സ്റ്റീരിയോയിൽ പാട്ട് മാറിയിട്ടുണ്ട്, മെലഡി കിംഗ് വിദ്യാസാഗറിന്റെ ഒരു മാസ്റ്റർപീസ് ഐറ്റമാണിപ്പോ പ്ലേ ആവുന്നത്….
🎶മലരേ…. മൗനമാ, മൗനമേ…. വേദമാ
മലർഗൾ… പേസുമാ…….
പേസിനാൽ ഓയുമാ അൻപേ….🎶
എന്ന് തുടങ്ങുന്ന ഗാനവും ആസ്വദിച്ചുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു…
ദേവു ഇപ്പോഴും കണ്ണടച്ച് പാട്ട് ആസ്വദിക്കുകയാണ്….. അമ്മുവിന്റെ ശ്രദ്ധ പാട്ടിലായിരുന്നില്ല, വഴിയോര കാഴ്ചകളിലായിരുന്നു…
ഞങ്ങളുടെ ജീവിതയാത്ര ആ നേർവഴിയിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…
*****
“””””ഹായ് ബാംഗ്ലൂര് എത്തീ…. ബാംഗ്ലൂരെത്തീ…….””””””
കുറച്ചു നേരം അങ്ങനെ മുന്നോട്ട് പോയപ്പോ Welcome To Garden City- Bangalore എന്നെഴുതിയ പച്ചനിറത്തിലുള്ള വലിയ ബോർഡ് കണ്ട് അമ്മു ആർത്ത് വിളിച്ചു…
അത് കേട്ടാണ് അത്രേം നേരം പാട്ടിൽ മുഴുകിയിരുന്ന ദേവു കണ്ണ് തുറന്നത്….
ഫ്ലാറ്റിന്റെ ലൊക്കേഷൻ മാപ്പ് കയ്യിലുള്ളത് കൊണ്ട് പിന്നീടുള്ള യാത്ര അതനുസരിച്ചായിരുന്നു….
ജോലിയും താമസസ്ഥലവും എല്ലാം ശരിയാക്കി തന്ന ശേഷമാണ് കുട്ടൻ മാമൻ ജപ്പാനിലേക്ക് പോയത്, ഇനി ഈ അടുത്ത കാലത്തൊന്നും ആള് നാട്ടിലേക്ക് വരില്ല എന്നാണ് പറഞ്ഞത്…
യെലഹങ്ക എന്നൊരു സ്ഥലത്താണ് കുട്ടൻ മാമൻ ഞങ്ങൾക്ക് താമസിക്കാനുള്ള ഫ്ലാറ്റ് ഏർപ്പാടാക്കി തന്നത്, അവിടന്ന് എനിക്ക് ജോലിക്ക് പോവാൻ എളുപ്പമാണത്രെ….. പുള്ളിയുടെ ഏതോ ഫ്രണ്ടിന്റെ പരിചയത്തിലുള്ള ഒരാളുടെ കമ്പനിയിലാണ് ജോലി…. അക്കൗണ്ട്സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക്, മാസം പതിനെട്ടായിരം സാലറി….
സത്യം പറഞ്ഞാ ഈ ജോലിയോ ശമ്പളമോ ഒന്നും എനിക്കൊരു വിഷയമേ അല്ലായിരുന്നു, കാരണം ഈ മാറ്റം…. അത് അനിവാര്യമാണ്…
അങ്ങനെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യെലഹങ്കയിലുള്ള ഫ്ലാറ്റിന് മുന്നിലെത്തുമ്പോ സമയം വൈകീട്ട് ആറ്മണി കഴിഞ്ഞിരുന്നു…. രാവിലെ അമ്പലത്തീന്ന് ദേവൂന്റെ കഴുത്തിൽ താലി ചാർത്തിയ ശേഷം റോഷനോടും ചിത്രയോടും യാത്ര പറഞ്ഞ് നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചതാണ്, ഇപ്പോ ഏകദേശം ഒൻപത് മണിക്കൂറായി….
വരുന്ന വഴിക്ക് രണ്ടിടത് ഹാൾട് ചെയ്തു, അതാണ് ഇത്രേം വൈകിയത്…… എന്തായാലും കാറ് പാർക്കിങ് ലോട്ടിൽ നിർത്തി ബാഗുകളും തൂക്കി ഇറങ്ങുമ്പോ ദേവൂന്റേം അമ്മുവിന്റേം മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി രണ്ടാളും സൈഡ് ആയിട്ടുണ്ടെന്ന്, എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…..
കാറിൽ കൊള്ളുന്ന അത്യാവശ്യമുള്ള ലഗേജ് മാത്രമേ എടുത്തിട്ടുള്ളു, അതെല്ലാം എടുത്ത് തൂക്കി പിടിച്ച് ഞങ്ങൾ മൂന്നുപേരും അകത്തേക്ക് നടന്നു…..
ഫ്ലാറ്റ് പുറമേന്ന് കാണാനൊക്കെ ഒരു മെനയുണ്ട്, നല്ല സ്പേസ് ഒക്കെയുണ്ട്…. അമ്മൂന്റെ നോട്ടം കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ചെറിയൊരു പാർക്ക് പോലത്തെ ഏരിയയിലേക്കാണ് പോയത്, അങ്ങോട്ട് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കിയാണ് പെണ്ണ് അകത്തേക്ക് കയറിയതും…..
റിസെപ്ഷനിൽ ഇരുന്ന മദ്യവയസ്ക്കനോട് ഞാൻ പോയി കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഞാൻ പറഞ്ഞ മലയാളമോ തമിഴോ ഇംഗ്ലീഷോ ഒന്നും അങ്ങേർക്ക് മനസ്സിലായില്ല, അയാള് തിരിച്ച് പറഞ്ഞ കന്നഡയും ഹിന്ദിയും ഒന്നും എനിക്കും കാര്യായിട്ട് കത്തിയില്ല…… ഒടുക്കം സ്കൂളിൽ പഠിച്ച ഹിന്ദിയൊന്നും മറന്നിട്ടിലാത്ത ദേവു ഇടപ്പെട്ടു, പിന്നെ അവർ തമ്മിൽ നമ്മുടെ രാഷ്ട്രഭാഷയിൽ ഹാ ഹൂ ഹീ പറയുമ്പോ എന്നെ പോലെ തന്നെ ഹിന്ദി സീരിയലുകൾ മലയാളത്തിലേക്ക് ഡബ് ചെയ്തത് ഇരുന്ന് കാണുന്ന അമ്മുവും വാ പൊളിച്ച് നോക്കി നിൽക്കുകയായിരുന്നു…
അങ്ങനെ ആ സംഭാഷണത്തിനൊടുവിൽ പുള്ളി ഞങ്ങളേം കൂട്ടി ലിഫ്റ്റിന് നേരെ
നടന്നു, എന്നിട്ട് അതിൽ കയറി മൂന്നാം നിലയിലേക്കും….. “3C”….. അതായിരുന്നു ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ച അപാർട്ട്മെന്റ്…. പുള്ളീടെ കയ്യിൽ നിന്നും ദേവു തന്നെ കീ വാങ്ങി തുറന്നു…
പുതിയൊരു തുടക്കത്തിലേക്കുള്ള കാൽവെപ്പ്, ഞങ്ങൾ മൂന്നുപേരും വലത് കാല് വെച്ചു തന്നെ കയറി….
