ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

ചേച്ചി ചെന്ന് എലിപ്പൊറി പോലെ തോന്നിക്കുന്ന, പക്ഷേ അതിനേക്കാള്‍ ഏഴെട്ട് മടങ്ങ് വലിപ്പമുള്ള, ഒരു സാധനത്തിന്റെ പ്ലഗ് എടുത്തു കുത്തി സ്വിച്ച് ഇട്ടു. അപ്പോഴാണ് അത് ഹീറ്റർ ആണെന്ന കാര്യം മനസിലായത്. ഹാളിലെ അന്തരീക്ഷം ചെറുതായി ചൂടു പിടിച്ചു വന്നതും എനിക്ക് ആശ്വാസം തോന്നി.

 

“ഉക്കാറ് ഡാലിയ. നാൻ പോയി ചായ എടുക്കാം.” ചേച്ചി പറഞ്ഞതും ഞാൻ ഹാളില്‍ കിടന്ന ആറ് കസേരകളിലൊന്നിൽ ഇരുന്നു. അണ്ണനും എന്റെ അടുത്തായി ഒരു കസേരയില്‍ ഇരുന്നു.

 

എന്റെ കണ്ണുകൾ ഹാളില്‍ തൂകിയിട്ടിരുന്ന ഫോട്ടോ ഫ്രെയിമുകള്‍ ഓരോന്നിലായി നോക്കി പഠിച്ച് നീങ്ങി കൊണ്ടിരുന്നു. രണ്ടെണ്ണത്തിൽ അണ്ണനും ചേച്ചിയും ആയിരുന്നു. ബാക്കി നാലെണ്ണത്തിൽ അണ്ണന്റെ ഇരുപത് വയസിലോ മറ്റോ എടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. അണ്ണന്റെ രണ്ടു വശത്തായി പതിനാലോ പതിനഞ്ചോ പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ നില്‍ക്കുന്നത് കണ്ടു. അവർ ഇരട്ടകള്‍ ആയിരുന്നു.

 

ഞാൻ ആശ്ചര്യത്തോടെ അണ്ണനൈ നോക്കി. സാമുവേല്‍ അണ്ണൻ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

 

“അണ്ണന്റെ അനിയത്തിമാരാണോ അവർ..?” ഞാൻ ചോദിച്ചു.

 

“അതേ, എന്റെ അനിയത്തിമാരാണ്.. നീയും ഡെയ്സിയും പോലെ അവരും ഇരട്ടകളാണ്. പക്ഷേ ഇപ്പൊ അവർ രണ്ടുപേരും ജീവനോടെ ഇല്ല. അവരുടെ പതിനേഴാം വയസില്‍ അവർ ആത്മഹത്യ ചെയ്തു.” അണ്ണൻ ദുഃഖിതനായി പറഞ്ഞു. “ആത്മഹത്യ ചെയ്തു എന്ന് പറയുന്നതിലും ഉചിതം, അവരെ കൊന്നു എന്ന് പറയുന്നതാണ്.”

 

“എന്തു….” വിറയലോടെ ഞാൻ ചോദിച്ചു. “എങ്ങനെ…. എങ്ങനെയാ അവർ…..? ആരായിരുന്നു അതിന്‌ കാരണം…?!”

 

“എന്റെ ആദ്യ ഭാര്യയായിരുന്ന ആ രാക്ഷസി.., മനുഷ്യനായി അവതാരം എടുത്ത ആ പിശാചു… കുഞ്ഞമ്മ എന്ന ചെകുത്താന്റെ പുത്രി ആയിരുന്നു കാരണം.”

 

“കുഞ്ഞമ്മ….??!!!” ഞെട്ടലോടെ ഞാൻ ചോദിച്ചു.

 

അണ്ണൻ തലയാട്ടി.

 

“എങ്ങനെ..?” ഞെട്ടലോടെ ഞാൻ ചോദിച്ചു.

 

“വലിയ തറവാടായിരുന്നു എന്റേത്. ഞങ്ങളുടെ തറവാട്ടിൽ ആണായാലും പെണ്ണായാലും നല്ലോരു ശതമാനവും പഠിച്ച് ഡോക്ടറായി ജോലി ചെയ്യാനായിരുന്നു ഇഷ്ട്ടം. കുറച്ചുപേര്‍ മാത്രം പഠിച്ച് വേറെ ജോലിയും നോക്കിയിരുന്നു. പക്ഷേ എനിക്ക് പട്ടാളത്തില്‍ ചേരണം എന്നായിരുന്നു ആഗ്രഹം. എന്റെ ചെറു പ്രായത്തില്‍ ഞാൻ സിലമ്പം അഭ്യസിച്ചു. പാരമ്പര്യമായി ഞങ്ങൾ കൊയമ്പത്തൂർ കാരാണ്. മുപ്പത് വർഷങ്ങൾക്ക് മുമ്പ്, എന്റെ പ്ലസ് ടു കഴിഞ്ഞതും, പതിനേഴാം വയസ്സില്‍ ഞാൻ നാഷനൽ ഡിഫന്‍സ് അക്കാദമിയിൽ ചേര്‍ന്നു. അഞ്ചു വർഷത്തെ പഠിപ്പും ട്രെയിനിംഗും കഴിഞ്ഞ് ആര്‍മിയിൽ ജോയിൻ ചെയ്തു. ജോയിൻ ചെയ്തു ഒരു വര്‍ഷം കഴിഞ്ഞിരുന്നു.”

 

അത്രയും പറഞ്ഞിട്ട് അണ്ണൻ ദേഷ്യത്തില്‍ കൈകൾ തിരുമ്മി. ഞാൻ അസ്വസ്ഥതയോടെ ഇരുന്നു.

 

“അന്നത്തെ കാലത്ത് എന്റെ കുടുംബത്തില്‍ ഭൂരിപക്ഷം ആണുങ്ങളും ഇരുപത്തി രണ്ടും ഇരുപത്തി മൂന്നും വയസിലൊക്കെയാണ് കല്യാണം കഴിച്ചിരുന്നത്. ആ രാക്ഷസിയും അവളുടെ കുടുംബത്തെ കുറിച്ചും അറിയാതെയാണ് എന്റെ ഇരുപത്തി മൂന്നാം വയസില്‍ എന്റെ അച്ഛനും അമ്മയും നീലഗിരിയിൽ പഴക്കം ചെന്ന വലിയൊരു തറവാടിൽ ജനിച്ച അവളെ എനിക്ക് കെട്ടിച്ചു തന്നത്. അപ്പോ എന്റെ അനിയത്തിമാർക്ക് വെറും പതിനേഴു വയസ്സായിരുന്നു. കുടുംബത്തിൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടവർ ആയിരുന്നു എന്റെ അനിയത്തിമാർ. എന്നെ അവര്‍ക്ക് ജീവനായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് രണ്ടു മാസം ഞാൻ നാട്ടില്‍ ഉണ്ടായിരുന്നു. എന്റെ ഭാര്യ കുഞ്ഞമ്മയെ എന്റെ കൂടെ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോ അവൾ ഭയങ്കരമായി എതിർത്തു. അതുകൊണ്ട്‌ ഞാൻ മാത്രം തിരികെ പഞ്ചാബിലേക്ക് പോയി.”

 

അന്നേരം ചേച്ചി ഒരു ഫ്ലാസ്ക്കും മൂന്ന്‌ കുപ്പി ഗ്ലാസ്സുമായി വന്നപ്പോ അണ്ണൻ കഥ നിർത്തി. ചേച്ചി അണ്ണന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് മൂന്ന്‌ ഗ്ളാസിലും ചായ ഒഴിച്ച് ഞങ്ങള്‍ക്കും തന്ന് ചേച്ചിയും എടുത്തു. ചായ കുടിച്ചു തീരും വരെ അണ്ണൻ മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *