അതോടെ എന്റെ നാവിന്‍ തുമ്പില്‍ ഊറി നിന്നിരുന്ന എതിര്‍പ്പൊക്കെ അലിഞ്ഞു പോയി. ആന്റി ടീനേജ് പെണ്‍കുട്ടിയെ പോലെ ഉത്സാഹത്തോടെ തുള്ളി നടന്നു പോയി.
ഞാൻ പിന്നേ അവിടെ നിന്നില്ല. വേഗം ദേവിയുടെ റൂമിലേക്ക് നടന്നു. പക്ഷേ അടഞ്ഞു കിടന്ന വാതിൽ തുറക്കാന്‍ ശ്രമിച്ചതും അകത്ത് നിന്നും കുറ്റിയിട്ടിരിക്കുന്നുവെന്ന് മനസ്സിലായി.
ദൈവമേ, ജൂലിയുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ..!! എനിക്കെന്തോ ഭയം തോന്നി.
“ജൂലി…. ദേവി…??!” ഞാൻ വെപ്രാളത്തോടെ വാതിലിൽ മുട്ടി വിളിച്ചു.
“ഞങ്ങൾ സ്ത്രീകള്‍ക്ക് പല കാര്യങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനുമുണ്ട്. ചേട്ടൻ പോയേ…!!” ജൂലിയുടെ ശബ്ദം അകത്തു നിന്നും കേട്ടു.
ജൂലി പറഞ്ഞത് കേട്ട് തളര്‍ച്ച ബാധിച്ചവനേ പോലെ ഞാൻ അവിടെതന്നെ നിന്നുപോയി. ഒരു മിനിറ്റ് കഴിഞ്ഞ് ഞാൻ മെല്ലെ നടന്ന് കിച്ചനിൽ ആന്റിയുടെ അടുത്തേക്ക് ചെന്നു.
“ആഹാ… സാം മോന്‍ എന്താ ഇവിടെ…? ആ പെമ്പിള്ളേര് നിന്നെ പുറത്താക്കിയോ…?” ഞാൻ കിച്ചനിൽ കേറി ചെന്നതും ആന്റി കളിയാക്കി ചോദിച്ചു.
“ആ രണ്ട് കള്ളികളും കതകും പൂട്ടി എന്തോ കാര്യമായ രഹസ്യം പറച്ചിലാണ്… എന്നെ അകത്ത് പോലും കേറ്റിയില്ല…!!” എന്റെ ചെകിട് കോട്ടി ഞാൻ പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.
“ശെരി, നീ ഇവിടെ എന്റെ കൂടെ നിന്നോ. ഞാൻ നിന്നെ പുറത്താക്കില്ല..” ആന്റി പറഞ്ഞിട്ട് കിച്ചൻ സ്ലാബിൽ വച്ചിരുന്ന ആന്റിയുടെ മൊബൈൽ എടുത്ത് ഏതോ നമ്പര്‍ തിരക്കുന്നത് കണ്ടു.
“ആര്‍ക്കാ ആന്റി വിളിക്കുന്നെ..?”
“അടുത്തുള്ള സൂപ്പർ മാര്‍ക്കറ്റിൽ. കുറച്ച് സാധനങ്ങള്‍ വേണമായിരുന്നു. വിളിച്ചു പറഞ്ഞാൽ അവർ കൊണ്ടുവരും. പിന്നെ ഇറച്ചി കടയിലും വിളിക്കണം.”
“അതൊന്നും വേണ്ട ആന്റി. ഞാൻ പോയി വാങ്ങിക്കൊണ്ടു വരാം.” ആന്റിയുടെ ഫോൺ തട്ടിപ്പറിച്ച് ഞാൻ സ്ലാബിൽ തന്നെ വച്ചു.
ഉടനെ ആന്റി രണ്ട് എളിയിലും കൈകൾ കുത്തി എന്നെ തുറിച്ചുനോക്കി.
“എങ്ങനെ തുറിച്ചു നോക്കിയിട്ടും കാര്യമില്ല. ഈ നില്‍പ്പ് കണ്ടിട്ട് പേടി ഒന്നും തോന്നുന്നില്ല, ചിരിയാണ് വരുന്നത്.”
ഉടനെ ആന്റി പുഞ്ചിരിയോടെ തലയാട്ടി.
“ശെരി ഞാൻ ലിസ്റ്റും കാശും തരാം. നി ചെന്ന് വേഗം വാങ്ങിക്കൊണ്ട് വാ.” പറഞ്ഞിട്ട് ആന്റി എന്റെ മൊബൈൽ നമ്പര്‍ ചോദിച്ച് സേവ് ചെയ്ത ശേഷം ലിസ്റ്റ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
അന്നേരം കിങ്ങിണി ബൈക്കും ഓടിച്ച് കിച്ചനിൽ വന്നു.
“ആഹാ, കിങ്ങിണി മോളെയും അവർ പുറത്താക്കിയോ..?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
അപ്പോൾ കിങ്ങിണി എന്തൊക്കെയോ കൊഞ്ചി പറഞ്ഞുകൊണ്ട് എന്നെ ചുറ്റി ചുറ്റി ബൈക്ക് ഓടിച്ചു കളിച്ചു.
“കിങ്ങിണി മോളെ, അങ്കിള്‍ കറങ്ങാൻ പോകുവാ. നീ വരുന്നോ കൂടെ…?” ആ രണ്ടര വയസ്സുകാരിയോട് ഞാൻ ചോദിച്ചതും അവള്‍ ഉടനെ ബൈക്ക് നിര്‍ത്തി.
എന്നിട്ട് വെപ്രാളം പിടിച്ച് താഴെ എങ്ങനെയോ ഇറങ്ങിയ ശേഷം ഓടിവന്ന് എന്റെ കാലിനെ കെട്ടിപിടിച്ചു. ഉടനെ ഞാൻ അവളെ തൂക്കി എടുത്തു.
അപ്പോൾ ആന്റി കിങ്ങിണിയെ വാത്സല്യപൂർവ്വം ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ടൈപ്പിങ് തുടർന്നു.
“രണ്ടര വയസ്സ് ആയല്ലോ ആന്റി. ഇവള്‍ എന്താ അധികം സംസാരിക്കാത്തെ…?” ആന്റിയോട് ചോദിച്ച ശേഷം കിങ്ങിണിയുടെ മുടി ഒതുക്കി ബോ ഞാൻ നേരെ വച്ചു കൊടുത്തു.
“അവളുടെ നാവിന് കട്ടി കൂടുതൽ എന്ന ഡോക്ടര്‍ പറഞ്ഞേ. പേടിക്കാനില്ല എന്നും, നല്ലോണം സംസാരിക്കാന്‍ അല്‍പ്പം താമസിക്കും എന്നും പറഞ്ഞു. പിന്നെ എപ്പോഴും അവളോട് എന്തെങ്കിലും ഒക്കെ സംസാരിക്കണം എന്നും, അവളെ കൊണ്ട് എപ്പോഴും കടുപ്പമുള്ള വാക്കുകളെ പറയപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കാനും ഉപദേശിച്ചു.”
പറഞ്ഞു കഴിഞ്ഞിട്ട് ആന്റി എന്റെ വാട്സാപ്പിൽ ലിസ്റ്റ് അയച്ചു തന്നിട്ട് ആന്റിയുടെ റൂമിൽ ചെന്ന് കാശും എടുത്തോണ്ട് വന്ന് എന്നെ ഏല്പിച്ചു.
ഞാൻ കിങ്ങിണി മോളെയും ബൈക്കില്‍ ഇരുത്തി വണ്ടി വിട്ടു. കിങ്ങിണി സന്തോഷത്തോടെ എന്തൊക്കെയോ അവളുടെ കൊഞ്ചുന്ന സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു. എനിക്ക് പകുതിയും മനസ്സിലായില്ല. പക്ഷേ മനസ്സിലായ വാക്കുകൾ കൊണ്ട് ബാക്കി കാര്യങ്ങൾ ഞാൻ ഊഹിച്ചെടുത്തു. ഞാനും അവളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് വണ്ടി ഓടിച്ചു. എനിക്ക് പെട്ടന്ന് സുമി മോളെ ഓര്‍മ്മ വന്നു. എത്ര ദിവസമായി അവളെ കണ്ടിട്ട്…? എത്രയും വേഗം അവിടെ ചെന്ന് അവളെ കാണണം. അവളെയും കൂട്ടി ഇതുപോലെ ഒന്ന് കറങ്ങണമെന്ന് ഞാൻ തീരുമാനിച്ചു.
