“അതേ, കഴിക്കാം.” ഡാലിയ നാണത്തോടെ പറഞ്ഞിട്ട് എന്റെ മേല്‍ നിന്നും നോട്ടം മാറ്റി.
കിച്ചനിൽ മേശപ്പുറത്ത് അടച്ചു വച്ചിരുന്ന ഹോട്ട് ബോക്സ് ഓരോന്നായി ഡാലിയയും അല്ലിയും തുറന്നതും കൊതിപ്പിക്കുന്ന മണം മൂക്കിനെ തുളച്ചു. എന്റെ നാവില്‍ വെള്ളം ഊറി വന്നു.
“അടിപൊളി.. എന്തുമാത്രം ഐറ്റംസ് ആണ് നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്?!” ആശ്ചര്യത്തോടെ വിഭവങ്ങള്‍ ഓരോന്നായി കൊതിയോടെ നോക്കി കൊണ്ട് ഞാൻ അവരെ പുകഴ്ത്തി. “ഇതൊക്കെ കണ്ടു തന്നെ പകുതി വയറും നിറഞ്ഞു.” കൊതി വെള്ളം ഇറക്കി കൊണ്ട് ഞാൻ പറഞ്ഞതും അവര്‍ മൂന്നുപേരും ചിരിച്ചു.
“അണ്ണാ, വൈനും ഇരുക്ക്.” അരുള്‍ പറഞ്ഞു.
അപ്പോഴാണ് മേശപ്പുറത്തു വച്ചിരുന്ന കുപ്പി ഞാൻ ശ്രദ്ധിച്ചത്. കുപ്പിയിൽ ബ്രാൻഡ് സിറ്റിക്കർ ഇല്ലായിരുന്നു. ഹോം മേഡ് വൈൻ ആണെന്ന് മനസ്സിലായി.
അവന്റെ ചില രഹസ്യങ്ങള്‍ എനിക്കറിയാം എന്നപോലെ അരുളിനെ ഞാനൊന്ന് ഇരുത്തി നോക്കി. അതുവരെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നവൻ അല്‍പ്പം അസ്വസ്ഥതയോടെ നോട്ടം പിന്‍വലിച്ച് മേശപ്പുറത്തു നിരത്തിയിരുന്ന ഭക്ഷണങ്ങളിലാക്കി.
അരുളിന് അവന്റെ പരിചയത്തിലുള്ള ഒരു ഇളം വിധവയുണ്ട്. അരുളിന്റെ അതേ പ്രായം. കുട്ടികൾ ഒന്നും അവള്‍ക്കില്ല. അവളും, പിന്നെ അവളുടെ നേതൃത്വത്തിലുള്ള അവളുടെ ബന്ധുക്കളും ചേര്‍ന്നാണ് ഏതു തരം കേക്കുകളും, പല വ്യത്യസ്തമായ ബേക്കറി ഐറ്റംസും, ലഹരി ഉള്ളതും ഇല്ലാത്തതുമായ വൈനുകളും, തുടങ്ങി മറ്റനേകം ഐറ്റംസും സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാക്കുന്നത്. കുന്നൂരിൽ നിന്നും മാത്രമല്ല, അടുത്തുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ബേക്കറി നടത്തിപ്പുക്കാർ പോലും അവിടെയാണ് ഡെയ്ലി ഓര്‍ഡര്‍ കൊടുത്ത് വേണ്ടതൊക്കെ വാങ്ങിക്കുന്നത്. കൂടാതെ ഒരുപാട് കല്യാണ വീടുകളില്‍ നിന്നും, വിശേഷ വീടുകളില്‍ നിന്നുമൊക്കെ ഓര്‍ഡര്‍ ചെല്ലുന്നതും അവിടെയാണ്.
അരുള്‍ വല്ലപ്പോഴുമൊക്കെ ഒരു കുപ്പി ലഹരി വൈനുമായി എന്റെ കോട്ടേജിലേക്ക് വരാറുണ്ട്. ഞാനും അവനും മാത്രമേ കുടിക്കു.. അല്ലി കുടിക്കില്ല.
പിന്നേ അരുള്‍ എന്നോട് പറഞ്ഞിട്ടില്ലെങ്കിലും.. ആ വിധവ പെണ്ണുമായി അരുള്‍ അടുപ്പത്തിലാണെന്ന് എനിക്കറിയാം. ഞാൻ അവനോട് അതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല. അവന് എന്നോട് പറയാന്‍ താല്‍പര്യം ഉണ്ടെങ്കിൽ പറയട്ടെ എന്നു കരുതി വിട്ടു. അവനും അവളുമായുള്ള ബന്ധം എനിക്കറിയില്ല എന്നാണ് അവന്റെ വിചാരം.
“ഇത് വെറും ഫ്രൂട്ട് വൈൻ ആണോ?” ഡാലിയ ചോദിച്ചു.
ഡെയ്സിയും, ഡാലിയയും, ആന്റിയും, വല്യമ്മയുമൊക്കെ കല്യാണ ഫങ്ക്ഷനിൽ കൊടുക്കാറുള്ള ഫ്രൂട്ട് വൈൻ കുടിക്കാറുണ്ട്… പക്ഷേ അതിൽ ലഹരി ഉണ്ടെങ്കിൽ അവർ അതിനെ കളയും.
“ഇതുല ബ്രാണ്ടി മിക്സ് ഉണ്ട്, അക്കാ..” അരുൾ പറഞ്ഞു.
“ഓ… വെറും ഫ്രൂട്ട് ആയിരുന്നെങ്കില്‍ ഞാൻ ഒരല്‍പ്പം ടേസ്റ്റ് നോക്കുമായിരുന്നു… പക്ഷേ ഇത് എനിക്ക് വേണ്ട.” ഡാലിയ പറഞ്ഞു. “ശെരി ചൂടാറും മുമ്പ് നമുക്ക് ഫുഡ് കഴിക്കാം.”
അങ്ങനെ ഞങ്ങൾ രസമുള്ള അല്ലറചില്ലറ കാര്യങ്ങൾ പങ്കുവെച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി. ഞാനും അരുളും ഭക്ഷണത്തോടൊപ്പം വൈനും സേവിച്ചു.
“ഇതിന് അത്ര കിക്കില്ല. അല്‍പ്പം കുടിച്ചു നോക്കുന്നോ.” ഡാലിയയോട് പറഞ്ഞിട്ട് ഞാൻ കുടിച്ചുകൊണ്ടിരുന്ന അതേ ഗ്ലാസ്സ് അവള്‍ക്ക് നേരെ നീട്ടി.
ഉടനെ ആ കണ്ണുകള്‍ വിടര്‍ന്നു. ഒരു പുഞ്ചിരി വിരിഞ്ഞു. മുഖത്ത് സന്തോഷം നിറഞ്ഞു.
ഞാൻ കുടിച്ച അതേ ഗ്ളാസ് നീട്ടിയത് കൊണ്ടാണോ എന്തോ, എനിക്കറിയില്ല. ഒരു മടിയും കൂടാതെ ഡാലിയ എന്റെ ഗ്ലാസ്സ് വാങ്ങി അതിൽ ഉണ്ടായിരുന്ന വൈനിൽ കുറച്ച് കുടിച്ച ശേഷം ഗ്ളാസ് തിരികെ തന്നു. എന്നിട്ട് വൈൻ തലയ്ക്ക് പിടിച്ചത് പോലെയാണ് ഞങ്ങളെ നോക്കിയത്.
“ദൈവമേ…. ചേട്ടാ…. ഇതിന് കിക്ക് ഇല്ലെന്ന് പറഞ്ഞിട്ട് എന്റെ തലയ്ക്കകത്ത് എന്തോ ആകുന്നു…” ഡാലിയ വേഗത്തിൽ കണ്ണുകൾ ചിമ്മിച്ചിമ്മി ഞങ്ങൾ മൂന്നു പേരെയും മാറിമാറി നോക്കി. അതുകണ്ട് ഞങ്ങൾ ചിരിച്ചു.
