സാംസൻ – 9 5അടിപൊളി  

അവസാനം ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി. ശേഷം കിങ്ങിണി മോൾക്ക് എന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വിലയുയർന്ന കുറെ സമ്മാനങ്ങളും പിന്നേ കഴിക്കാനുള്ള ഒരുപാട്‌ സാധനങ്ങളും വാങ്ങിച്ചു.

പക്ഷേ എല്ലാ സാധനങ്ങളും ബൈക്കില്‍ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ട്‌ പെട്ടി ഓട്ടോ പിടിച്ച് എല്ലാം അതിൽ കേറ്റി.

വീട്ടില്‍ എത്തിയതും എല്ലാം മുറ്റത്ത്‌ ഇറക്കി വച്ചിട്ട് കാശും കൊടുത്ത് ഓട്ടോയെ പറഞ്ഞുവിട്ടു. അപ്പോഴേക്കും എന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ആന്റി പുറത്തേക്ക്‌ വന്നായിരുന്നു. പക്ഷേ ജൂലിയും ദേവിയും മാത്രം പുറത്തേക്ക്‌ വന്നില്ല.

ഈശ്വരാ, അവർ തമ്മില്‍ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…!! മനസ്സിൽ ഞാൻ പ്രാര്‍ത്ഥിച്ചു.

“എത്തിയോ മോനെ..!!” ചോദിച്ചു കൊണ്ട്‌ എല്ലാ സാധനങ്ങളും അകത്തേക്ക് എടുക്കാൻ ആന്റി സഹായിച്ചു. കിങ്ങിണി മോൾ വിരണ്ടു നടക്കാൻ തുടങ്ങി… അവളുടെ സാധനങ്ങള്‍ എല്ലാം വേഗം ഹാളില്‍ കൊണ്ട്‌ വച്ച് കൊടുക്കാന്‍ എന്ന പോലെ.

കിങ്ങിണി മോൾക്ക് ഞാൻ വാങ്ങിയ കളിപ്പാട്ടങ്ങള്‍ കണ്ട് ആന്റി വഴക്കു പറയും എന്നാണ് കരുതിയത്. പക്ഷേ ഭാഗ്യത്തിന് ആന്റി ഒന്ന് അന്തിച്ചു നിന്നു എന്നല്ലാതെ വഴക്ക് ഒന്നും പറഞ്ഞില്ല.

“കിങ്ങിണി മോളെ അത്രയ്ക്കങ്ങ് ഇഷ്ടമായോ…?” ആന്റി ചോദിച്ചു. “നി സുമി മോളോട് കാണിക്കുന്ന സ്നേഹവും അവള്‍ക്ക് നിന്നോടുള്ള സ്നേഹവും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. നിനക്ക് പൊതുവെ കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ട്ടമാണെന്നും ഇപ്പോൾ മനസ്സിലായി. എന്തായാലും നിനക്കും വേഗം കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ ഞാൻ പ്രാര്‍ത്ഥിക്കാം, ട്ടോ.”

ആന്റി പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു. ശേഷം സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ഞങ്ങൾ കിച്ചനിലേക്ക് നടന്നു. കിങ്ങിണി അവളുടെ പുതിയ ഇലക്ട്രിക് കാറിൽ കേറി ഓടിച്ചു കളിക്കാന്‍ തുടങ്ങി. ഇടക്ക് അവൾ എവിടെയൊക്കെയോ കൊണ്ട്‌ ഇടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ഞാനും ആന്റിയും പരസ്പ്പരം നോക്കി ചിരിച്ചു.

ഞാനും ആന്റിയെ എല്ലാ ജോലിയിലും സഹായിച്ചു. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട്‌ സമയം പോയതും ജോലി കഴിഞ്ഞത് പോലും ഞങ്ങൾ അറിഞ്ഞില്ല. സമയം രണ്ടര കഴിഞ്ഞിരുന്നു.

അവസാനം ഞാനും ആന്റിയും ഹാളില്‍ വന്ന് മറിഞ്ഞു കിടക്കുന്ന കസേരകളും.. സ്ഥാനം മാറി കിടന്ന മൂന്ന്‌ ടീപ്പോയും നേരെയിട്ടു. കിങ്ങിണിയുടെ ചിരിയും കാറിന്റെ ഹോണടിയും എല്ലാം ആന്റിയുടെ റൂമിൽ നിന്നും വന്നു.

കുറെ നേരം ഞാനും ആന്റിയും പുഞ്ചിരിയോടെ അതൊക്കെ കേട്ടിരുന്നു. അവസാനം ആന്റി എന്റെ മുഖത്തേക്ക് നോക്കി.

“ഈ പിള്ളാർക്ക് ഇത്രമാത്രം രഹസ്യം പറയാൻ എന്താണുള്ളത്….?! 11:45 ആയപ്പോ റൂമിൽ കേറി. ഇപ്പൊ 2:40 ആയി.” ആന്റി അല്‍ഭുതം കൂറി.

ഞാൻ മറുപടി ഒന്നും പറയാൻ ശ്രമിച്ചില്ല. ഞാൻ ഏതോ പറയാനാ…?!

പക്ഷേ ആന്റി പറഞ്ഞത് അവരുടെ ചെവിയില്‍ എത്തിയത് പോലെ ദേവിയുടെ റൂം തുറക്കുന്ന ശബ്ദം കേട്ടു. ജൂലിയും ദേവിയും ഒരുമിച്ച് ഹാളിലേക്ക് വന്ന് അടുത്തടുത്ത കസേരകളിലായി ഇരുന്നു.

ഞാൻ ദേവിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി. പ്രേതത്തെ കണ്ടത് പോലെയാണ് ദേവിയുടെ മുഖം വിളറിയിരുന്നത്. ദേവി എന്നെ നോക്കുക പോലും ചെയ്തില്ല.

ശേഷം ഞാൻ ജൂലിയുടെ മുഖത്ത് നോക്കിയതും ജൂലി എന്നെത്തന്നെ ഇമ വെട്ടാതെ നോക്കുന്നത് കണ്ടു. ഉടനെ അവള്‍ ഒന്ന് പുഞ്ചിരിച്ച ശേഷം ആന്റിയോട് പാചകത്തെ കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെട്ടു.

പക്ഷേ ആന്റിയുടെ ശ്രദ്ധ മുഴുവനും ജൂലി ആയിരുന്നത് കൊണ്ട്‌ ദേവിയുടെ വിളറിയ മുഖം ആന്റി കണ്ടില്ല.

എന്റെ നോട്ടം പിന്നെയും ദേവിയുടെ മേല്‍ പതിച്ചു. അത് അറിഞ്ഞത് പോലെ ദേവി എന്നെ ഒന്ന് പാളി നോക്കി. ഒരു നേര്‍ത്ത പുഞ്ചിരി തന്നിട്ട് അവളുടെ അമ്മയിയോടും ജൂലിയോടും സംഭാഷണത്തിൽ ചേര്‍ന്നു.

ഒടുവില്‍ പാചകത്തെ കുറിച്ചുള്ള ചർച്ച കഴിഞ്ഞ് സ്ത്രീകളെ കുറിച്ചും ഫാഷന്‍ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ചർച്ചയായി.