അണ്ണൻ പറഞ്ഞതൊക്കെ ഞാൻ പേടിയോടെയാണ് കേട്ടിരുന്നത്. ചേട്ടന് ഇത്രയും ഭയാനകമായി മാറാൻ കഴിയുമോ…? എന്റെ കൂട്ടുകാരികളുടൈ കുഞ്ഞുങ്ങളോട് കളിച്ചു ചിരിച്ച് നടന്ന ചേട്ടനെ ഞാൻ ഒന്ന് ആലോചിച്ച് നോക്കി. നയങ്ങളോടും സ്നേഹത്തോടെ നിഷ്കളങ്കനായി പെരുമാറുന്ന ചേട്ടനേയും ഞാൻ വിചാരിച്ചു നോക്കി. ചേട്ടന്റെ ശത്രുവായി പ്രവർത്തിക്കുന്നവരുടെ കാര്യം വിചാരിച്ച് എനിക്ക് സഹതാപം പോലുമുണ്ടായി. പക്ഷേ പെട്ടന്ന് തന്നെ എന്റെ ചേട്ടനെ ഇത്രയും ഭയാനകമാക്കി മാറ്റിയ കുഞ്ഞമ്മയോടും ഗുണ്ടകളോടും ഒടുങ്ങാത്ത വെറുപ്പും ദേഷ്യവും തോന്നി. അവര്‍ക്ക് അങ്ങനെതന്നെ വേണം.
“പിന്നേ എന്താണ് സംഭവിച്ചത്.?” ഞാൻ പതിഞ്ഞ ശബ്ദത്തിൽ അണ്ണനോട് ചോദിച്ചു.
“കുഞ്ഞമ്മയുടെ ഗുണ്ടാ പടകളാണ് അവളുടെ ശക്തി. അതുകൊണ്ട് ബാക്കി ഗുണ്ടകളേയും ഞങ്ങൾ വേട്ടയാടാൻ തുടങ്ങി. പക്ഷേ അതെത്ര ഈസിയായിരുന്നില്ല. എവിടെയാണ് അവരൊക്കെ പോയി ഒളിച്ചതെന്ന് മനസ്സിലായില്ല. പക്ഷേ ഇടക്കൊക്കെ ഓരോ ഗുണ്ടകളേയായി കണ്ടുപിടിച്ച് സുമയുടെ പക്കല്‍ ഏല്പിച്ചു. അതോടൊപ്പം കുഞ്ഞമ്മയുടെ രഹസ്യമായി നടത്തുന്ന ഓരോ ബിസിനസ്സുകളേയായി കണ്ടുപിടിച്ച് റൂബിന്‍ തകർത്തു കൊണ്ടിരുന്നു.”
“സുമ ചേച്ചി എല്ലാ ഗുണ്ടകളിൽ നിന്നും രഹസ്യങ്ങള്‍ എല്ലാം ചോർത്തിയ ശേഷം ആ ഗുണ്ടകളെ എന്താണ് ചെയ്തത്..?” ഭയങ്കര ഹൃദയമിടിപ്പോടെ ഞാൻ ചോദിച്ചു.
“അക്കാര്യം നീ അറിയാതിരിക്കുന്നതാണ് നല്ലത്.” അണ്ണൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“അപ്പോ അവരാരും ജീവിച്ചിരിപ്പില്ല, അല്ലേ..?” ഞാൻ ചോദിച്ചിട്ട് വിറച്ചു. അണ്ണൻ അതിന്റെ മറുപടി പറഞ്ഞില്ല.
“ഓക്കെ അണ്ണാ….,” ഞാൻ എന്റെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് ഏറ്റവും പ്രധാനപ്പെട്ട ആ ചോദ്യവും ഞാൻ അണ്ണനോട് ചോദിക്കാൻ എന്റെ ഭയമടക്കി ധൈര്യം സംസാരിച്ചു.
പക്ഷേ പെട്ടന്ന് കണ്ണുനീര്‍ എനിക്ക് പൊട്ടി വന്നു. എങ്ങനെയോ അടക്കിപ്പിടിച്ചു കൊണ്ട് എങ്ങനെയോ ഞാൻ അണ്ണനോട് ചോദിച്ചു, “ഡെലിവറി സമയത്തുണ്ടായ രക്തസ്രവം മൂലമല്ല ഡെയ്സി മരിച്ചത്…. കുഞ്ഞമ്മ പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകമല്ലായിരുന്നോ ഡെയ്സിയുടെ മരണം..?!”
എന്റെ ചോദ്യം കേട്ട് അണ്ണൻ ചാടി എഴുന്നേറ്റു. “ഇക്കാര്യം ആരാ നിന്നോട് പറഞ്ഞത്..?” കൂട്ടിലിട്ട കടുവയെ പോലെ അണ്ണൻ എന്നെ നോക്കി വിരണ്ടു.
മല്ലി ചേച്ചിയും അസ്വസ്ഥതയോടെ എന്നെ നോക്കി.
“വേഗം പറ ഡാലിയ, ആരാണ് നിന്നെ കോണ്ടാക്റ്റ് ചെയ്ത് ഇക്കാര്യം പറഞ്ഞത്..? കുഞ്ഞമ്മയാണോ..? ഏതെങ്കിലും ഗുണ്ടകളാണോ..? വേറെ ആരെങ്കിലുമാണോ..?” അണ്ണൻ വിരണ്ടു വന്ന് ഞാൻ ഇരിക്കുന്ന കസേരയുടെ രണ്ട് കൈയിലും കൈകൾ ഊന്നി മുഖം താഴ്തി എന്റെ മുഖത്തോട് അടുപ്പിച്ച് കൊണ്ട് ചോദിച്ചു.
അണ്ണൻ അങ്ങനെ ചെയ്തപ്പോ ഞാൻ ശെരിക്കും ഭയന്നുപോയി. എന്റെ മുഖം പിന്നോട്ട് ഞാൻ നീക്കി പിടിച്ചു.
“പറ ഡാലിയ, പേടിക്കാതെ എന്നോട് സത്യം പറ. ആരെങ്കിലും നിന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയോ..? അതോ നിന്നെ പിന്തുടർന്ന് ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തുകയാണോ..?”
“ഈ.. ഇല്ല അ.. അണ്ണാ…!!” അണ്ണന്റെ ഭാവവും ദേഷ്യവും, ആ കണ്ണിലെ തീക്ഷ്ണതയുമൊക്കെ കണ്ടിട്ട് ഞാൻ ഭയന്ന് എന്റെ തൊണ്ടയിലെ വെള്ളം വറ്റി പോയിരുന്നു.
“പിന്നേ ഈ സംഭവം എങ്ങനെ നിനക്കറിയാം..?” അയാള്‍ പിന്നെയും വിരണ്ട് കസേരയുടെ കൈകളിൽ പിടി മുറുക്കി. കസേര ഒടിയുമെന്ന് വരെ ഞാൻ ഭയന്നു. “റൂബി ഒരിക്കലും ഇക്കാര്യം നിന്നോട് പറയാൻ സാധ്യതയില്ല, കാരണം അവന്‍ അങ്ങനെ വിശ്വസിക്കാൻ താൽപര്യപ്പെടുന്നില്ല. അംഗീകരിക്കുന്നുമില്ല.”
“അത് അണ്ണാ.., ഒന്ന് രണ്ട് പ്രാവശ്യം ചേട്ടൻ സ്വപ്നത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.”
ഉടനെ സാമുവേല്‍ അണ്ണൻ കുറച്ച് ശാന്തമായ ശേഷം കസേരയിലെ പിടിയും വിട്ടു. അണ്ണൻ നിവര്‍ന്ന് നിന്നിട്ട് ശാന്തമായി എന്നോട് ചോദിച്ചു, “സ്വപ്നത്തില്‍ അവന്‍ എന്താണ് സംസാരിച്ചത്..? അവന്‍ സംസാരിച്ച അതേ വാക്കുകൾ എന്നോട് പറയാൻ കഴിയുമോ..?”
