എന്താ ഉണ്ണിയേട്ടാ പറ്റിയെ
സമീറയുടെ പരിഭ്രാന്തമായ സ്വരം
എന്താടി
എത്ര നേരമായി ഞാൻ വിളിക്കുന്നു എന്തോരം നേരം ബെല്ലടിച്ചു
ഞാൻ ഉറങ്ങി പോയെടി
എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ഉറക്കം വേഗം വാതിൽ തുറന്നെ ഞാനങ്ങു വരുവാ
ങ്ഹാ ശരി
ഞാൻ ഒരു കൈലി മുണ്ട് എടുത്തു ഉടുത്തു മുൻവശത്തെ വാതിലിന്റെ ബോൾട്ട് തുറന്നിട്ട് വീണ്ടും വന്നു കിടന്നു
രണ്ട് മിനിറ്റ് പോലും ആയില്ല സമീറയും സൈനബ താത്തയും കൂടി വീട്ടിലേക്കു വന്നു
എന്താടാ ഉണ്ണി നിനക്ക് സുഖമില്ലേ
ഇത്താ മുറിയിലേക്ക് കയറി എന്റെ കവിളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു
ഞാൻ എഴുനേറ്റിരുന്നു
ഒന്നുമില്ലിത്ത കുറെ പഠിക്കാൻ ഉണ്ടായിരുന്നു ഒരുപാട് വൈകി കിടന്നപ്പോൾ
ഹോ ഇവള് രാവിലെ മനുഷ്യനെ പേടിപ്പിച്ചു
ഞാൻ ശരിക്കു പേടിച്ചു പോയി ഉണ്ണിയേട്ടാ
എത്ര നേരം ബെല്ലടിച്ചു എന്തോരം വിളിച്ചു
ഒരു സൺഡേ എങ്കിലും എനിക്കിത്തിരി സമാധാനം താടി
ആ വാതിൽ തുറന്നു തന്നിട്ട് എന്ത് വേണേൽ ആയിക്കൂടെ ഞാൻ എന്തോരം പേടിച്ചു ന്നറിയോ
ഞാൻ ചത്ത് പോയിന്നു കരുതിയോ
പ്ടെ
ഒറ്റയടി വീണു എന്റെ കവിളിൽ
മേലിൽ ഇങ്ങനെ പറയരുത്
ഉമ്മയാണോ അതോ മോളാണോ അടിച്ചത് എന്ന് പോലും മനസിലായില്ല മിന്നലു പോലുള്ള അടി ആയിരുന്നു
അത് ശരി എന്നെ തല്ലാനാണോ തള്ളേം മോളും കൂടി വിളിച്ചു എഴുനേൽപ്പിച്ചേ
ഉണ്ണിയേട്ടൻ ഇല്ലേൽ ഞാനുണ്ടോ എനിക്ക് വേറാരാ ഉള്ളെ
പൊട്ടിക്കരഞ്ഞു കൊണ്ടു സമീറ അടി കൊണ്ട കവിളിൽ ഉമ്മ വെച്ചു കൊണ്ടെന്നേ കെട്ടി പിടിച്ചു
നിങ്ങൾക്ക് ഒന്നും പറയാനില്ലേ തള്ളേ നിങ്ങടെ മോള് എന്നെ തല്ലി ഇപ്പൊ ദേ ഉമ്മ വെക്കണ്
നിങ്ങളെന്തൊരു തള്ളയാണ്
നിന്റെ മോള് നിന്റെ മോന്ത നിങ്ങളായി നിങ്ങടെ പാടായി ഞാൻ പോണ് ഇത്ത ചിരിച്ചു കൊണ്ട് ഇറങ്ങി പോയി
എന്റെ മോള് ഒരുപാട് പേടിച്ചോ
ഉണ്ണിയേട്ടൻ ഫോൺ എടുക്കാൻ കുറച്ചു കൂടി വൈകിയിരുന്നേൽ എന്റെ മയ്യത്ത് എടുക്കേണ്ടി വന്നേനെ
അവളുടെ കണ്ണുകൾ തുളുമ്പി
നീ പോയി ചായ ഉണ്ടാക്ക് ഞാനൊന്നു കുളിക്കട്ടെ
ഉണ്ണിയേട്ടാ……
എന്നാടി
സോറി ഞാനെന്റെ സങ്കടം കൊണ്ടു ചെയ്തതാ ട്ടോ
പോടീ പെണ്ണെ പോയി ചായയിട്
എന്നെയൊന്നു കെട്ടിപിടിച്ചേ
ഹോ ഇവൾടെ ഒരു കാര്യം
ഞാൻ
എഴുനേറ്റു നിന്നു സമീറയെ ചേർത്തു പിടിച്ചു കവിളിൽ ഒന്നുമ്മ വെച്ചു
അവൾ പുറത്തേക്കിറങ്ങി
ഉമ്മി പോയില്ലാരുന്നോ
സൈനബ താത്ത പുറത്ത് നിന്നു നിറഞ്ഞൊഴുകിയ കണ്ണു തുടക്കുന്നു
നിങ്ങൾക്കിതു എന്ത് പറ്റി
ഒന്നുമില്ലെടാ ഞാൻ പോവാ
ഇത്ത പോയി
ഞാൻ കുളിക്കാൻ കയറി
രാത്രിയിലെ കാര്യങ്ങൾ ഓർക്കുമ്പോൾ മനസിലൊരു നടുക്കം
ഒന്നവിടെ വരെ പോയി നോക്കിയാലോ അരാ എന്താന്ന് ഒക്കെ അറിയാൻ പറ്റിയാലോ
കുളി കഴിഞ്ഞിറങ്ങി പാന്റ്സും ഷർട്ടും എടുത്തിടുന്ന കണ്ട് സമീറ ചോദിച്ചു
ഉണ്ണിയേട്ടൻ എങ്ങോട്ടാ
ഒന്ന് ടൗൺ വരെ പോയിട്ട് വരാടി
വേഗം വരൂലേ
രണ്ട് മൂന്നു മണിക്കൂർ എങ്കിലും കഴിയും എന്താടി
അവള് കൊണ്ടു വന്ന ചായ ഒരിറക്കു കുടിച്ചു
ഏയ് ഒന്നൂല
ശരി ഞാൻ പോയിട്ട് വരാം
ചായ കുടിച്ചില്ല ല്ലോ
മതിയെടി
ഞാൻ ബൈക്ക് എടുത്ത് പാഞ്ഞു
മെയിൻ റോഡ് വഴി ജാസ്മിന്റെ വീടിരിക്കുന്ന വഴിയിൽ എത്തി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ലോക്കൽ ന്യൂസ് ചർച്ച ചെയ്യപ്പെടുന്ന രണ്ടിടങ്ങളാണല്ലോ ചായക്കടയും ബാർബർ ഷോപ്പും
ചേട്ടാ ഒരു ചായ
കഴിക്കാൻ എന്തുവാ
ഒരു പഴം പുഴുങ്ങിയത് തന്നേരെ
കടയിൽ കുറച്ചു പേര് ഇരിപ്പുണ്ട് എങ്കിലും അവരൊന്നും ഞാൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല അവരു വേറെന്തോ ചർച്ചയിലാണ്
ഒരു ജീപ്പ് പൊടി പറത്തി വന്നു നിന്നു
അതിൽ നിന്ന് ഒരു ഖദർധാരി ഇറങ്ങി കടയിലേക്ക് കയറി
എന്തായി കുഞ്ഞുമോനെ
കടയിൽ ഇരുന്ന ഒരാൾ വന്നയാളോട് ചോദിച്ചു
ചത്തിട്ടില്ല പക്ഷെ നല്ല മുറിവാ കുടൽ മുഴുവൻ പല കഷണങ്ങളാക്കിയാ ഇട്ടിട്ടു പോയെ
പിന്നെ പുണ്യാളനോട് കളിച്ചാ വെറുതെ വിടുമോ കുന്തത്തിൽ കോർത്ത് എറിഞ്ഞതാവും
അടുത്തയാളുടെ കമെന്റ്
എവിടത്തുകാരാനാന്നു വല്ലോം അറിഞ്ഞോ
കണ്ടിട്ട് പാണ്ടിയാന്നാ തോന്നണേ ബോധം തെളിഞ്ഞാ അറിയാം
