” ഒന്നുമില്ല ആൽബി അവിടെ ചെന്നപ്പോൾ ഒരു സുഖമില്ലാത്തത് പോലെ തോന്നി, അതു കൊണ്ട് ഇങ്ങു പോന്നു, പിന്നെ കഴിച്ചോ രണ്ടു പേരും..?? ”
” ആ ഞങ്ങളിന്ന് ലഞ്ച് പുറത്തു നിന്നാക്കി , മെസ്സേജ് കിട്ടിയപ്പോൾ തന്നെ നിനക്കുള്ളത് കൂടി പാർസൽ വാങ്ങിയിട്ടുണ്ട്..” അപ്പോഴേക്കും അന്ന മോൾ ആൽബിയുടെ മേലെ നിന്നും ഇറങ്ങി സ്റ്റെല്ലയുടെ മേലേക്ക് കയറിയിട്ടുണ്ടായിരുന്നു,
അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ടിരുന്നു, ആൽബിയിൽ നിന്നും മുഖം മറയ്ക്കാനുള്ള സ്റ്റെല്ലയുടെ തന്ത്രം കൂടിയായിരുന്നു അത്,
” ഫ്രഷ് ആയിട്ട് വന്ന് ഇത് കഴിക്ക് പെണ്ണേ..”
അതും പറഞ്ഞ് ആൽബി ഹാളിലേക്ക് പോയതും സ്റ്റെല്ല കൈ എത്തിച്ചു ഫോൺ എടുത്തു നോക്കി,
ഏകദേശം 7 മിസ്ഡ് കോൾ ശിവയുടെ ഫോണിൽ നിന്നും വന്നു കിടക്കുന്നു, കോൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ വേറെയും,
അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ ബ്ലോക്ക് ബട്ടണിലേക്ക് അവളുടെ വിരലുകൾ അമർന്നു…..!!!
ദിവസങ്ങൾ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ഇതിനിടയിൽ പലതവണ ശിവയുടെ ഫോണിൽ നിന്ന് അവൾക്ക് കോളുകൾ വന്നതിന്റെ ബ്ലോക്ക് നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ടായിരുന്നെങ്കിലും സ്റ്റെല്ല ബ്ലോക്ക് മാറ്റാനൊ കോൾ എടുക്കാൻ തയ്യാറായില്ല,
ചില സമയങ്ങളിൽ അവൾ തനിയെ കരയാറുണ്ടായിരുന്നു, കൂടുതൽ സമയവും ആൽബിക്കും അന്ന മോൾക്കും ഒപ്പം ചെലവഴിച്ച് സ്റ്റെല്ല പഴയ ജീവിതത്തിലേക്ക് തിരികെ പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു,
എന്ത് കാരണം കൊണ്ടാണെങ്കിലും ശിവ ഓഫീസിൽ വന്ന് തന്നെ കാണാൻ ശ്രമിക്കാത്തത് അവൾക്ക് ഒരു ഭാഗ്യമായിട്ടാണ് തോന്നിയത്,
അന്നൊരു ബുധനാഴ്ച്ച ദിവസം ആയിരുന്നു, അടുത്തതായി വരാൻ പോകുന്ന ഒരു പ്രോജക്ടിന്റെ മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഫോണിൽ ആൽബിയുടെ മിസ്കോൾ വന്നു കിടക്കുന്നത് സ്റ്റെല്ല ശ്രദ്ധിച്ചത്,
തന്റെ സീറ്റിലേക്ക് അമർന്നിരുന്നു കൊണ്ട് അവൾ ആൽബിയെ തിരികെ വിളിച്ചു, ഏകദേശം രണ്ട് റിങ് അടിച്ചതും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നു,
” എവിടെ ആയിരുന്നു സ്റ്റെല്ലാ, ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ..?? ”
“ആൽബി പ്രോജക്ടിന്റെ മീറ്റിങ്ങിൽ ആയിരുന്നു, എന്നാ പറ്റി എന്തെങ്കിലും അത്യാവശ്യമുണ്ടായിരുന്നൊ..?? ”
” പെണ്ണേ ഞാൻ പറഞ്ഞില്ലായിരുന്നോ, ഏക്സാം കഴിഞ്ഞത് കൊണ്ട് ഇന്റർവ്യൂ അടുത്ത് തന്നെ ഉണ്ടാകും എന്ന്, അടുത്ത തിങ്കളാഴ്ചത്തേക്കാണ് പറഞ്ഞിരിക്കുന്നത് സോ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ദിവസം എന്റെ ഇൻറർവ്യൂ ഉണ്ടായിരിക്കും..”
ആൽബിയുടെ സംസാരത്തിൽ സന്തോഷവും ഒരെ സമയം സമ്മർദ്ദവും ഉണ്ടായിരുന്നു,
“അല്ല ആൽബി ഇതിപ്പോ, വെർച്ച്വൽ മീറ്റിംഗ് ആണോ അല്ലെങ്കിൽ ഫെയ്സ് ടൂ ഫേസ് ആണോ..??”
“അത് പിന്നീട് അറിയിക്കാം എന്നാണ് മാനേജർ പറഞ്ഞിരിക്കുന്നത്..”
” കൺഗ്രാറ്റ്സ് ആൽബി, കാര്യങ്ങളിലേക്ക് എന്തായാലും പെട്ടെന്ന് അടുക്കുന്നുണ്ടല്ലോ, ഇത്രയും എത്തിയിയില്ലെ , ബാക്കി കൂടി നിന്നെക്കൊണ്ട് പറ്റും, ദൈവം നിന്റെ കൂടെയുണ്ട്, പിന്നെ ഞാനും ഇല്ലേ..?? ”
ഒരു പുഞ്ചിരിയോടെ ആണ് സ്റ്റെല്ല അത് പറഞ്ഞത്, അപ്പുറത്ത് ആൽബിക്കും അതൊരു ആശ്വാസമായിരിക്കണം.
ദിവസങ്ങൾ മുന്നോട്ടു പോകും തോറും അവളുടെ മനസ്സിലെ ഭാരം കുറഞ്ഞു വരുന്നുണ്ടായിരുന്നു,
ഇടക്കെല്ലാം ശിവയുടെ ഫോണിൽ നിന്നും കോൾ വന്നതിന്റെ ബ്ലോക്ക് നോട്ടിഫിക്കേഷൻ വരുമ്പോൾ വീണ്ടും കുറച്ചു സമയം ഓരോന്ന് ആലോചിച്ചു നിൽക്കും ,
മുന്നോട്ടു പോകുന്തോറും കോളുകളുടെയും മെസ്സേജിന്റെയും എണ്ണം കുറയുന്നതും അന്തരം കൂടുന്നതും അവൾക്ക് ആശ്വാസം നൽകി തുടങ്ങിരിയിരുന്നു,
പല വിധത്തിൽ ജീവിത തിരക്കുകളുമായി സമയം വളരെ വേഗത്തിലാണ് കടന്നു പോയി കൊണ്ടിരുന്നത്,
ബാംഗ്ലൂരിൽ ഇപ്പോൾ മഴ കൂടുതലാണ്, ഉച്ച കഴിഞ്ഞ സമയങ്ങളിൽ കടന്നു വരുന്ന മഴ ജനജീവിതം ബുദ്ധിമുട്ടിൽ ആക്കുന്നു എങ്കിലും മനസ്സിന് ഒരു കുളിരും അന്തരീക്ഷത്തിൽ തണുപ്പും നൽകിയാണ് ഓരോ മഴയും കടന്നു പോകുന്നത്,
വഴിയരികിലെ ചെടികളും പൂക്കളും പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു ഇലക്ട്രോണിക് സിറ്റിയും ബാംഗ്ലൂരും അതിന്റെ ഏറ്റവും നല്ല സമയങ്ങളിൽ കൂടിയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്………!!
