ട്വിൻ ഫ്ലവർസ് – 6 10

 

റോസ് മേഡം പറഞ്ഞത് കേട്ട് സീനത്ത് വിളറി പോയി. പക്ഷേ എന്റെ ചുണ്ടില്‍ വിടര്‍ന്നു വന്ന പുഞ്ചിരി ഞാൻ പെട്ടന്ന് മറച്ചു. എങ്കിലും റോസ് മേഡം അതു ശ്രദ്ധിച്ചു.

 

“ഡാലിയക്ക് ഇതിനു മുമ്പ്‌ എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നല്ലോ..?” റോസ് മേഡം സംശയം പറഞ്ഞു.

 

“എക്സ്പീരിയൻസ് ഉണ്ട്, മേഡം. ഞാൻ മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയിലും ഇതേ പോളിസി തന്നെയായിരുന്നു. അതുകൊണ്ട്‌ മറ്റുള്ള ഫീൽഡിലും എനിക്ക് അത്യാവശ്യം വേണ്ട എക്സ്പീരിയൻസ് ഉണ്ട്.”

 

“എക്സലന്റ്.” മേഡം പറഞ്ഞിട്ട് സീനത്തിനെ നോക്കി.

 

“എനിക്ക് എക്സ്പീരിയൻസ് ഇല്ല, മേഡം.” സീനത്ത് അസ്വസ്ഥതയോടെ പറഞ്ഞതും സാരമില്ല എന്നപോലെ മേഡം പുഞ്ചിരിച്ചു. “പക്ഷേ ഞാൻ ഫാസ്റ്റ് ലേണറാണ്, മേഡം.” സീനത്ത് ധൃതിയില്‍ കൂട്ടിചേര്‍ത്തു.

 

“വണ്ടർഫുൾ..” റോസ് മേഡം ചെറുതായി ചിരിച്ചു.

 

“എക്സ്പീരിയൻസ് ഇല്ലെങ്കിലും സാരമില്ല, ഇവിടെ സീനത്ത് നെ സഹായിക്കാൻ ഒരുപാട്‌ പേരുണ്ട്.” മേഡം പറഞ്ഞു.

 

ഉടനെ സീനത്തിന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു.

 

“ദിവസവും ഉച്ച വരെ നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിലും, ഉച്ചകഴിഞ്ഞുള്ള മൂന്നര മണിക്കൂര്‍ നിങ്ങൾ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിൽ ജോലി ചെയ്യുന്നതായിരിക്കും. ശേഷം എന്നെ കണ്ട് റിപ്പോര്‍ട്ട് ചെയ്തതും അന്നത്തെ ഡ്യൂട്ടി കഴിയും.” പുഞ്ചിരിയോടെ മേഡം പറഞ്ഞു.

 

ഞങ്ങളും പുഞ്ചിരിച്ചു.

 

“പിന്നേ സന്തോഷ വാര്‍ത്ത എന്തെന്നു വച്ചാൽ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന ആ മൂന്ന്‌ മണിക്കൂറിന് അഡിഷണൽ ഹാഫ് സാലറി കൂടെ നിങ്ങള്‍ക്ക് കിട്ടും.”

 

മേഡം പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചു പോയി. സീനത്തും അന്തംവിട്ടിരുന്നു. അപ്പൊ എല്ലാ മാസവും ഒന്നര സാലറി കിട്ടും.

 

“പക്ഷേ മേഡം, ആ മൂന്നര മണിക്കൂറും നോർമൽ ടൈമിലല്ലെ വരുന്നത്, പിന്നെ എങ്ങനെ—?” ഞാൻ ചോദിച്ചു.

 

ഉടനെ റോസ് മേഡം ചിരിച്ചു. “അപ്പോ ഡാലിയ മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനി അഡിഷണൽ സാലറി തന്നിരുന്നില്ല, അല്ലേ..?”

 

“തന്നിരുന്നില്ല മേഡം. ജോലി വേറെ ആണെങ്കിലും നോർമൽ ഡ്യൂട്ടി ടൈമിൽ ആയതുകൊണ്ട് ഞങ്ങൾക്ക് അഡിഷണലായി ഒന്നും കിട്ടിയില്ല.” ഞാൻ പറഞ്ഞു.

 

“നോർമൽ ഡ്യൂട്ടി ടൈം ആയിരിക്കാം, പക്ഷേ നിങ്ങൾ ഒറ്റക്ക് ചെയ്യുന്നത് രണ്ടോ മൂന്നോ ആളുകൾ ചെയ്യേണ്ട ജോലിയാണ്. കൂടാതെ നമ്മുടെ ഈ ബ്രാഞ്ചിൽ മാത്രമല്ല, ഇന്ത്യ മുഴുവനുമുള്ള നമ്മുടെ പല ബ്രാഞ്ചിലും കമ്പനിയുടെ ആവശ്യം അനുസരിച്ച് റോളുകൾ മാറിയും നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരും. അതുകൊണ്ടാണ് 25,000 സ്റ്റാഫ്സ് എങ്കിലും വേണ്ട നമ്മുടെ കമ്പനിയിൽ വെറും 18,000 സ്റ്റാഫ്സ് മാത്രമുള്ളത്.”

 

അതുകേട്ട് ഞാനും സീനത്തും പരസ്പ്പരം ഒന്നു നോക്കി. അവളുടെ മുഖത്ത് ആശങ്ക ഇല്ലായിരുന്നു. പക്ഷേ എന്റെ മനസില്‍ ആശങ്ക നിറഞ്ഞിരുന്നു. എന്തൊക്കെയായാലും ചേട്ടനെ വിട്ട് ഞാൻ എങ്ങും പോകില്ല. അഡിഷണൽ പത്ത് സാലറി തന്നാലും ഞാൻ ചേട്ടനെ വിട്ട് ദൂരെ എങ്ങും പോവില്ല. മനസ്സിൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

 

“പിന്നേ അഡിഷണലായി ചെയ്യുന്ന ജോലിക്കുള്ള അഡിഷണൽ ശമ്പളം തീര്‍ച്ചയായും കൊടുത്തിരിക്കണം എന്നാണ് നമ്മുടെ മാനേജ്മെന്റിന്റെ അയൺ റൂളുകളിൽ ആദ്യത്തെ നിയമം.”

 

ഞാനും സീനത്തും മിഴിച്ചിരുന്ന് തലയാട്ടി.

 

“പിന്നേ ജോലി സമയത്ത് മൊബൈല്‍ ഫോൺ യൂസ് ചെയ്യാൻ പാടില്ല. ഉച്ചക്കുള്ള അര മണിക്കൂര്‍ ബ്രേക്ക് സമയത്ത്‌ പോലും യൂസ് ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും അത്യാവശ്യം ആണെങ്കിൽ മാത്രം എന്നോട് വന്ന് പറഞ്ഞാൽ നമുക്ക് നോക്കാം. എന്നും രാവിലെ ഇവിടെ എന്റെ ഓഫീസില്‍ വന്ന് നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പേഴ്സണല്‍ ലോക്കറില്‍ മൊബൈല്‍ ലോക് ചെയ്തിട്ട് കീ നിങ്ങളുടെ പക്കല്‍ തന്നെ സൂക്ഷിക്കാം. ഇത് രണ്ടാമത്തെ നിയമം.” റോസ് മേഡം പറഞ്ഞതും ഞാൻ ആകെ തകർന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *