“നീയെന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നേ..?” സീനത്ത് എന്നെ തോളില്‍ തട്ടി ചോദിച്ചു.
“യേയ് ഒന്നുമില്ല.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“ഇല്ല… എന്തോ ഉണ്ട്..!!” മേരി സംശയത്തോടെ പറഞ്ഞു. “അവന്മാർ ഇവിടെ ജോയിൻ ചെയ്യാത്തതിന്റെ കാരണം അറിയാവുന്നത് പോലെയാണ് നിന്റെ ഈ ഇരിപ്പും ആലോചനയും പുഞ്ചിരിയും എല്ലാം.”
“ശെരിയാ, എനിക്കും അങ്ങനെയ തോന്നിയത്.” സീനത്ത് പുരികം ഉയർത്തി പറഞ്ഞു.
“നി എന്തോ ഒളിച്ചു വയ്ക്കുന്ന പോലെയാ നിന്റെ ഈ ഇരുപ്പ്. സത്യം പറയടി, അവന്മാർ ജോയിൻ ചെയ്യാത്തതിന്റെ കാരണം നിനക്ക് അറിയില്ലേ..?” ഹസീന ചോദിച്ചു.
ഞാൻ സത്യം പറയാതെ അവർ എനിക്ക് സമാധാനം തരില്ലെന്ന് അവരുടെ നോട്ടത്തില്‍ നിന്നും മനസ്സിലായതും ഞാൻ നെടുവീര്‍പ്പിട്ടു.
“കാരണം ഒന്നും എനിക്കറിയില്ല. പക്ഷേ അവന്മാര് നമ്മോട് വൃത്തികേട് പറഞ്ഞ കാര്യം എന്റെ ചേട്ടൻ എങ്ങനെയോ അറിഞ്ഞു. അവന്മാരെ കുറിച്ച് ഫോണിലൂടെ ഒരു എക്സ് ഡിറ്റക്ടീവ്നോട് ചേട്ടൻ അന്വേഷിക്കുന്നതും ഞാൻ കേള്‍ക്കാന്‍ ഇടയായി.” ഞാൻ അവരോട് സത്യസന്ധമായി പറഞ്ഞു.
അതുകേട്ട് അവർ മൂന്ന് പേരും വായും പൊളിച്ചിരിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു.
“അപ്പോ—” സീനത്ത് എന്തോ പറയാൻ തുടങ്ങി. പക്ഷേ..!
“ഡാലിയ…!” അന്നേരം റോസ് മേഡം എന്നെ വിളിച്ചത് കേട്ട് സീനത്ത് വായടച്ചു.
ഞാനും എന്റെ മൂന്ന് പുതിയ കൂട്ടുകാരികളും റോസ് മേഡത്തിന്റെ ശബ്ദം വന്ന ദിശയിലേക്ക് നോക്കി.
റോസ് മേഡം ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നതാണ് കണ്ടത്.
“വെപ്രാളം പിടിച്ചുള്ള വരവ് കണ്ടിട്ട് എന്തോ ഭയങ്കര സംഭവം ഉണ്ടെന്ന് തോന്നുന്നു.” മേരി രഹസ്യം പോലെ ഞങ്ങളോട് പറഞ്ഞു.
റോസ് മേഡം എന്റെ അടുത്തേക്ക് വന്നു നിന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് എന്തോ മനസ്സിലായ പോലെ തലയാട്ടി.
“ഡാലിയ കഴിച്ച ശേഷം എന്റെ ഓഫീസിൽ വരൂ.” അത്ര മാത്രം പറഞ്ഞിട്ട് അവർ ധൃതിയില്‍ വന്ന പോലെ തിരികെ നടന്നു പോയി.
“ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത്…?!” റോസ് മേഡം ധൃതിയില്‍ നടന്നു പോകുന്നത് നോക്കി ശബ്ദം താഴ്ത്തി സീനത്ത് എന്നോട് ചോദിച്ചു.
“എനിക്കറിയില്ല…!”ഞാൻ ചിന്താകുഴപ്പത്തോടെ പറഞ്ഞു.
“എന്തായാലും വേഗം കഴിച്ചിട്ട് ചെല്ല്.” മേരി തിടുക്കം കൂട്ടി.
“എനിക്ക് മതി, വിശപ്പില്ല.” ഞാൻ അവരോട് പറഞ്ഞിട്ട് ധൃതിയില്‍ എഴുനേറ്റ് കൈയും കഴുകി റോസ് മേഡത്തിന്റെ ഓഫിസിലേക്ക് പോയി.
ഡോറിൽ തട്ടി അനുവാദം വാങ്ങിച്ചു ഞാൻ അകത്തു കേറി.
“ഡാലിയ ഇരിക്ക്.” അകത്ത് കേറിയതും മേഡം ചെയറിലേക്ക് ചൂണ്ടി എന്നോട് പറഞ്ഞു.
ഞാൻ ഇരുന്നതും അവർ എന്നെ പഠിക്കുന്ന പോലെ നോക്കിയിരുന്നു.
അല്‍പ്പം കഴിഞ്ഞ് എനിക്ക് അസ്വസ്ഥത ഉണ്ടായതും ഞാൻ വെറുതെ ഒന്ന് ചുമച്ചു.
ഡ്യൂട്ടിക്ക് കേറാന്‍ വെറും പത്തു മിനിറ്റ് മാത്രമാ ഉണ്ടായിരുന്നത്.
“നി റൂബിന്റെ റിലേറ്റീവ് ആണെന്ന് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല…?” റോസ് മേഡം വളരെ സീരിയസ്സായി എന്നോട് ചോദിച്ചു.
അതുകേട്ട് ഞാൻ അന്തംവിട്ടിരുന്നു.
“ഓഹോ… ഞങ്ങൾ തിക്ക് ഫ്രണ്ട്സ് ആണെന്ന് അപ്പോ റൂബി നിന്നോടും പറഞ്ഞിട്ടില്ല, അല്ലേ..!?” റോസ് മേഡം ചോദിച്ചിട്ട് ചിരിച്ചു.
ഞാനും ഇല്ലെന്ന് തലയാട്ടി.
“എന്നാ സാരമില്ല.” അവർ പുഞ്ചിരിച്ചു. “അവനെ നേരിട്ട് കാണുമ്പോ അവന്റെ ചെവി നിറയെ ഞാൻ കൊടുത്തോളാം.” അവർ പറഞ്ഞു.
റോസ് മേഡം ചേട്ടനെ വച്ച് ഇത്ര അടുപ്പത്തോടെ സംസാരിച്ചത് കേട്ട് എനിക്ക് നല്ല അസൂയ തോന്നി. പക്ഷെ പുറത്ത് കാണിക്കാതെ ഞാൻ ഇരുന്നു.
“കുറച്ചു മുന്‍പ് അവന്‍ എന്നെ വിളിച്ചിരുന്നു. നിന്നോട് സംസാരിക്കണം എന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ ചോദിച്ചപ്പോ നി അവന്റെ റിലേറ്റീവ് ആണെന്ന് മാത്രം പറഞ്ഞത്. അന്നേരം ഞാനും അവനും ബിസി ആയിരുന്നത് കൊണ്ട് കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.” മേഡം പറഞ്ഞു.
