അവൾ കളിപ്പാട്ടം താഴെ വെച്ചിട്ട് വലിയ കണ്ണുകളോടെ എന്നെത്തന്നെ നോക്കി. എന്നിട്ട് നിഷ്കളങ്കമായി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടപ്പോൾ എന്റെ സകല പേടിയും മാറി.
ഞാൻ പതുക്കെ എന്റെ കൈകൾ അവൾക്ക് നേരെ നീട്ടി. കുറച്ചുനേരം എന്നെ നോക്കി നിന്നതിന് ശേഷം, അവൾ കുഞ്ഞുകാലുകൾ വെച്ച് പിച്ചവെച്ച് എന്റെ അടുത്തേക്ക് വന്നു.
ഞാൻ അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. ആ കുരുന്നുശരീരത്തിന്റെ ചൂടറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവളുടെ കുഞ്ഞിക്കവിളിൽ ഞാൻ പതുക്കെ ചുംബിച്ചു. എന്റെ നഷ്ടങ്ങളെല്ലാം ഈ ഒറ്റ നിമിഷം കൊണ്ട് പടച്ചവൻ എനിക്ക് തിരിച്ചുതന്നതുപോലെ തോന്നി.
ഇതാത്ത ഇതുകണ്ട് അടുക്കളവാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഇന്നലെ എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ആ ഭയവും അസ്വസ്ഥതയും ഇപ്പോൾ അവിടെയുണ്ടായിരുന്നില്ല.
പകരം, എന്നെയും മോളെയും നോക്കി വളരെ ആശ്വാസത്തോടെ അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ തിരിച്ച് അവർക്കും ഒരു പുഞ്ചിരി നൽകി.
കുറച്ചുകഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ വന്നിരുന്ന് ചൂട് ചായ കുടിക്കുമ്പോൾ, മുറ്റത്തെ വെയിലിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു. വീണുപോയിടത്തുനിന്നും എന്റെ ജീവിതം വീണ്ടും തളിർക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ആ പ്രഭാതം എന്നോട് മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി…
ഞാൻ അങ്ങനെ മുറ്റത്തെ കാഴ്ചകളും കണ്ട് ചായ കുടിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ഇക്ക അങ്ങോട്ടേക്ക് വന്നത്. ഇക്കയുടെ കയ്യിലും ഒരു ഗ്ലാസ് ചായ ഉണ്ടായിരുന്നു.
ഇക്ക എന്റെ അടുത്തുള്ള കസേരയിലേക്ക് വന്നിരുന്നു. കുറച്ചുനേരം ഞങ്ങൾ ഒന്നും മിണ്ടാതെ ആ മുറ്റത്തേക്ക് തന്നെ നോക്കിയിരുന്ന് ചായ കുടിച്ചു. പണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ പഴയ ഉടക്ക് എല്ലാം അലിഞ്ഞു ഇല്ലാതെ ആകുന്നത് ഞാൻ ആ നിശ്ശബ്ദതയിലും അറിയുന്നുണ്ടായിരുന്നു.
ഇക്ക (മൗനം മുറിച്ചുകൊണ്ട് ചോദിച്ചു): “നന്നായി ഉറങ്ങിയോ ഡാ?”
ഞാൻ: “ഉറങ്ങി ഇക്കാ… ഒരുപാട് കാലത്തിന് ശേഷം ഇന്നലെയാണ് ഒന്ന് സമാധാനമായി ഉറങ്ങിയത്.”
ഇക്ക ഒന്ന് മൂളി. പിന്നെ എന്റെ മുഖത്തേക്ക് നോക്കാതെ വളരെ പതുക്കെ പറഞ്ഞു:
ഇക്ക: “ഇന്നലെ… ഷമീമ മോളെ പെട്ടെന്ന് നിന്റെ അടുത്തുനിന്ന് എടുത്തുകൊണ്ട് പോയപ്പോൾ നിനക്ക് വിഷമമായോ?
അവൾക്ക്
പെട്ടെന്ന്… എന്താ ചെയ്യേണ്ടതെന്ന് അറിയാത്തതുകൊണ്ടാ. കഴിഞ്ഞ കാലത്തെ നിന്റെ അവസ്ഥയെക്കുറിച്ച് കേട്ടതിന്റെ ഒരു പേടി അവളുടെ ഉള്ളിലുണ്ടായിരുന്നു.”
ഇക്കയുടെ വാക്കുകളിലെ കുറ്റബോധം എനിക്ക് മനസ്സിലാകുമായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ഇക്കയുടെ കൈകളിൽ പിടിച്ചു.
ഞാൻ: “ഏയ്, എനിക്ക് മനസ്സിലാകും ഇക്കാ. ആർക്കായാലും ആ അവസ്ഥയിൽ പേടിയുണ്ടാകും. അതിൽ എനിക്ക് യാതൊരു വിഷമവുമില്ല. പക്ഷേ ഇന്നിപ്പോ മോൾ എന്റെ അടുത്തേക്ക് വന്നല്ലോ. എന്റെ കയ്യിലിരുന്ന് അവൾ ചിരിച്ചല്ലോ. എനിക്കത് മതി ഇക്കാ.”
അതുകേട്ടപ്പോൾ ഇക്കയുടെ മുഖത്തെ സങ്കടം മാറി അവിടെ വലിയൊരു ആശ്വാസം നിറഞ്ഞു. ഇക്ക എന്റെ തോളിൽ സ്നേഹത്തോടെ കൈവെച്ചു.
ഇക്ക: “.നീ നമ്മുടെ ഉമ്മയുടെ മുഖത്തെ ആ ചിരി കണ്ടോ നീ… പോയെ പിന്നെ നഷ്ടപ്പെട്ടതാണ് അതൊക്കെ.”
ഇക്കയുടെ ആ വാക്കുകൾ എന്നിൽ വലിയൊരു ധൈര്യവും സമാധാനവും നിറച്ചു. ഇന്നലെ ഇക്കയെ കണ്ടപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്ന് ഞാൻ സംശയിച്ചിടത്ത്, ഇപ്പോൾ എളിയ സ്നേഹം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ കുറെ വർഷമായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ വലിയ മതിലാണ് ആ സംസാരത്തോടെ പൂർണ്ണമായും തകർന്നു വീണത്.
ആ സമയം ഉപ്പയും ഫോണും ആയി ഉമ്മറത്തേക്ക് വന്നു. ഇപ്പോഴും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു
ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ ഉപ്പയുടെ മുഖത്തും വലിയൊരു സന്തോഷം വിരിഞ്ഞു. ആ പ്രഭാതം എന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളുടെ വസന്തമാണ് കൊണ്ടുവന്നതെന്ന് ഞാൻ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങിയിരുന്നു…

Keep writing broo