അവസാനം അവളുടെ ജോലി കഴിഞ്ഞതും ജൂലി എന്നില്‍ നിന്നും അകന്നു മാറാതെ അങ്ങനെതന്നെ നിന്നു. ഇടക്കിടക്ക് അവൾ പോലും അറിയാതെ അവളുടെ ചുണ്ടില്‍ വിരിയുന്ന സന്തോഷപ്പുഞ്ചിരിയെ അവള്‍ മറയ്ക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.
അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ ജൂലി എന്റെ കൈകളെ വിടുവിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് എന്റെ കണ്ണിലേക്ക് നോക്കി. ശേഷം, തിരികെ കിട്ടിയ പ്രാണനെ അവളുടെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ ജൂലി എന്നെ മുറുകെ അണച്ചു പിടിച്ചു.
“സാമേട്ടനോട് അധികനേരം എനിക്ക് പിണങ്ങിയിരിക്കാൻ പോലും കഴിയുന്നില്ല.” അവള്‍ സ്നേഹത്തോടെ പറഞ്ഞു. “ചേട്ടനോട് സംസാരിക്കാതിരുന്നാൽ എനിക്ക് വെപ്രാളം എടുക്കും…. ശ്വാസവായു ഇല്ലാത്ത മണൽക്കുഴിയിൽ പുതഞ്ഞു പോയത് പോലെ ഭയം തോന്നും…. മനസ്സ് ബ്ലാങ്ക് ആയിപ്പോകും.” പേടിയോടെ പറഞ്ഞിട്ട് അവള്‍ എന്നെ കൂടുതൽ മുറുകെ പിടിച്ചു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ഉടനെ അവളെ ഞാൻ സ്നേഹത്തോടെ എന്നോട് ചേര്‍ത്തു പിടിച്ചു. എന്റെ കവിളും അവളുടെ തലയുടെ വശത്തായി ചേര്‍ത്തു വച്ചു.
അപ്പോൾ ജൂലി റിലാക്സ് ആവുന്നത് അറിയാൻ കഴിഞ്ഞു… മുറുകിയ വടം പോലെ ഇരുന്ന അവളുടെ ശരീരം അയഞ്ഞു നോർമലായി. ഒടുവില്‍ അവളുടെ വിറയലും മാറി. അവസാനം പതിയെ എന്നില്‍ നിന്നും അവൾ അകന്നുമാറി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന മാലാഖയെ പോലെ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഞാൻ എന്നെതന്നെ മറന്ന് അവളെ നോക്കി നിന്നു.
“ഇങ്ങനെ നോക്കല്ലേ, ചേട്ടാ… എനിക്ക് നാണമാകുന്നു.” പറഞ്ഞിട്ട് ജൂലി ചിരിച്ചു. “ശെരി, ചേട്ടൻ ചെന്ന് ഫ്രെഷ് ആയിട്ട് ഡ്രെസ്സ് മാറി വരൂ, അപ്പോഴേക്കും ഞാൻ ചായ എടുക്കാം.”
അവള്‍ പറഞ്ഞതിനോട് ഞാൻ പ്രതികരിക്കാതെ നിന്നപ്പോള്‍ ജൂലി ചിരിച്ചുകൊണ്ട് എന്നെ റൂമിലേക്ക് തള്ളിക്കൊണ്ട് പോയി. ശേഷം അവള്‍ തന്നെ എന്റെ ടീ ഷര്‍ട്ട് ഊരി എടുത്തു.
ശേഷം എന്റെ ദേഹത്ത് അവളുടെ മിഴികള്‍ പതിഞ്ഞതും ജൂലി സ്ട്രക്കായി നിന്നു. അവളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു. കണ്ണില്‍ ദേഷ്യവും സങ്കടവും കണ്ണുനീരും നിറഞ്ഞു. ചുണ്ടുകള്‍ വിതുമ്പി വിറച്ചു.
എന്താണ് അവള്‍ക്ക് സംഭവിച്ചതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല… പക്ഷേ പെട്ടന്ന് തന്നെ എനിക്ക് കത്തുകയും ചെയ്തു.
ദേവിയുടെ പല്ലും നഖവും എന്റെ ശരീരത്തിൽ ഏല്‍പ്പിച്ചിരുന്ന മുറിവുകളിലാണ് ജൂലിയുടെ നിറഞ്ഞ കണ്ണുകൾ ഓടി നടന്നത്.
അവസാനം അവളുടെ സ്തംഭനാവസ്ഥയിൽ നിന്നും വിടുപ്പെട്ട് ജൂലി എന്നെ പിടിച്ചു അങ്ങോട്ട് തിരിച്ചു നിര്‍ത്തി എന്റെ പുറം എല്ലാം കണ്ണുകൾ കൊണ്ട് പരിശോധിച്ചു.
പെട്ടന്ന് ഒരു തേങ്ങലും കരച്ചിലും അവളില്‍ നിന്നുണ്ടായി. ഞാൻ വേഗം തിരിഞ്ഞു പേടിയോടെ അവളെ നോക്കി. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൾ കരയുകയായിരുന്നു.
“ജൂലി…?!” പേടിയോടെ ഞാൻ വിളിച്ചു.
“നിങ്ങള്‍ക്ക് എത്ര സ്ത്രീകളോടാണ് ബന്ധമുളളത്…?” കരച്ചില്‍ നിര്‍ത്താതെ തന്നെ അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.
“ജൂലി…., ഞാൻ നേരത്തെ പറഞ്ഞില്ലേ, യാമിറ ചേച്ചി—”
“എന്നോട് നുണ പറയല്ലേ, സാമേട്ട….!!” ജൂലി കോപത്തോടെ അലറി. “ആ സ്ത്രീയുടെ കൂടെ ചേട്ടൻ കിടന്നിട്ട് വന്നപ്പോൾ ഒന്നും ഇങ്ങനത്തെ മുറിവുകള്‍ ഞാൻ കണ്ടിട്ടില്ല. ചെറിയ പോറലുകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇത്ര ആഴമേറിയ മുറിവുകള്‍ ഞാൻ ഇന്നലെ വരെ കണ്ടിട്ടില്ല. ചേട്ടന്റെ ദേഹത്ത് യാമിറ അല്ല, വേറെ ആരോ ഏല്‍പ്പിച്ചത് ആണ്. എനിക്ക് ഉറപ്പുണ്ട്. സത്യം പറ ചേട്ടാ, ഇല്ലെങ്കില്‍ ഞാൻ ആത്മഹത്യ ചെയ്യും.”
ജൂലി നിലത്ത് വീണിരുന്നു കൊണ്ട് മുഖവും പൊത്തി ഏങ്ങിക്കരഞ്ഞു. എനിക്ക് സങ്കടവും ഭയവും എല്ലാം ഉള്ളില്‍ നിറഞ്ഞു. എന്റെ ഹൃദയം എന്റെ വാരിയെല്ലിനെ ഇടിച്ചു തകര്‍ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്താണ് ഞാൻ പറയേണ്ടത്…?
പെട്ടന്ന് കരച്ചില്‍ നിര്‍ത്തി മുഖം തുടച്ച ശേഷം ജൂലി എഴുനേറ്റ് എന്നെ അഭിമുഖീകരിച്ചു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങി രക്തം കെട്ടി നിന്നു.
