കോഫീ കുടിച്ച ശേഷം ചേട്ടൻ വണ്ടിയും എടുത്തു പോയി ഫ്രെഷ് ബ്രെഡ്ഡും മുട്ടയും വാങ്ങിച്ചിട്ട് വന്നു. ബ്രെഡ് മുട്ടയില്‍ മുക്കി ചുട്ടെടുത്തു കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ അതിനെ വേഗം തയ്യാറാക്കി. എന്നിട്ട് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു.
“ശെരി.. സമയം 08:10 ആയി. നി ചെന്ന് റെഡിയാവ്. നമുക്ക് പോകാം.” ചേട്ടൻ പറഞ്ഞതും ഞാൻ എന്റെ റൂമിൽ വന്നു.
റെഡിയായി ഞാൻ പുറത്ത് വരുമ്പഴേ ചേട്ടൻ ഫോണില്‍ ആയിരുന്നു. എന്നെ ക്യാഷ്വലായി ഒന്ന് സ്വീപ് ചെയ്യുക മാത്രമാണ് ചെയ്തത്. ചേട്ടൻ എന്നെ ശെരിക്കും കാണുക പോലും ചെയ്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
അര വരെ ഇറക്കമുള്ള, ഒരു മുക്കാല്‍ സ്ലീവ് ടോപ്പും ഗ്രേ കളർ ജീൻസുമാണ് ഇട്ടിരുന്നത്. ഇങ്ങനത്തെ ഡ്രസ് ചേട്ടന് വലിയ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഫോണിൽ മുഴുകിയിരുന്നത് കാരണം ചേട്ടൻ എന്റെ ഡ്രസ് ഒന്നും ശ്രദ്ധിച്ചില്ല. എനിക്ക് സങ്കടവും ദേഷ്യവും വന്നു.
8:25 ന് ഞങ്ങൾ ഇറങ്ങി. ചേട്ടൻ എന്നെ മൈന്റ് ചെയ്യാതെ ആ വൃത്തികെട്ട ബ്ലൂടൂത്ത് ബഡ്ഡും കാതില്‍ കുത്തി ഫോണിൽ തന്നെ സംസാരം ആയിരുന്നു.
തുടർച്ചയായി ഓരോ കോൾ വരുന്നതും… ഇല്ലെങ്കില്‍ ചേട്ടൻ അങ്ങോട്ട് ആര്‍ക്കൊക്കേയോ കോൾ ചെയ്യുന്നതും… അങ്ങനെ ചേട്ടൻ വളരെ ബിസിയായിരുന്നു. എല്ലാം ബിസിനസ്സ് ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്.. നിര്‍ദേശം കൊടുക്കലും, കാര്യങ്ങൾ ചോദിക്കലും… അങ്ങനെ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു. ചേട്ടന്റെ ബിസിനസ്സ് കാര്യങ്ങൾ ആണെങ്കിൽ പോലും എനിക്ക് നല്ല ദേഷ്യം ഉണ്ടായി. ഞാൻ ഒന്നും മിണ്ടാതെ പുറത്തുള്ള കാഴ്ചകള്‍ നോക്കി ഇരുന്നു.
പുറത്ത് മഞ്ഞ് കുറവായിരുന്നു… ഭേദപ്പെട്ട തണുപ്പും. അതുകൊണ്ട് സ്വെറ്റർ ഒന്നും ഞങ്ങൾ ഇട്ടിരുന്നില്ല.
സ്ഥലം എത്താന്‍ വെറും ഒരു മിനിറ്റ് ബാക്കി ഉള്ളപ്പോഴാ ഫോണിലൂടെ ആ മണ്ണാങ്കട്ട ബിസിനസ്സ് നടത്തിപ്പൊക്കെ അവസാനിപ്പിച്ചത്….
“എടി നീയെന്താ മുഖം വീർപ്പിച്ചിരിക്കുന്നെ..?” ചേട്ടൻ ചോദിച്ചു. പക്ഷേ ചേട്ടനെ ഞാൻ മൈന്റ് പോലും ചെയ്തില്ല.
എന്റെ ദേഷ്യം എന്തിനാണെന്ന് മനസ്സിലാവാതെ ചേട്ടൻ തല ചൊറിയുന്നത് കണ്ടപ്പോ ചിരി വന്നെങ്കിലും ഞാൻ മുഖം സീരിയസ്സാക്കി തന്നെ ഇരുന്നു.
ഇടക്കിടക്ക് ചേട്ടൻ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കുന്നത് കൺ കോണിലൂടെ ഞാൻ കാണുകയായിരുന്നു. ഹും… ഇപ്പോഴെങ്കിലും ഞാൻ ഏതു ഡ്രെസ്സാണ് ഇട്ടിരിക്കുന്നതെന്ന് കണ്ടല്ലോ..!! എന്റെ മനസ്സ് അല്‍പ്പം തണുത്തെങ്കിലും സങ്കടവും ദേഷ്യവും എനിക്ക് മാറിയിട്ടൊന്നുമില്ല.
ചേട്ടൻ വിസിറ്റർസ് പാർക്കിംഗിൽ നിര്‍ത്താതെ നേരെ തുറന്നു കിടക്കുന്ന ഗെയ്റ്റിനകത്ത് കേറി സെക്യൂരിറ്റി ആം ബാരിയർ മുന്നില്‍ നിര്‍ത്തിയപ്പം ആശ്ചര്യത്തോടെ ഞാൻ ചേട്ടനെ നോക്കി.
“ഇവിടെ പുറത്തു നിന്നും 25 മിനിറ്റ് എങ്കിലും നിനക്ക് നടക്കണ്ടേ… അതുകൊണ്ട് അകത്തുള്ള പാർക്കിംഗിൽ ഞാൻ കൊണ്ടുവിടാം.” ചേട്ടൻ കണ്ണു ചിമ്മി കാണിച്ചു.
ചേട്ടൻ കണ്ണുകൾ ചിമ്മി കാണിച്ചതും എന്റെ മനസ്സ് പെട്ടന്ന് സോഫ്റ്റ് ആയി. ആ കണ്ണുകളില്‍ ചുംബിക്കാൻ കൊതിയുണ്ടായി. പക്ഷേ എന്നിട്ടും ചേട്ടനെ ഞാൻ മൈന്റ് ചെയ്യാതെ ഇരുന്നു.
സെക്യൂരിറ്റി റൂമിൽ നിന്നും സാമുവേല്‍ അണ്ണൻ പുറത്തേക്ക് വരുമെന്നാ കരുതിയത്. പക്ഷേ വേറെ ഒരു സെക്യൂരിറ്റിയാണ് വന്നത്. പുള്ളി ചേട്ടനെ നോക്കി പുഞ്ചിരിച്ചു.. കൈ പൊക്കി കാണിച്ചു.. ശേഷം ഒരു പച്ച ബട്ടൺ ഞെക്കിയതും ആം ബാരിയർ ഉയർന്നു. ചേട്ടനും അയാള്‍ക്ക് പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ച ശേഷം നേരെ അകത്തോട്ട് വണ്ടി വിട്ടു.
അകത്തെ പാർക്കിംഗിൽ നിര്‍ത്തിയ ശേഷം ചേട്ടൻ പുഞ്ചിരിയോടെ എന്നെ നോക്കി. “ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം. നി പോയിട്ട് വാ.”
എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷേ നേരത്തെ എന്നെ അവഗണിച്ച് അര മണിക്കൂര്‍ ഫോണിൽ സംസാരിച്ചതിന്റെ പിണക്കം എനിക്ക് മാറിയിരുന്നില്ല. അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
