ഞാൻ ശെരിക്കും വിസ്മയത്തോടെയാണ് കേട്ടിരുന്നത്. എന്റെ ചേട്ടനോടുള്ള ആരാധനയും കൂടിക്കൊണ്ടേ പോയി. ചേട്ടനെ ഇപ്പൊ കിട്ടിയിരുന്നെങ്കിൽ ഞാൻ സ്നേഹം കേറി ചേട്ടനെ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന് എനിക്കുതന്നെ അറിയില്ല.
“ശെരി അണ്ണാ, ഇനി കുഞ്ഞമ്മയുമായുള്ള യുദ്ധം പറയൂ.” ഞാൻ ആവശ്യപ്പെട്ടു.
“കുഞ്ഞമ്മയുമായുള്ള യഥാര്‍ത്ഥ യുദ്ധം തുടങ്ങുന്നത്…,” സാമുവേല്‍ അണ്ണൻ ഒരു നെടുവീർപ്പോടെ, പക്ഷേ ഒരു ക്രൂരമായ പുഞ്ചിരിയോടെ പറയാൻ തുടങ്ങി. “അല്ലിയും അരുളിനേയും രക്ഷിച്ച ശേഷം, അവരിൽ നിന്നും കുഞ്ഞമ്മയെ കുറിച്ച് അറിഞ്ഞ ശേഷം പോലും, ആദ്യം റൂബി കുഞ്ഞമ്മയുടെ കാര്യങ്ങളിൽ ഒന്നും ഇടപെടാന്‍ ശ്രമിച്ചില്ല. പക്ഷേ ഒരു രാത്രി, അല്ലിയേയും അരുളിനേയും തിരികെ പിടിച്ചുകൊണ്ട് പോകാനായി അഞ്ച് ഗുണ്ടകള്‍ അവന്റെ കോട്ടേജിൽ പോയി വാതിൽ ഇടിച്ചു തകർത്തു. അന്നേരം റൂബി അവിടെ ഉണ്ടായിരുന്നത് കൊണ്ട് അവന്‍ അവരെ ചെറിയ പരുക്കുകള്‍ മാത്രമേല്പിച്ച് ഓടിച്ചുവിട്ടു.”
“ഏഹ്… സത്യമാണോ..? പക്ഷേ ചേട്ടൻ പറഞ്ഞത് ഗുണ്ടകള്‍ ചേട്ടന്റെ കോട്ടേജിൽ ചെന്നാക്രമിച്ചില്ല എന്നാണല്ലോ..!”
അപ്പോ അണ്ണൻ ചിരിച്ചു. “സത്യങ്ങൾ ഓരോന്ന് പറഞ്ഞ് നിന്നെ വിഷമിക്കാൻ അവന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് അവന്‍ പലതും നിന്നോട് പറയാതെ മറച്ചത്. അതുകൊണ്ടാണല്ലോ യഥാര്‍ത്ഥ സത്യങ്ങളറിയാൻ നീ എന്നെ സമീപിച്ചത്.”
“ശെരിയാണ്.” ഞാനും ചിരിച്ചു. പക്ഷേ ഉടനെ ചിരി മാറി എനിക്ക് വെപ്രാളം പിടിപെട്ടു. “ശെരി അണ്ണാ, പിന്നേ എന്താണ് സംഭവിച്ചത്..?” ഞാൻ വെപ്രാളം മാറാതെ ചോദിച്ചു. “വീണ്ടും ഗുണ്ടകള്‍ ആക്രമിക്കാൻ ശ്രമിച്ചോ..?”
“അതേ, ശ്രമിച്ചു. റൂബിനെ മറികടന്ന് അല്ലിയും അരുളേയും പിടിച്ചു കൊണ്ട് പോകാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് രണ്ടാം വട്ടം എട്ട് ഗുണ്ടകളും, മൂന്നാം വട്ടം പത്ത് ഗുണ്ടകളും അവന്റെ കോട്ടേജിൽ കേറി അവനെ ആക്രമിച്ചു.” അണ്ണൻ കുഞ്ഞമ്മയെ പുച്ഛിക്കുന്ന തരത്തിൽ ഒന്ന് ചിരിച്ചു,
“അപ്പോ എന്താണ് സംഭവിച്ചത്..?” വെപ്രാളം കൂടി ഞാൻ കുറച്ച് ഉറക്കെ ചോദിച്ചു.
“രണ്ടാം വട്ടവും റൂബി സാരമായ പരിക്കുകൾ മാത്രമേൽപ്പിച്ചാണ് ഗുണ്ടകളെ ഓടിച്ചുവിട്ടത്. പക്ഷേ മൂന്നാം വട്ടം റൂബിന്റെ ക്ഷമ നശിച്ചിരുന്നു. അവന്‍ ആ പത്ത് ഗുണ്ടകളുടേയും ഇരുപത് കൈയും ഇരുപത് കാലിന്റെ മുട്ടുകളും ഒടിച്ചു തകർത്ത് ആ ഗുണ്ടകൾക്ക് വന്ന വണ്ടിയില്‍ കേറി തിരികെ ഓടിച്ച് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ഒടുവില്‍ ആ കൂട്ടത്തിൽ പെട്ട ഒരു ഗുണ്ടയുടെ കരഞ്ഞു വിളിച്ചുകൊണ്ടുള്ള യാചന പ്രകാരം റൂബി തന്നെ ആ ഗുണ്ടയുടെ മൊബൈൽ ഉപയോഗിച്ച് ആ ഗുണ്ടയുടെ ഏതോ ഗുണ്ടാ സുഹൃത്തിനെ വിളിച്ച് പറഞ്ഞ ശേഷം വേറെ ഗുണ്ടകള്‍ വണ്ടിയുമായി വന്ന് ഈ പത്ത് ഗുണ്ടകളേയും എടുത്തോണ്ട് സ്ഥലം കാലിയാക്കി.”
സാമുവേല്‍ അണ്ണൻ പറയുന്നത് ഞാൻ വിസ്മയത്തോടെ മിഴിച്ചിരുന്നാണ് കേട്ടത്. എന്റെ ചേട്ടനെ വിചാരിച്ച് ആശങ്കയും ഉണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പും വല്ലാതെ വര്‍ധിച്ചിരുന്നു.
“അ.. അതിനുശേഷം എന്താ സംഭവിച്ചത്..!?” ഭയത്തോടെ ഞാൻ അണ്ണനേയും ചേച്ചിയേയും മാറിമാറി നോക്കി. “പിന്നെയും ഗുണ്ടകള്‍.. കൂടുതൽ ഗുണ്ടകള്‍ പോയി ആക്രമിച്ചോ..?”
“എന്തായാലും കുറച്ച് ദിവസത്തേയ്ക്ക് കോട്ടേജിൽ ഒന്നും ഗുണ്ടകള്‍ പോയില്ല.” സാമുവേല്‍ അണ്ണൻ ചിരിച്ചു. “മൂന്നാമത്തെ ആക്രമണവും കഴിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയപ്പോഴാണ് കുഞ്ഞമ്മ റൂബിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. മൂന്ന് പ്രവശ്യം നടന്ന ആക്രമണത്തിലും റൂബി വെറും ഒരു മിനിറ്റിനകമാണ് ഗുണ്ടകളെ നിസ്സാരമായി വീഴ്ത്തിയത്. ആദ്യത്തെ രണ്ട് ആക്രമണത്തിൽ, ട്രെയിനി ഗുണ്ടകളും ഫുൾ ഗുണ്ടകളും മിക്സ് ആയിരുന്നു. പക്ഷെ മൂന്നാമത്തെ പ്രാവശ്യം പത്തു പേരും ഫുൾ ഗുണ്ടകളായിരുന്നു. എന്നിട്ടും ഒറ്റ മിനിറ്റ് കൊണ്ട് തന്നെ അവന്‍ അവരെ വീഴ്ത്തി. അപ്പോഴാണ് അവന്‍ സാധാരണക്കാരനല്ലെന്ന് കുഞ്ഞമ്മയ്ക്ക് മനസ്സിലായത്. അവളുടെ മുൻ ഭർത്താവായിരുന്ന എന്നെക്കാളും റൂബി എത്രയോ മടങ്ങ് അപകടകാരിയാണെന്നും അവള്‍ക്ക് മനസ്സിലായി. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ആക്രമണം മതിയാകി അവള്‍ റൂബിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.”
