“ഇത്രയും ചായ എന്തിനാ ഉണ്ടാക്കുന്നേ, പത്ത് പന്ത്രണ്ടു പേര്‍ക്ക് കുടിക്കാന്‍ ഉണ്ടല്ലോ..?” ഞാൻ ചോദിച്ചു.
“എന്റെ ഭർത്താവിന് ചായ പ്രാന്താണ്. പ്രത്യേകിച്ച് ഞാനുണ്ടാക്കുന്ന ചായയോട്. വൈകിട്ട് ആറേഴ് ഗ്ളാസ് ചായയെങ്കിലും അദ്ദേഹത്തിന് വേണം. റൂബിക്കും എന്റെ ചായ ഇഷ്ട്ടമാണ്.” ചിരിച്ചുകൊണ്ട് മല്ലിക ചേച്ചി പറഞ്ഞു. “പിന്നെ അദ്ദേഹത്തിന് ചായ പ്രാന്താണെന്ന് ഞാൻ പറഞ്ഞതായി നി പറഞ്ഞേക്കല്ലെ.” ചേച്ചി രഹസ്യം പോലെ പറഞ്ഞു.
“എല്ലാം ഞാൻ കേട്ടടി..!!” പറഞ്ഞു ചിരിച്ചുകൊണ്ട് സാമുവേല്‍ അണ്ണൻ കിച്ചനിൽ കേറി വന്നതും മല്ലിക ചേച്ചി ചമ്മലോടെ എന്നെ നോക്കി.
ഞാൻ ചിരിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ വായ് പൊത്തിപ്പിടിച്ചു കൊണ്ട് ഞാൻ ചിരിച്ചു.
“ഞാൻ സത്യമല്ലേ പറഞ്ഞത്…!!” ചേച്ചിയും ചിരിച്ചുകൊണ്ട് അണ്ണനോട് തമിഴില്‍ സംസാരിച്ചു.
“ശെരിയാ, സത്യം തന്നെയാ നി പറഞ്ഞത്.” അണ്ണൻ ചേച്ചിക്ക് പതിയെ തലയില്‍ ഒരു കൊട്ട് കൊടുത്തിട്ട് എന്നെ നോക്കി.
സാമുവേല്‍ അണ്ണൻ കൈയിൽ പിടിച്ചിരുന്ന കവര്‍ എന്റെ നേര്‍ക്ക് നീട്ടി. “ചായക്കൊപ്പം കഴിക്കാൻ നല്ല ചൂടുള്ള പലഹാരങ്ങളാണ്.”
ഞാൻ ആ കവർ വാങ്ങി അതിൽ നിന്നും പൊതി തുറന്ന് പലഹാരങ്ങള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി. ചായ തിളയ്ക്കാൻ തുടങ്ങിയപ്പൊ ചേച്ചി തീ കൂട്ടിയും കുറച്ചും അഡ്ജസ്റ്റ് ചെയ്ത് നല്ലപോലെ ചായ തിളപ്പിച്ച ശേഷം അതിനെ അരിച്ചെടുത്ത് ഫ്ലാസ്ക്കിൽ നിറച്ചു. ബാക്കി വന്നതിനെ പാത്രത്തിൽ തന്നെ അടച്ചു വച്ചു.
ഞങ്ങൾ ഫ്ലാസ്ക്കും പലഹാരവും ഗ്ളാസുമെല്ലാം എടുത്തു കൊണ്ട് ഹാളില്‍ ചെന്നതും മല്ലിക ചേച്ചി ഹീറ്റർ ഓണാക്കിയിട്ട് എന്റെ അടുത്ത് വന്നിരുന്നു. അണ്ണൻ ഞങ്ങൾക്ക് ഓപ്പോസിറ്റായി ഇരുന്നു.
“ഡാലിയ, ഇന്ന് നിനക്കിവിടെ കിടന്നിട്ട് രാവിലെ പോയാൽ പോരെ..?” മല്ലിക ചേച്ചി ചോദിച്ചതും ഞാൻ ഒന്ന് മടിച്ചു.
ചേച്ചിയുടെ മുഖത്ത് പെട്ടന്ന് നിരാശ നിറഞ്ഞപ്പൊ എനിക്ക് എന്തോ വിഷമമായി.
“ഇന്ന് ഞാൻ ഇവിടെ നില്‍ക്കാം, ചേച്ചി. വീട്ടില്‍ പോയാലും ഞാൻ ഒറ്റക്കാവും.” ഞാൻ കൂടുതൽ ചിന്തിക്കാതെ സമ്മതിച്ചു. ഉടനെ അവർ രണ്ടുപേര്‍ക്കും സന്തോഷമായി. “പക്ഷേ ചേച്ചി, എനിക്ക് ചേഞ്ച് ചെയ്യാൻ ഡ്രെസ്സില്ല, രാവിലെ ഓഫീസിൽ ഇട്ടുകൊണ്ട് പോകാനുള്ള ഡ്രെസ്സും വേണം. അതുകൊണ്ട് അല്‍പ്പം കഴിഞ്ഞ് ഞാൻ വീട്ടില്‍ പോയി വേണ്ടതൊക്കെ എടുത്തോണ്ട് വരാം.” ഞാൻ പറഞ്ഞു.
“എന്നാല്‍ ഞാനും അന്നേരം കൂടെ വരാം.” ചേച്ചി ഉത്സാഹത്തോടെ പറഞ്ഞു. “നിന്റെ കൂട്ടുകാരികളെ എനിക്ക് കാണാനും സംസാരിക്കാനും കഴിയുമല്ലോ.”
“ഓക്കെ, ചേച്ചിയും എന്റെ കൂടെ വന്നോളൂ. കുറച്ച് കഴിഞ്ഞ് നമുക്ക് പോയി എന്റെ ഡ്രെസ്സ് എടുത്തിട്ട് എന്റെ ഫ്രണ്ട്സ്നേയും കണ്ടിട്ട് വരാം.”
“ശെരി ഡാലിയ, ഒരു ഏഴ് മണിക്ക് പോയാൽ പോരെ..?”
“മതി ചേച്ചി.” പറഞ്ഞിട്ട് ഞാൻ തന്നെ ചായ ഒഴിച്ച് അവര്‍ക്ക് കൊടുത്ത ശേഷം ഞാനും എടുത്തു. പലഹാരവും കഴിച്ച ശേഷം ഞാൻ സാമുവേല്‍ അണ്ണനെ നോക്കി.
“അണ്ണാ.., എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം, ഞാൻ ചോദിക്കട്ടെ..?”
“ചോദിക്ക്…” രണ്ടാമതും ഫ്ലാസ്ക്കിൽ നിന്നും ചായ ഒഴിച്ചു കൊണ്ട് അണ്ണൻ പറഞ്ഞു.
“ഓക്കെ, ചോദിക്കാം. പക്ഷേ ആദ്യം അണ്ണൻ ഇതിന്റെ ഉത്തരം പറയൂ, അണ്ണന് എന്റെ ചേട്ടന്റെ എല്ലാ രഹസ്യങ്ങളും അറിയില്ലേ..? ഏറ്റവും കൂടുതൽ ചേട്ടൻ നിങ്ങളെയാണ് വിശ്വസിക്കുന്നത്.”
അപ്പോ അണ്ണൻ പിന്നെയും അസ്വസ്ഥനായെങ്കിലും അണ്ണന്റെ കണ്ണില്‍ നല്ല അഭിമാനം തിളങ്ങി നിന്നു.
“ശെരിയാണ് ഡാലിയ, റൂബിന്റെ സകല രഹസ്യങ്ങളും എനിക്കറിയാം. ഏറ്റവും കൂടുതൽ എന്നെയാണ് അവന്‍ വിശ്വസിക്കുന്നും സത്യമാണ്. അവനെ കണ്ടുമുട്ടിയത് മുതൽ അവന്റെ വലങ്കൈയായി ഞാൻ കൂടെയുണ്ട്. അവന്‍ എന്നെ കാണുന്നതിന് മുമ്പ് നടന്ന സംഭവങ്ങൾ തൊട്ട് ഇന്നുവരെയുള്ള രഹസ്യങ്ങളിൽ പോലും റൂബിൻ എന്നെയും ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു.
