഞു.
അന്ന് ഉച്ചക്ക് ശേഷം നതാഷയുടെ തളർച്ച മാറ്റാനായി മാത്യു അവളെ നിർബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയി.
എയർകണ്ടീഷൻ ചെയ്ത ആ തണുത്ത മുറിക്കുള്ളിൽ, പോപ്‌കോണിന്റെ മണത്തിനിടയിൽ മാത്യുവിന്റെ തോളിൽ തലചായ്ച്ച് ഇരിക്കുമ്പോഴും നതാഷയുടെ മനസ്സ് ലെനയുടെ വീഡിയോയിലെ ആ ഭീകരമായ മുന്നറിയിപ്പുകളിലായിരുന്നു.
അതേ സമയം ഉച്ചതിരിഞ്ഞു സെക്യൂരിറ്റി വക്കച്ചൻ മാത്യു ഡോക്ടർക്ക് നതാഷയുടെ വഴിവിട്ട ബന്ധത്തെ കുറിച്ചു ചെറിയ ഒരു സൂചന നൽകി ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം എന്ന് ഉറപ്പിച്ചിരുന്നു.
ഉച്ചഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചശേഷം അയാൾ നഗരത്തിലെ ഒഴിഞ്ഞ കാളിങ് ബൂത്ത് അന്വേഷിച്ചു നടന്നു..
അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കടലാസ് കഷണത്തിലേക്ക് നോക്കി.
രാവിലെ തന്നെ മാത്യു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും അയാൾ മാത്യുവിന്റെ പേഴ്സണൽ നമ്പർ തന്ത്രപരമായി കൈക്കലാക്കിയിരുന്നു.
വിറയ്ക്കുന്ന വിരലുകളോടെ അയാൾ ആ നമ്പർ ഡയൽ ചെയ്തു.
അതേസമയം, തിയേറ്ററിനുള്ളിൽ സിനിമയുടെ നിർണ്ണായക രംഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മാത്യുവിന്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്തു.
അപരിചിതമായ നമ്പറായതിനാൽ അയാൾ ആദ്യം അവഗണിച്ചെങ്കിലും വീണ്ടും ബെൽ അടിച്ചപ്പോൾ നതാഷയെ നോക്കി ഒന്ന് ചിരിച്ച് അയാൾ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങി.
മാത്യു: “ഹലോ… ആരാണ്?”
പുറത്തെ ബഹളം കാരണം മാത്യുവിന് ഒന്നും വ്യക്തമാകുന്നില്ലായിരുന്നു.
വക്കച്ചൻ: (ശബ്ദം മാറ്റിപ്പിടിച്ച്) “ഹലോ… മാത്യു ഡോക്ടർ അല്ലേ? ഹലോ…
കേൾക്കുന്നില്ലേ? ആ ഡോക്ടറെ…
ഇന്നലെ അർദ്ധരാത്രി ഡോക്ടറുടെ ഭാര്യയെ വേറെ ഒരാളുടെ കൂടെ കണ്ടല്ലോ… സാറ് ഇതൊക്കെ അറിഞ്ഞോ?”
മാത്യു ആദ്യം ഒന്ന് സ്തംഭിച്ചു പോയി.
പക്ഷേ പെട്ടെന്ന് തന്നെ അയാൾ സ്വയം നിയന്ത്രിച്ചു.
തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ആരോ അപവാദം പറയുകയാണെന്ന ചിന്ത അയാളെ പ്രകോപിപ്പിച്ചു.
മാത്യു: (ദേഷ്യത്തോടെ) “ഹലോ! ആ… അത് നതാഷ രാത്രി റേഡിയോ ഷോ കഴിഞ്ഞ് ഒരു പഴയ പേഷ്യന്റിനെ കണ്ടതാവാം.
അതൊക്കെ പറയാൻ താൻ ആരാടാ? എന്റെ ഭാര്യയെ എനിക്ക് വിശ്വാസമാണ്.
ഇങ്ങനെയുള്ള ഓരോരോ അനാവശ്യ കാര്യങ്ങൾ പറയാൻ ഇനി മേലാൽ ഈ നമ്പറിലേക്ക് വിളിച്ചുപോകരുത്!”
മാത്യു അയാളെ രണ്ട് തെറി പറയുകയും ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്യുകയും ചെയ്തു.
തിയേറ്ററിനുള്ളിലേക്ക് തിരികെ കയറുമ്പോൾ മാത്യുവിന്റെ മുഖത്ത് അല്പം ദേഷ്യമുണ്ടായിരുന്നെങ്കിലും നതാഷയെ കണ്ടപ്പോൾ അയാൾ അത് മറക്കാൻ ശ്രമിച്ചു.
ഫോൺ ബൂത്തിനുള്ളിൽ വക്കച്ചൻ സ്തംഭിച്ചു നിന്നുപോയി.
മാത്യുവിന് ഭാര്യയിലുള്ള വിശ്വാസം തന്റെ കണക്കുകൂട്ടലുകളെക്കാൾ വലുതാണെന്ന് അയാൾക്ക് മനസ്സിലായി.
വക്കച്ചൻ: (മനസ്സിൽ) “ഇത്രയും വിശ്വാസമുള്ള ഒരാളോട് വെറും വാക്ക് പറഞ്ഞിട്ട് കാര്യമില്ല.!!
