കള്ള ചേട്ടന് പണ്ടു മുതലേ ഒരു ഭക്തിയും ഇല്ലാത്തതാണ്. ഒന്നുകില്‍ ആന്റിയോ അല്ലെങ്കിൽ ഡെയ്സിയോ ചേട്ടനെ വില്‍ക്കുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി ക്കൊണ്ട് ചേട്ടൻ പള്ളിയില്‍ പോയിട്ടുള്ളത്. ഇപ്പൊ എനിക്കുവേണ്ടി മാത്രമാണ് ചേട്ടൻ പള്ളിയില്‍ വന്നതെന്നും അറിയാം. ചേട്ടന്‍ അകത്ത് വന്നതും, എല്ലാവരും എഴുന്നേറ്റാണ് നില്‍ക്കുന്നതെന്ന് കണ്ടിട്ടും കൂടി, നേരെ ബെഞ്ചിൽ കേറി ഇരിക്കുകയാണ് ചേട്ടൻ ചെയ്തത്.
ഞാൻ ഒരു നുള്ള് കൊടുത്തിട്ട് തുറിച്ചുനോക്കി, ഉടനെ ചേട്ടൻ ഞങ്ങൾ എല്ലാവരെയും പോലെ എണീറ്റു നിന്നിട്ട് രണ്ടു പോക്കറ്റിലും കൈയിട്ട് നിന്നു. ഞാൻ പിന്നെയും നുള്ളി. ഉടനെ പോക്കറ്റില്‍ നിന്നും കൈ മാറ്റി മുഖം വീർപ്പിച്ചു കൊണ്ട് ഷർട്ടിന്റെ ഏറ്റവും താഴത്തെ ബട്ടണ്‍ ഊരിയും ഇട്ടും കളിക്കാന്‍ തുടങ്ങി. ഞാൻ പിന്നെയും നുള്ളി. ചേട്ടൻ ബട്ടൺസ് വിട്ടിട്ട് മുഖവും വീർപ്പിച്ച് അള്‍ത്താരയും നോക്കി നിന്നു.
അതിനുശേഷം എഴുനേറ്റ് നില്‍ക്കേണ്ട സമയത്തും മുട്ടുകുത്തി നില്‍ക്കേണ്ട സമയത്തും എല്ലാം ഓരോ നുള്ള് കൊടുത്താണ് ചേട്ടനെ അതെല്ലാം ചെയ്യിപ്പിച്ചത്. ഇരിക്കാനുള്ള സമയം വരുമ്പോ മാത്രം ചേട്ടൻ ചാടിക്കേറി ഇരുന്നിട്ട് കുസൃതി കുട്ടികളെ പോലെ എനിക്ക് നാക്കു നീട്ടി കാണിക്കും.
എനിക്ക് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു. ചേട്ടന്റെ കൊപ്രായങ്ങളും എന്റെ നുള്ളലും എല്ലാം, ഞങ്ങളുടെ അതേ ബെഞ്ചിലിരിക്കുന്നവരും, ഞങ്ങൾക്ക് പുറകില്‍ ഇരിക്കുന്ന ചിലരും കണ്ട് അടക്കി ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്നിട്ടും ചേട്ടന് ഒരു കൂസലുമില്ല. ഞാൻ നുള്ളിയാലേ ഓരോന്നും ചെയ്യത്തുള്ളു. കള്ള ചേട്ടനോട് എനിക്ക് ഒരുപാട് ഇഷ്ട്ടം കൂടി. കുഞ്ഞ് കുട്ടികളെ ചെയ്യുന്നത് പോലെ ചേട്ടനെ എന്റെ മടിയില്‍ പിടിച്ചിരുത്തി എന്റെ മാറോട് ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹം ഉണ്ടായി.
ചില പെൺകുട്ടികൾ ചേട്ടനെ ഒരുതരം ഇഷ്ടത്തോടെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അതുകണ്ട് എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാൻ മുഖം ചുളിച്ച് അവരെ കലിയിൽ നോക്കി. ഉടനെ അവർ നേരെ നോക്കിയിരുന്നു. പക്ഷേ ഇടക്കിടക്ക് ചേട്ടനെ അവർ നോക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.
മാസ് കഴിഞ്ഞ് ഞങ്ങൾ പുറത്തുവന്നതും ആത്മഗതം പോലെ ചേട്ടൻ പറഞ്ഞു, “ദൈവമേ, വെറും പാവമായ ഞാൻ നിന്നോട് പ്രാര്‍ത്ഥിക്കാന്‍ വന്നു. പക്ഷേ നിന്റെ ഈ സുന്ദരി മാലാഖയെ കൊണ്ട് വെറും നുള്ളുകൾ ആണല്ലോ എനിക്ക് വരമായി തന്നത്…!! ഇളക്കി മറിച്ച തേനീച്ച കൂടിനെ കെട്ടിപിടിച്ചിരുന്നെങ്കിൽ പോലും എനിക്ക് കിട്ടിയ നുള്ളിന്റെ പകുതി കുത്തുകൾ പോലും കിട്ടില്ലായിരുന്നു.”
ചേട്ടന്റെ പറച്ചില്‍ കേട്ട് ഞാൻ പരിസരം മറന്നു ചിരിച്ചു. സുന്ദരി മാലാഖ എന്നു പറഞ്ഞതില്‍ നാണവും വന്നു. ഞങ്ങളെ കൂടെ പള്ളിയില്‍ നിന്നും ഇറങ്ങി വന്നവരിൽ ചിലരും ചേട്ടൻ പറയുന്നത് കേട്ടപ്പോ ചിരിച്ചുപോയി.
“അതിന് ചേട്ടൻ എപ്പഴാ പ്രാര്‍ത്ഥിച്ചത്… കീ കൊടുക്കുന്ന കളിപ്പാട്ടം പോലെയല്ലേ പള്ളിയില്‍ ഇരുന്നത്!!” ഞാൻ കളിയാക്കി. അപ്പോഴും ഞങ്ങൾക്ക് അടുത്തായി നിന്നിരുന്നവരെക്കെ ചിരിച്ചു. ചേട്ടനും കൂടെ ചിരിച്ചു.
അതുകഴിഞ്ഞ് ചില സ്ത്രീകൾ എന്നോട് സംസാരിക്കാനായി എന്റെ അടുത്തു വന്നതും ചേട്ടൻ ദൂരേക്ക് മാറി നിന്നു. ആ സ്ത്രീകളോട് ഞാൻ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ഇടക്കിടക്ക് എന്റെ നോട്ടം ചേട്ടന്റെ മേല്‍ വീണു. ചില ആണുങ്ങള്‍ ചേട്ടനോട് സംസാരിക്കുന്നത് കണ്ടു. രണ്ടുമൂന്ന് പെണ്‍കുട്ടികളും ചേട്ടനോട് എന്തോ തമാശ പറഞ്ഞു ചിരിച്ചിട്ട് പോയി.
ആ പെൺകുട്ടികൾ ചേട്ടനോട് സംസാരിച്ചപ്പൊ എന്റെ ഹൃദയത്തിൽ തേനീച്ച കൊട്ടിയത് പോലെ നൊന്തു.
കുറെ പയ്യൻമാരും ചില വലിയ ആണുങ്ങളും എന്നെ ഒളികണ്ണിട്ടും നേരിട്ടും നോക്കി ആസ്വദിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ചിലരൊക്കെ എന്നെ കുറിച്ച് കമന്റ് ചെയ്യുന്നതും ഞാൻ കേട്ടു. അതൊക്കെ ചേട്ടനും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ നോട്ടവും കമന്റുകളും മോശമായ തരത്തില്‍ അല്ലായിരുന്നു. അതുകൊണ്ട് എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു.
