“വന്നെടാ മോനേ…വാ അകത്തേക്കിരിക്കാം..മോളെ…”അമ്മച്ചി കണ്ണു രണ്ടും നല്ലപോലെ തുടച്ചു .“അന്നയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നേക്കാ..ഞാനതാ നല്ല സാരിയൊക്ക ഉടുത്തേ…രസാല്ലേടാ….? “സാരി കാണിച്ചു അവരെന്നോട് ചിരിക്കാൻ നോക്കി ചോദിച്ചു.അമ്മച്ചിയിങ്ങനെ നിർത്താതെ ഓരോന്ന് സംസാരിക്കുന്ന ടൈപ്പാണെന്ന് പെട്ടന്നെനിക്ക് മനസ്സിലായി. ഇല്ലേൽ ഈ വിഷമം തീർക്കാൻ ഓരോന്ന് പറയുന്നതാണോ.? ഞാൻ നന്നായിട്ടുണ്ടെന്ന് തലയാട്ടി.
“അപ്പായി അവിടെയുണ്ട്…കണ്ണൊക്കെ തുടച്ചേ.കരഞ്ഞൊന്നും അവരേ കാണിക്കണ്ടാ…?“ ദൃതി കൂട്ടി അമ്മച്ചി തന്നെ ഏട്ടത്തിയുടെ കണ്ണും മുഖവുമെല്ലാം സാരി തല കൊണ്ട് തുടച്ചു കൊടുത്തു. അത് കഴിഞ്ഞു അവരെന്റെ നേരെ തിരിഞ്ഞു ഏട്ടത്തിക്ക് ചെയ്തപോലെ കണ്ണും മുഖവും എനിക്ക് തുടച്ചു തന്നു. ആ വിരലുകൾ എന്റെ കവിളിലും,കണ്ണിലും,കൊലക്കേടായ മുടിയിലും ഇഴഞ്ഞപ്പോ എന്റെ ആരും അല്ലാഞ്ഞിട്ട് കൂടെ സ്വന്തം മോനെ പോലെ നോക്കുന്ന കണ്ടപ്പോ ഒരമ്മയുടെ സ്നേഹം ഞാൻ അവരിൽ കണ്ടു പോവുന്ന പോലെ.എന്റെ ശ്രീദേവി ഇങ്ങനെ ആയിരുന്നേൽ?
അകത്തേക്ക് അമ്മച്ചി ഞങ്ങളെ വിളിച്ചപ്പോ വീണ്ടും ഏട്ടത്തി മടി കാണിച്ചു. “അമ്മച്ചി… അപ്പായി?…” ഏട്ടത്തിയുടെ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നറിയില്ലലോ. അതാവും
“ഒരടി തന്നാലുണ്ടല്ലോ കുഞ്ഞി. ഈ മോന്റെ മുന്നിൽ വെച്ച് എന്നെക്കൊണ്ട് കേൾപ്പിക്കല്ലേ നീ…” അമ്മച്ചിയുടെ മുഖമൊന്നു മുറുകി. കൈ ഏട്ടത്തിയെ തല്ലാൻ പകുതി വരെ പൊന്തി.കുഞ്ഞി എന്ന പേര് കേട്ടിട്ട് എനിക്ക് ചിരി പുറത്തേക്ക് തെറിച്ചു വന്നു. ഞാൻ ചിരിയടക്കാൻ പണി പെടുന്നത് കണ്ട ഏട്ടത്തി ചടപ്പോടെ എന്നെ നോക്കി.
“മോന് വാടാ…”ഏട്ടത്തി അവിടെ നിൽക്കാണേൽ നിൽക്കട്ടെ എന്നപോലെ അമ്മച്ചിയെന്റെ കയ്യിൽ പിടിച്ചു കൂടെ നടത്തിച്ചു. വരാന്തയിൽ കേറിയപ്പോ വല്ല്യ പേടിയൊന്നും എനിക്ക് തോന്നിയില്ല. ഒന്നാമത് പെണ്ണുകാണാൻ വന്ന കൂട്ടരെ മുന്നിൽ വെച്ച് ആരേലും ചീത്ത പറഞ്ഞു വിടുമോ? അമ്മച്ചി എന്തായാലും പ്രശ്നമില്ല.
ഏട്ടത്തിയുടെ അച്ഛൻ എങ്ങനെയാണെന്ന് കണ്ടറിയണം.ഞാൻ മുന്നിൽ നടന്നപ്പോ ഏട്ടത്തി മെല്ലെയെങ്കിലും പുറകെവരുന്നുണ്ട്. വരാന്തയിലേക്ക് അകത്തു നിന്ന് വീണ്ടും ഇറങ്ങി വന്ന ഏട്ടത്തിയുടെ അനിയത്തി എന്നെ കണ്ടു നല്ല ചിരി തന്നു. ഞാൻ തിരിച്ചും ഒരു ചിരി കൊടുത്തു വിട്ടു. ഏട്ടത്തിയെ പിന്നെ അവൾ ഓടി കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഞാൻ തിരിഞ്ഞു നോക്കി കണ്ടു . അവർ തമ്മിൽ സ്നേഹത്തോടെ എന്തൊക്കെയോ മെല്ലെ ആരും കേൾക്കാതെ പതുങ്ങി പറയുന്നുണ്ട്. പെണ്ണുകാണാലിനെ പറ്റിയാവും.
അമ്മച്ചിയെന്നെ വിടുന്ന ലക്ഷണമില്ല. അകത്തേക്ക്, ലിവിങ് റൂമിലേക്ക് എന്നെ നടത്തുമ്പോ .സഹായത്തിനു ഏട്ടത്തി പിന്നിലുണ്ടോന്ന് ഞാൻ നോക്കി. എവിടെ എന്നെ ഒറ്റക്ക് ആക്കി തിരിഞ്ഞു കളിച്ചു അനിയത്തിയുടെ കൂടെ നിക്കാണ്.അപ്പോഴേക്കും അമ്മച്ചിയെന്നെ ലിവിങ് റൂമിലേക്ക് കേറ്റി.
“എന്റെ വലിയവൾ വന്നിട്ടുണ്ട്. അന്നയുടെ ചേച്ചീ..ഇത് അവളുടെ ഭർത്താവിന്റെ അനിയനാ…ഇത് അവളുടെ മോളും…” ഒറ്റയടിക്ക് എല്ലാമങ്ങു പറഞ്ഞു തീർത്തു അമ്മച്ചി എന്നെ നോക്കി ചിരിച്ചു.ഞാനപ്പോഴാ എല്ലാരേയുമൊന്ന് നോക്കിയത്. റൂം നിറയെ ആളാണ് .പെണ്ണുങ്ങളും ആണുങ്ങളും ഇരിക്കുന്നും നിക്കുന്നുമുണ്ട്. ഒറ്റയാളെയും അറിയില്ലെങ്കിലും ഞാൻ വെറുതെ ഓരോരുത്തരേം നോക്കി ചിരിച്ചു.
എല്ലാവർക്കും ചെറുതായെങ്കിലും ചിരിയുണ്ട്. അതിൽ കുറച്ചു വയസ്സുള്ള ഒരാളുടെ മുഖം അത്ര രസിച്ചല്ല എന്ന് ഞാൻ പെട്ടന്ന് കണ്ടു പിടിച്ചു. ഇത് തന്നെയാവും ഏട്ടത്തിയുടെ അച്ഛൻ! എന്റെയും അമ്മച്ചിയുടെയും ബാക്കിൽ ഏട്ടത്തിയും അന്നയും വന്നു നിന്നത് ഞാൻ അറിഞ്ഞു. പെട്ടന്ന് മുന്നിൽ ഇരിക്കുന്ന പെണ്ണ് കാണാൻ വന്ന ചെക്കൻ എന്റെ നേരെ സംശയത്തോടെ കൈ നീട്ടുന്ന കണ്ടു.എന്റെ നേരെയാണെന്ന് ആദ്യ മെനിക്ക് മനസ്സിലായില്ല.

Superb🥰
Waiting for next part.!!!!!
Nirthiyo?