” ഒക്കേ, സോ എങ്ങോട്ട് പോകാൻ ആണ് പ്ലാൻ..?? ”
ശിവയുടെ സംസാരത്തിലെ മാറ്റവും അവൻ തന്നെ ആഗ്രഹിക്കുന്നതും എല്ലാം ആ ചോദ്യത്തിൽ നിന്നും വ്യക്തമായിരുന്നു,
സ്റ്റെല്ല ഒരു ദീർഘശ്വാസം എടുത്തു വിട്ടു,
“ശിവ എനിക്ക് നിന്റെ അപ്പാർട്ട്മെൻറ് ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്, അവിടേക്ക് വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ..? ”
ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല.
“അതിനെന്താ ഈ പ്രാവശ്യം നിനക്ക് എന്റെ അപ്പാർട്ട്മെന്റ് ഒന്ന് മൊത്തമായി കാണിച്ചു തരാം, കൂട്ടത്തിൽ മറ്റു ചില കാര്യങ്ങളും..” അവന്റെ കള്ളച്ചിരിക്കൊപ്പം അവളും ചിരിക്കാൻ ശ്രെമിച്ചു,
” ശരി എന്തായാലും ഞാൻ ശനിയാഴ്ച രാവിലെ ഓഫീസിൽ ഉണ്ടാവും, താൻ അവിടേക്ക് വന്നിട്ട് നമുക്ക് കാണാം ”
” യെസ് ശിവ അങ്ങനെ ചെയ്യാം ”
അതും പറഞ്ഞ് സ്റ്റെല്ലാ കോൾ കട്ട് ചെയ്തു, ഇനിയും രണ്ട് ദിവസം കൂടി ദിവസങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന ചോദ്യങ്ങൾക്ക് തനിക്ക് മറുപടി കിട്ടും, അവൾ തന്റെ മുമ്പിൽ ഇരിക്കുന്ന ജ്യൂസ് എടുത്ത് ചുണ്ടോട് ചേർത്തു,
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയിലേക്ക് കയറാൻ തുടങ്ങുന്നതിന് തൊട്ടു മുന്നേ വീണ്ടും അവളുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഡിസ്പ്ലേയിൽ ആൽബിയുടെ പേര് തെളിഞ്ഞു കണ്ടതും അവൾ വേഗം കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു,
” ഹേലോ ആൽബി..”
” എന്നാ പരുപാടി ഫുഡ് കഴിച്ചോ..?? ”
” ഞാനിപ്പോൾ കഴിച്ച് കയറാൻ തുടങ്ങുന്നതേയുള്ളൂ, എന്നാ പറ്റി വെറുതെ വിളിച്ചതാണോ..??”
ലിഫ്റ്റിൽ കയറിയാൽ കോൾ കട്ട് ആവാൻ സാധ്യത ഉള്ളത് കൊണ്ട് അവൾ കഫ്റ്റീരിയയിൽ തന്നെ ഫോൺ പിടിച്ചു നിന്നു.
” പെണ്ണേ ഒരു കാര്യം പറയാൻ വിളിച്ചതാ..”
” എന്താ ആൽബി..?? ”
അവളുടെ ചോദ്യത്തിൽ ചെറിയ ആകാംഷ നിറഞ്ഞു നിന്നിരുന്നു,
” എക്സാം റിസൾട്ട് വന്നു..”
” എന്നിട്ട്…????? ”
അപ്പുറത്ത് മറുപടി എന്താണെന്നറിയാൻ അവളുടെ ഉള്ളിൽ വല്ലാത്ത എക്സൈറ്റ്മെന്റ് തിങ്ങി നിന്നു,
” പറ ആൽബി എന്തായി…??? ”
സ്റ്റെല്ലയുടെ ഉള്ളിൽ ആകാംക്ഷ വല്ലാത്ത രീതിയിൽ തിളച്ച മറിയുകയായിരുന്നു,
” ഇട്സ് ഓൾ ഗുഡ്…!! പാസായിട്ടുണ്ട് ”
” എന്റെ ദൈവമേ…!! യൂ ഡൺ ഇറ്റ് ആൽബി കോൺഗ്രാട്സ് ”
” ഇനി ആകെ ബാക്കിയുള്ളത് ആ ക്ലൈന്റ് ഇൻറർവ്യൂ കൂടി , അത് മിക്കവാറും അടുത്ത ആഴ്ച്ചത്തേക്ക് ഉണ്ടാകും , അതും കൂടി കിട്ടിയാൽ നമ്മൾ രക്ഷപ്പെടാൻ പോവുകയാണ് ”
ആൽബിയുടെ സംസാരത്തിലെ സന്തോഷവും ആവേശവും അതുപോലെ തന്നെ സ്റ്റെല്ലയിലും അലയടിക്കാൻ തുടങ്ങിയിരുന്നു,
ആൽബി ഫോൺ വച്ചതിനു ശേഷം കുറച്ചു നേരം കൂടി ഫോണും കയ്യിൽ പിടിച്ച് സ്റ്റെല്ല എന്തൊക്കെയൊ ആലോചിച്ചു നിന്നു,
വൈകുന്നേരം അവൾ വരുമ്പോഴേക്കും ആൽബി വന്നിട്ടുണ്ടായിരുന്നു ഡോർ തുറന്ന് അകത്തു കയറിയതും അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ മേശപ്പുറത്ത് ഒരു കുപ്പി കൊണ്ടു വച്ചിട്ടുണ്ട്,
” എന്താ ആൽബി ആഘോഷം നേരത്തെ തുടങ്ങിയോ..?? ”
” നീ കുളിച്ചിട്ടു വാ പെണ്ണേ ഞാൻ നല്ല ബീഫ് റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്..!! ”
ആൽബി നല്ല ആവേശത്തിൽ തന്നെയാണ് എക്സാമിന്റെ റിസൾട്ട് വന്നതിന്റെ സന്തോഷം അവൻറെ മുഖത്തും പെരുമാറ്റത്തിലും വ്യക്തമാണ്,
മറുപടി ഒന്നും പറയാതെ അവൾ ചിരിയോടെ നേരെ ബെഡ്റൂമിലേക്ക് കയറി,
ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങിയതും ആൽബി അവൾക്കും കൂടി ഒരു ഷോട്ട് ഒഴിച്ചിട്ടുണ്ടായിരുന്നു,
രണ്ടുപേരും ഓരോ ഷോട്ട് എടുത്ത് ഒരുമിച്ച് അടിച്ചതും ആൽബി സ്പീക്കറിൽ ഏതോ ഒരു അടിപൊളി മലയാള ഗാനം വച്ചു,
പതിയെ സ്റ്റെല്ലയുടെ അരികിലേക്ക് എത്തി അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് അവൻ ചെറുതായിട്ട് സ്റ്റെപ്പുകൾ ഇട്ട് തുടങ്ങിയിരുന്നു,
ഒരുപാട് ടെൻഷൻ ബാക്കിയുണ്ടെങ്കിലും ആൽബിയുടെ സന്തോഷത്തിൽ അവൾ എല്ലാം മറന്ന് ആ നിമിഷം അവനൊപ്പം ആസ്വദിച്ച് തുടങ്ങിയിരുന്നു….!!
ശനിയാഴ്ച രാവിലെ ഓഫീസിലേക്ക് സ്കൂട്ടി ഓടിക്കുമ്പോൾ അവളുടെ മനസ്സ് വല്ലാതെ തിളച്ചു മറിയുകയായിരുന്നു,
ഇന്ന് ഓവർ ടൈം ഡ്യൂട്ടി ഉണ്ട് എന്ന് കള്ളം പറഞ്ഞിട്ടാണ് ഇറങ്ങിയിരിക്കുന്നത്, ശിവയെ കാണാൻ പോവുകയാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ ആൽബിയുടെ ഭാഗത്തുനിന്നും 100 ചോദ്യങ്ങളും അതിന് എക്സ്പ്ലനേഷനും കൊടുക്കേണ്ടി വന്നേക്കാം,
ഇപ്പോൾ തന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്,
അതുകൊണ്ട് മറ്റൊന്നിനെയും പറ്റി ചിന്തിക്കാതെ അവൾ സ്കൂട്ടി മുന്നോട്ടു ഓടിച്ചു കൊണ്ടിരുന്നു.
