കുറച്ചു സമയം അങ്ങനെ തന്നെ ഞാൻ ഇരുന്നു പോയി. ഐഷു വീണ്ടും പറഞ്ഞു.
” ഇക്കയുടെ സമ്മതം ചോദിക്കാതെ ഇക്കയുടെ അനിയത്തികുട്ടിയായി ഇക്കയുടെ കൂടെ കഴിയാൻ വന്ന ഈ പൊട്ടിപ്പെണ്ണിനോട് ഇക്ക ക്ഷമിക്കണം. ഈ പൊട്ടിപ്പെണ്ണ് ഒന്നും ഓർത്തില്ല , എന്റെ ഇക്കയുടെ കൂടെ കഴിയാമല്ലോ എന്നോർത്തുള്ള സന്തോഷം മാത്രമായിരുന്നു അപ്പോൾ ഈ പൊട്ടിപ്പെണ്ണിന്റെ മനസ്സ്നിറയെ.”
അങ്ങനെ പറഞ്ഞശേഷം ഒഴുകിവന്ന കണ്ണീർ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഐഷു വീണ്ടും പറഞ്ഞു
“ഇക്കാ. ഞാൻ ഇവിടെ ഇറങ്ങിക്കോളാം.
ഇനി ഞാൻ കാരണം എന്റെ ഇക്കയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . ഞാൻ ഇവിടെ ഇറങ്ങിക്കോട്ടെ ഇക്കാ..? ”
അവൾ പറഞ്ഞു കഴിഞ്ഞതും ഞാൻ വേഗം വണ്ടി തിരിച്ചു. നേരെ കാണുന്ന റോഡിൽ കൂടെ വേഗത്തിൽ ഓടിച്ചുപോയി.
“ഇക്കാ നിർത്ത് ഇക്കാ. വണ്ടി നിർത്ത്. ഇക്ക ഇത് എവിടെക്കാ പോകുന്നത്..? . ബസ് സ്റ്റാൻഡ് കഴിഞ്ഞു. ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം. ” ഐഷു പറഞ്ഞു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ വേഗത്തിൽ കാർ ഓടിച്ചു.
പിന്നെ അവളൊന്നും പറഞ്ഞില്ല. എന്നെ നോക്കിയങ്ങനെ ഇരുന്നു.
ഞാൻ കാർ കൊണ്ടുപോയി നിർത്തിയത് ഐഷു പഠിക്കാൻ വന്ന കോളേജിന്റെ മുന്നിലായിരുന്നു. അവിടെ നിർത്തിയ ശേഷം ഞാൻ അവളെ നോക്കികൊണ്ട് ചോദിച്ചു .
“ഇതല്ലേ നീ പറഞ്ഞ കോളേജ്.?”
ഐഷു അവിടെ കണ്ട കോളേജ് ബോർഡ് വായിച്ച ശേഷം പറഞ്ഞു.
“ഉം. അതേ. പക്ഷെ, എന്തിനാ ഇക്കാ ഇവിടേക്ക് വന്നത്. ഞാൻ നാട്ടിലേക്ക് പോകുവല്ലേ. ഇക്കാ, ഇപ്പോൾ നാട്ടിലേക്ക് പോയാൽ എനിക്ക് ഇരുട്ടും മുൻപ് നാട്ടിൽ
എത്താം. ”
“അപ്പോൾ നിനക്ക് പഠിക്കേണ്ടേ..? അതോ എന്റെ കൂടെ കഴിഞ്ഞാൽ മാത്രം മതിയോ..?” ഞാൻ ഗൗരവം നിറച്ചു കൊണ്ട് തന്നെ ചോദിച്ചു.
” അത്, ഇക്കയെ കാണാലോ. ഇക്കയുടെ കൂടെ കഴിയാലോ എന്ന ആഗ്രഹം കൊണ്ടാ. അതുകൊണ്ട് മാത്രമാ ഇതുവരെ ഉമ്മയെ വിട്ടുപിരിഞ്ഞ് ഒരു ദിവസം പോലും എവിടേയും കഴിയാത്ത ഞാൻ ആ ഉമ്മയെ പോലും വിട്ട് ഇത്രയും ദൂരെയുള്ള കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചതും അതിനായി അച്ഛനോട് പറഞ്ഞതും. ”
“അപ്പോൾ നിനക്ക് എന്റെ കൂടെ കഴിഞ്ഞാൽ മാത്രം മതിയോ? അതിനു മാത്രമായാണോ നീ ഇങ്ങോട്ട് വന്നത്?”
“അല്ല . പഠിക്കുകയും വേണം..?” അവൾ പതിയെ പറഞ്ഞു.
“എന്നാ അതിനാ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത്. ഇപ്പോൾ തന്നെ നിന്നെ ഇവിടെ ചേർക്കാം. പിന്നെ ഇപ്പോഴൊന്നും എനിക്ക് സമയം കിട്ടിയെന്ന് വരില്ല.”
ഞാൻ പറഞ്ഞു നിർത്തിയതും വിശ്വാസം വരാതെ ഐഷു എന്നെ നോക്കി. അവളുടെ മുഖത്തു മെല്ലെ സന്തോഷം നിറയാൻ തുടങ്ങി. വിശ്വസിക്കാനാവാതെ അവൾ എന്നോട് ചോദിച്ചു.
“ശരിക്കും. സത്യമാണോ ഇക്ക പറയുന്നത്? ”
“ഉം. സത്യം. പക്ഷെ ഒരു കാര്യമുണ്ട്..?”
“എന്ത് കാര്യം ഇക്കാ …? ”
” അത്, നിന്നെ ഇപ്പോൾ എന്റെ കൂടെ താമസിപ്പിക്കാൻ ആവില്ല. അതുകൊണ്ട് നീ ഇവിടെയുള്ള കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. ഇപ്പോൾ തന്നെ എന്റെ കൂടെ താമസിക്കണം എന്ന് നീ വാശി കാണിക്കരുത്.”
ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം വാടി. അവളുടെ കണ്ണ് നിറഞ്ഞു.
“ഹോസ്റ്റലിൽ കഴിയാൻ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?” ഞാൻ വീണ്ടും ചോദിച്ചു.
“ഇല്ല
ഇക്കാ ഞാൻ കഴിഞ്ഞോളാം.” അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“സർട്ടിഫിക്കറ്റുകളൊക്കെ കൃത്യമായി എടുത്തിട്ടില്ലേ..?” ഞാൻ വീണ്ടും ചോദിച്ചു.
“ഉണ്ട്. എടുത്തിട്ടുണ്ട്. എല്ലാം എന്റെ ബാഗിലുണ്ട്.” സങ്കടം ഉള്ളിലൊതുക്കികൊണ്ട് അവൾ മെല്ലെ പറഞ്ഞു.
ആ സമയം അവൾക്ക് നാട്ടിലേക്ക് പോകാതിരുന്നാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ പോയാൽ അച്ഛനോടും ഉമ്മയോടും എന്ത് പറയും. സത്യം പറഞ്ഞാൽ രണ്ടാളും എന്നെ വെറുക്കും. ഞാൻ അവരുടെ മുന്നിൽ തെറ്റുകാരനാകും. അതൊരിക്കലും അവൾ ആഗ്രഹിച്ചില്ല. എന്നെ അങ്ങനെ ഒരു തെറ്റുകാരനായി നിർത്താൻ അവൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് കൂടെയാണ് അവൾ ഹോസ്റ്റലിൽ നിൽക്കാം എന്ന് സമ്മതിച്ചത്.
അവൾ അതിന് സമ്മതിച്ചതും ഞാൻ വേഗം ആ കോളേജ് ഗ്രൗണ്ടിൽ കൊണ്ട് പോയി കാർ പാർക്ക് ചെയ്ത ശേഷം അവളോട് പറഞ്ഞു.
