“അതിനെന്താ… നമുക്ക് ഡ്രോപ്പ് ചെയ്യാമല്ലോ.”
ചേട്ടൻ പറഞ്ഞതും ഞാൻ മുന്നിലും അവർ പുറകിലും കേറി. തിരികെ സെക്യൂരിറ്റി ഗേറ്റില്‍ വന്നപ്പോ വേറൊരു സെക്യൂരിറ്റിയാണ് വേഗം പുറത്തേക്ക് വന്ന് ആം ബാരിയർ തുറന്നു തന്നത്. അയാളും ചേട്ടനെ നോക്കി പുഞ്ചിരിച്ചു.. കൈ പൊക്കി കാണിച്ചു. ചേട്ടനും പുഞ്ചിരിയോടെ കൈ കാണിച്ചിട്ട് പുറത്തുള്ള പാർക്കിംഗിൽ നിര്‍ത്തി.
പുറകില്‍ ഇരിക്കുന്ന മൂന്ന് പേരുടെ മുഖത്തും ആശ്ചര്യം ഇതുവരെ മാറിയിരുന്നില്ല. അവർ ഇറങ്ങിയ ശേഷം ഞങ്ങളോട് നന്ദി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
“ഒരാഴ്ച കഴിഞ്ഞ് കാണാം.” അവരോട് ഞാൻ പറഞ്ഞു. “പോകാം ചേട്ടാ.” ചേട്ടനെ നോക്കി ഞാൻ പറഞ്ഞതും ചേട്ടൻ വണ്ടി എടുത്തു.
ഒരുപാട് നേരം ചേട്ടനെ കാണാതിരുന്നിട്ട് ഇപ്പൊ കണ്ടത് തൊട്ടെ മനസ്സ് തുള്ളിച്ചാടി സന്തോഷിച്ച് കൊണ്ടിരുന്നു. നേരത്തെ ഉണ്ടായിരുന്ന പിണക്കം പോലും അലിഞ്ഞു പോയിരുന്നു.
“എന്നാ ജോലിക്ക് ജോയിൻ ചെയ്യുന്നേ..?” ചേട്ടൻ ചോദിച്ചു.
“ഒന്നാം തിയതി.”
“അപ്പോ ഇന്നു രാത്രി തന്നെ നമുക്ക് നാട്ടില്‍ പോകാം. ഈ ഒരാഴ്ച എല്ലാവരുടെയും കൂടെ നി ചിലവഴിക്ക്. ജോലിക്ക് കേറിയാല്‍ പിന്നേ തോന്നുമ്പോള്‍ എല്ലാം അവരെ നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല.”
ഇന്നു രാത്രി പോകുന്ന കാര്യം പറഞ്ഞതും എന്റെ മുഖം വാടി. സങ്കടം വന്നു.. കരച്ചില്‍ വന്നു… ഹൃദയം മുറുകി പൊട്ടുന്ന പോലെ തോന്നി.
ചേട്ടനെ വിട്ട് എനിക്ക് എങ്ങും പോകണ്ട. എന്നെ നാട്ടില്‍ വിട്ടിട്ട് ചേട്ടൻ ഇങ്ങോട്ട് തിരികെ വന്നാൽ ഒരാഴ്ച ചേട്ടനെ കാണാതെ ഞാൻ എങ്ങനെ കഴിയും…..??! എനിക്ക് നാട്ടില്‍ പോകണ്ട…!!
“പിന്നേ, നിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നത് കൊണ്ട് നിന്റെ കാര്യം അന്വേഷിച്ച് നിന്റെ നാല് കൂട്ടുകാരികളും എനിക്ക് വിളിച്ചായിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നി പുറത്തു വന്നതും അവരെ വിളിക്കാൻ പറഞ്ഞിട്ടാ വച്ചത്.”
അപ്പോഴാണ് എന്റെ മൊബൈൽ ഇപ്പോഴും ഓഫാണെന്ന കാര്യം ഓര്‍ത്തത്. ഞാൻ അതിനെ എടുത്ത് ഓണാക്കി.
“പിന്നേ അവന്മാരും വിളിച്ചായിരുന്നു. അവർ എട്ടുപേരും ഒരുമിച്ചാണുള്ളത്.. അവർ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്.” ചേട്ടൻ ആലോചിച്ചു കൊണ്ട് പറഞ്ഞു.
ഉടനെ ഞാൻ ഗായത്രിക്ക് കോൾ ചെയ്തു. എന്നിട്ട് സ്പീക്കരിലിട്ടു.
“എന്റെ ഡാലി മോളെ.. എത്ര ലക്കിയാടി നി… ഇത്ര നല്ല കമ്പനിയില്‍ ജോലി കിട്ടുന്നത് ചില്ലറ കാര്യമൊന്നുമല്ല.” കോൾ എടുത്ത ഉടനെ ഗായത്രി ഭയങ്കര ഉത്സാഹത്തോടെ കൂവി വിളിച്ചു. “പിന്നേ ആ കമ്പനിയിൽ ഇനിയും ആളെ എടുക്കുന്നുണ്ട്. ഞങ്ങൾ നാലുപേരും അവിടെ ട്രൈ ചെയ്തിട്ടുണ്ടടി മോളെ. അടുത്ത മാസം പതിനഞ്ചിന് ഞങ്ങൾ നാലു പേര്‍ക്കും ഇന്റര്‍വ്യൂ ഉണ്ട്.”
അവള്‍ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ച് ചേട്ടനെ നോക്കി.
“എന്തായാലും നി ആ സർവേ കാര്യം പറഞ്ഞത് നന്നായി… അതുകൊണ്ട് ഞങ്ങൾ അത് സ്കിപ് ചെയ്തില്ല.” അടുത്ത് ഷാഹിദയുടെ ശബ്ദമാണ് കേട്ടത്.
എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം അവരോട് ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞായിരുന്നു. പിന്നെ എന്റെ ഇന്റര്‍വ്യൂ കുറിച്ചും ഞാൻ അവരോട് വിശദമായി പറഞ്ഞിരുന്നു. പക്ഷേ അവരും ഇവിടെ ട്രൈ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും കരുതിയതല്ല.
“എന്തായാലും നന്നായി. നിങ്ങളും സെലക്ട് ആയാല്‍ എനിക്ക് സന്തോഷമേയുള്ളു..” ഞാൻ പറഞ്ഞു. “പക്ഷേ നിങ്ങൾ എല്ലാവർക്കും ചെറിയ കുട്ടികൾ ഉള്ളതല്ലേ….? അപ്പൊ പിന്നെ ഇത്ര ദൂരത്ത് വന്നാൽ എങ്ങനെ മാനേജ് ചെയ്യും? കൂടാതെ നിങ്ങളുടെ ചേട്ടന്മാരും നിങ്ങളെ വിട്ടിട്ട് എങ്ങനെ…?!”
“അതൊക്കെ നമ്മൾ ഉടനെ നേരിട്ട് കാണുമ്പോ പറയാം മോളെ…” അശ്വതിയായിരുന്നു ഇപ്പൊ സംസാരിച്ചത്.
“ഉടനെ നേരിട്ട് കാണുമ്പോ…?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു. എന്നിട്ട് ചേട്ടനെ നോക്കി.
