സാംസൻ – 9 5അടിപൊളി  

എന്നാല്‍ എന്റെ ശ്രദ്ധ അതിലൊന്നും അല്ലായിരുന്നു.

ജൂലി എന്താണ് ദേവിയോട് പറഞ്ഞത്..? എന്തിനാണ് ദേവിയുടെ മുഖം കടലാസ് പോലെ വിളറിയിരുന്നത്..?

“സാം, എടാ സാം….” ആന്റി ടീപ്പോയിൽ നിന്നും ഒരു വാരിക എടുത്ത് എന്നെ എറിഞ്ഞപ്പോൾ ആണ്‌ എനിക്ക് പരിസര ബോധം വന്നത്.

“എന്താ ആന്റി…?” എന്റെ ദേഹത്ത് കൊണ്ട്‌ താഴെ വീണ വാരിക കുനിഞ്ഞു എടുത്ത ശേഷം ചോദിച്ചു.

“ജാന്‍സി റാണിയെ കുറിച്ച് എന്താണ് അഭിപ്രായം…?” ആന്റി എന്നെ തുറിച്ച് നോക്കി കൊണ്ട്‌ ചോദിച്ചു.

“ജാന്‍സി റാണിയോ….?” ഞാൻ തല ചൊറിഞ്ഞു. ഉടനെ ജൂലിയും ദേവിയും പൊട്ടിച്ചിരിച്ചു. ആന്റി എന്നെ കൂടുതല്‍ തുറിച്ചു നോക്കി കൊണ്ട്‌ തലയാട്ടി.

“നി ഇവിടെ ഒന്നും അല്ലേ..?” ആന്റി ചോദിച്ചു. “ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് ജാന്‍സി റാണിയെ പോലെ കരുത്ത് വേണം എന്നാണ് എന്റെ അഭിപ്രായം. എന്താണ് നിന്റെ അഭിപ്രായം…?” ആന്റി കണ്ണുരുട്ടി ചോദിച്ചു.

“അവരെക്കാള്‍ കരുത്തുറ്റ ഒരുപാട്‌ സ്ത്രീകള്‍ക്ക് അക്കാലത്തും ഉണ്ടായിരുന്നു ഇക്കാലത്തും ഉണ്ട്, ആന്റി.” ഞാൻ പറഞ്ഞതും ആന്റി ശരിവച്ചു തലയാട്ടിയ ശേഷം ജൂലിയും ദേവിയുടെ നേര്‍ക്കും തിരിഞ്ഞു.

എന്റെ ചിന്ത പിന്നെയും കാട് കയറി. ഒരുപാട്‌ നേരം കഴിഞ്ഞിട്ടും ജൂലി ദേവിയോട് പറഞ്ഞ കാര്യം എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ ആന്റി പറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ഇപ്പോൾ ആന്റി ജൂലിയോട് ദേവിയുടെ ചില കൂട്ടുകാർ കാണിച്ച ചെറ്റത്തരങ്ങളെ കുറിച്ച് പറയുകയായിരുന്നു. ദേവി അസ്വസ്ഥയായി കാണപ്പെട്ടു.

കുറെ നേരം ഞാൻ ദേവിയെ നോക്കി ഇരുന്നു. പക്ഷെ എന്നെ മൈന്റ് ചെയ്യാതെയാണ് ദേവി ഇരുന്നത്. ജൂലി മാത്രം ഇടക്കിടെ എന്നെ നോക്കി പുഞ്ചിരി തൂകി.

“ശെരി പിള്ളാരെ… സമയം മൂന്നര ആയി. വരൂ, നമുക്ക് കഴിക്കാം.”

അത് കേട്ടതും ഞങ്ങൾ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു. സമൃദ്ധമായ വിഭവങ്ങളോടുകൂടിയ ഊണും കഴിച്ച് ഞങ്ങൾ പിന്നെയും ഒരു മണിക്കൂറോളം ഹാളില്‍ ഇരുന്നു സംസാരിച്ചു.

ശേഷം ഞാനും ജൂലിയും അവിടന്ന് ഇറങ്ങാന്‍ തീരുമാനിച്ചു.

“ജൂലി മോളെ, ഇടക്കിടക്ക് സാമിനേയും കൂട്ടി ഇങ്ങോട്ട് വരണേ…!!” സ്വന്തം മകളെ പോലെ ജൂലിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ആന്റി പറഞ്ഞു.

“വരാം ആന്റി. ഇടക്കിടക്ക് വരാം. എനിക്ക് ആന്റിയും ദേവിയും കിങ്ങിണി മോളെയും ഒത്തിരി ഇഷ്ട്ടമായി.” ജൂലി പറഞ്ഞതും ആന്റി അവളുടെ തലയിൽ ഒന്ന് തഴുകിയിട്ട് അവളെ വിട്ടു മാറി.

ഉടനെ ജൂലി താഴെ നിന്ന കിങ്ങിണി മോളെ തൂക്കിയെടുത്ത് ഉമ്മ കൊടുത്തു. എന്നിട്ട് ദേവിയുടെ കൈ പിടിച്ചു യാത്ര പറഞ്ഞു.

ദേവിയും പുഞ്ചിരിയോടെ അവളോട് എന്തോ അടക്കം പറഞ്ഞ ശേഷം ദേവിയും ജൂലിയും ഒരുപോലെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.

ഇവർ രണ്ടുപേരും ഒറ്റക്കെട്ടായോ…? ഞാൻ തല ചൊറിഞ്ഞു.

“ശെരി, വരൂ ചേട്ടാ. നമുക്ക് പോകാം.” പറഞ്ഞിട്ട് കിങ്ങിണി മോളെ അവള്‍ താഴെ നിര്‍ത്തിയ ശേഷം എന്റെ കൈയിൽ പിടിച്ചതും ഞങ്ങൾ പുറത്തേക്ക്‌ നടന്നു.

“എത്ര നല്ല മനുഷ്യരാണ് അവരൊക്കെ….!!” ബൈക്ക് ദേവിയുടെ വീട്ട് ഗേറ്റ് കടന്നതും ജൂലി നല്ല ഉത്സാഹത്തിൽ പറഞ്ഞു.

“അതേ, നല്ല മനുഷ്യരാണ്.” ഞാനും സമ്മതിച്ചു. “പക്ഷേ ഇങ്ങോട്ട് വരാൻ ശരിക്കുള്ള കാരണം എന്തായിരുന്നു, ജൂലി…? ദേവിയോട് എന്താണ് നി സംസാരിച്ചത്…?” അസ്വസ്ഥതനായി ഞാൻ ചോദിച്ചു.

പക്ഷേ ജൂലി മറുപടി ഒന്നും പറഞ്ഞില്ല.

“പറ ജൂലി, എന്തായിരുന്നു നിങ്ങൾ തമ്മില്‍ ചർച്ച…?” ഞാൻ വെപ്രാളം പിടിച്ചു മിററിലൂടെ അവളെ ഒന്ന് നോക്കി.

അവളുടെ മുഖത്ത് ഒരു രഹസ്യ പുഞ്ചിരി മാത്രം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല.

“എടി, നീ പറയുന്നുണ്ടോ….?” ഞാൻ അല്‍പ്പം ചൂടായി.

“എല്ലാ കാര്യവും ചേട്ടനോട് ഞാൻ പറയണമെന്ന് വെറുതെ നിര്‍ബന്ധം പിടിക്കരുത്.” ജൂലി ഗൗരവത്തിൽ പറഞ്ഞതും ഞാൻ മുഖം വീർപ്പിച്ചു.

അതിനുശേഷം ഒന്നും മിണ്ടാതെ ബൈക്ക് ഓടിച്ച് വീട്ടില്‍ എത്തിച്ചു.