മണ്ണാങ്കട്ടയും കരിയിലയും 2
മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി
Mannakkattayum Kariyilayum Part 2
Maliyekkal Tharavattile Monchathy | JM&AR | Previous Part
“The story of three very unusual women and a man whose psychological and emotional maturity extraordinary”
“പോവാം കണ്ണാ”
രേണു കോളേജിലേക്ക് പോകാനിറങ്ങി. ഒത്തിയൊത്തി നടന്ന് കുറച്ചൊന്ന് ബുദ്ധിമുട്ടി ഒരു വിധത്തിൽ ഞാൻ വണ്ടിയിൽ കയറി.
“കാലിന് വയ്യാതെ അത്ര ദൂരം പോണോ”?
“വിരലിന് വേദനയുണ്ടൂന്നേള്ളൂ. വേറെ കുഴപ്പൊന്നൂല്ല. ചവിട്ടി നടക്കാനൊന്നും ബുദ്ധിമുട്ടില്ല. ഇതിപ്പോ കെട്ടഴിച്ച് ചുറ്റിയപ്പോ ആ സ്റ്റെപ്പില് തട്ടി. അതാ”
എൻ്റെ അവസ്ഥ കണ്ടുള്ള ഉത്കണ്ഠയിൽ ഉഴറുന്ന രേണുവിനെ ഞാൻ സമാശ്വസിപ്പിച്ചു. ബിൽഡർ ജീവൻ ജോസഫിൻ്റെ പുതിയറയിലെ വീടിൻ്റെ വെഞ്ചരിപ്പ് ചടങ്ങ് മറ്റന്നാളാണ്. അതിന് മുൻപ് ശിൽപ്പവും ഭാര്യയുടെ പ്രതിമയും അവിടെ എത്തിക്കണമെന്ന് പറഞ്ഞിരുന്നു. ഭാര്യയുടെ പ്രതിമ ഇവിടെ ആയതു കൊണ്ട് മൂന്ന് നാല് ദിവസം മുൻപ് തന്നെ ഞാനതവിടെ എത്തിച്ചിരുന്നു. വീടിനുള്ളിലെ അലങ്കാര പണികൾ ചെയ്യുന്നവർ അത് അനുയോജ്യമായ സ്ഥലത്ത് എവിടെയെങ്കിലുമായി ക്രമീകരിക്കുമായിരിക്കും. മരത്തിൽ കൊത്തിയെടുത്ത കുടുംബ ചിത്രം പക്ഷേ തറവാട്ടിലാണ്. അത് കൊണ്ടുവരാനാണ് ഈ യാത്ര. രേണുവിൻ്റെ കാർ സർവീസിന് കൊടുത്തിരിക്കുകയാണ്.
“കണ്ണാ… വണ്ടി കൊണ്ടു വരാൻ പോണ്ടേ ഇന്ന്? ഇന്നലെ അവിടുന്ന് വിളിച്ചിരുന്നു”
“ഞാൻ വരുമ്പോഴേക്ക് എന്തായാലും രാത്രിയാവും. നേരത്തേ വന്നാ പറ്റും. അല്ലെങ്കില് നാളെ നോക്കാം. ഷോറൂമില് ഞാൻ വിളിച്ച് പറഞ്ഞോണ്ട്”
രാവിലെയായത് കൊണ്ട് ചുരത്തിൽ ട്രാഫിക് കുറവായിരുന്നു. വേഗത്തിൽ പോന്നതു കൊണ്ട് പത്ത് മണി ആയപ്പോഴേക്ക് ബത്തേരിയിലെത്തി. രണ്ട് കൊല്ലം മുൻപ് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയതിനു ശേഷം തറവാട്ടിലെ കാര്യങ്ങളെല്ലാം വർഗീസ് ചേട്ടനാണ് നോക്കി നടത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കാവിൽ വിളക്ക് വെക്കാൻ ഞാൻ മാത്രം വരും. വിളക്ക് വെച്ച് പൂജയും ചെയ്ത് രാത്രി തന്നെ മടങ്ങിപ്പോകും. ഇതാണ് കഴിഞ്ഞ ഒരു വർഷമായിട്ടുള്ള പതിവ്. രാത്രിയിലുള്ള വരവും പോക്കും ആയതു കൊണ്ട് അങ്ങനെ ആരേയും കാണാൻ നിൽക്കാറില്ല. മരിച്ചവരുടെ ഓർമ്മകൾ അലട്ടുന്നത് കൊണ്ട് രേണു പിന്നെ ഇങ്ങോട്ട് വന്നിട്ടേയില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചു തുടങ്ങിയാൽ അതിൽ മുഴുകിപ്പോകും എന്ന് തോന്നിയപ്പോൾ ഞാൻ സ്റ്റീരിയോ ഓണാക്കി.
“….ഓബിമേ….” കേട്ട ഉടൻ ഞാൻ സ്റ്റീരിയോയുടെ നോബ് തിരിച്ചു. അല്ല പിന്നെ. “…സേ യെസ് റ്റു ഹെവൻ…” ഞാൻ വീണ്ടും നോബ് തിരിച്ചു. ബില്ലി എയ്ലിഷായിരുന്നു അടുത്തത്. വിഷാദാത്മകമായ ചിന്തകളിൽ നിന്നും മോചനം നേടാൻ പാട്ട് വെച്ചപ്പോൾ എല്ലാം ശോകഗാനങ്ങൾ. സ്റ്റീരിയോ ഓഫ് ചെയ്ത് ഞാൻ മൊബൈലിൽ പാട്ടു വെച്ചു. പിറ്റ്ബുള്ളും മാർക്ക് ആൻ്റണിയും ഏതോ മരുഭൂമിയിൽ പാടി തിമിർക്കുന്നു. വേദനാജനകമായ ഓർമ്മകളെ മനസ്സിൻ്റെ ഉള്ളറകളിലേക്ക് തള്ളി മാറ്റി പോപ്പ് മ്യൂസിക്ക് കാതുകളിൽ പതഞ്ഞു കയറി. എല്ലാ ഹിറ്റ് ചാർട്ടുകളിലും ബ്രിട്ട്നി സ്പിയേർസും പിറ്റ് ബുള്ളുമുണ്ടായിരുന്ന ആ കാലം ഞാൻ ഓർത്തു പോയി. പഴയ പോപ്പ് ഗായകർക്കൊക്കെ ഇതെന്ത് പറ്റി എന്ന് ചിന്തിക്കാതിരിക്കാനായില്ല.
പോപ്പ് മ്യൂസിക്കും കേട്ട് ഹോം വർക്ക് ചെയ്യുന്ന ഞാൻ…തറവാട്ടിലാദ്യമായി ഇൻ്റർനെറ്റെടുത്തത്…. കൊൽക്കത്തയിൽ നിന്നുള്ള രേണുവിൻ്റെ സ്കൈപ്പ് കോളുകൾ… പഴയ ലാൻ്റ് ഫോൺ… ഡയൽ അപ്പ് മോഡം…. ഡൽഹിയിൽ നിന്നുമുള്ള അച്ഛൻ്റേയും അമ്മയുടെയും ഫോൺ കോളുകൾ… അങ്ങനെ പലതും ഓർമ്മയിൽ മിന്നി മറഞ്ഞു. കള്ളൻ ചക്കയിടുമ്പോലെ ഓരോന്ന് ഇടക്ക് കേൾക്കാം എന്നാണ് മുറിഞ്ഞ് മുറിഞ്ഞ് മാത്രം കേൾക്കുന്ന ഡൽഹി കോളുകളെപ്പറ്റി അച്ഛമ്മ പറയാറ്. നാലഞ്ച് പോസ്റ്റുകൾ നാട്ടി വർഗ്ഗീസ് ചേട്ടൻ്റെ വീട്ടിലാണ് ആദ്യം ഫോൺ വന്നത്. അന്ന് വർഗ്ഗീസ് ചേട്ടൻ തിരുവമ്പാടിയിലെ എം എൽ എ ആയിരുന്നു. ഫോണിന് അത്യാവശ്യമുള്ള കാലം. ആഴത്തിൽ കുഴിച്ചും കുഴിക്കാൻ പറ്റാത്ത ഇടങ്ങളിൽ പോസ്റ്റ് നാട്ടിയും കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും വർഗ്ഗീസ് ചേട്ടൻ കുന്നിന് മുകളിൽ ഫോണെത്തിച്ചു. രേണു പഠിക്കാനായി കൊൽക്കത്തയിലേക്ക് പോയപ്പോഴാണ് തറവാട്ടിൽ ഇൻ്റർനെറ്റ് കണക്ഷനെടുത്തത്. എന്തൊരു കഷ്ടം. എങ്ങനെയൊക്കെ നോക്കിയാലും ചിന്തകൾ അവസാനം അവിടെ തന്നെയെത്തും.
