“ഓക്കെ, അപ്പൊ അണ്ണൻ എന്നോട് എല്ലാം പറയൂ.” ഞാൻ അപേക്ഷിച്ചു. “പക്ഷേ പകുതി സത്യങ്ങൾ മാത്രം അറിഞ്ഞാല്‍ പോര.., ചേട്ടനെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ നിഗൂഢ സത്യങ്ങളും എനിക്ക് അറിയണം.” ഞാൻ അണ്ണനോട് വളരെ സീരിയസ്സായി പറഞ്ഞു.
അപ്പോ സാമുവേല്‍ അണ്ണൻ അല്‍പ്പം അസ്വസ്ഥതയോടും ചിന്താകുഴപ്പത്തോടും മല്ലി ചേച്ചിയെ എന്തോ അര്‍ത്ഥം വച്ച് നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ ചർച്ച തുടങ്ങി.
“ചേട്ടൻ കുറച്ച് കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, അണ്ണാ. പക്ഷേ ഒരുപാട് കാര്യങ്ങൾ എന്നോട് പറയാതെ മറച്ചുവെച്ചിരിക്കുകയാണെന്നതിലും സംശയമില്ല.” ഞാൻ അവരുടെ കണ്ണുകൾ കൊണ്ടുള്ള ചർച്ചയെ തടസ്സപ്പെടുത്തിക്കൊണ്ട് അത്രയും പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ പിന്നെയും എന്റെ മുഖത്തായി.
അപ്പോ ഞാൻ തുടർന്ന്, “അതുകൊണ്ട് അണ്ണനെങ്കിലും എന്നോട് ഫുൾ കാര്യങ്ങളും പറയണം.” ഞാൻ യാചിച്ചു. “എന്നാലല്ലേ ഇവിടത്തെ പ്രശ്‌നങ്ങളുടെ ഗൗരവം എന്താണെന്ന് എനിക്കും അറിയാൻ കഴിയൂ. എന്നാലല്ലേ എന്റെ അജ്ഞാത മുതലെടുക്കാൻ ശ്രമിക്കുന്ന ചേട്ടന്റെ ശത്രുക്കളുടെ ചതിയില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകൾ എനിക്കെടുക്കാൻ കഴിയുകയുള്ളു.”
ഉടനെ അണ്ണൻ ആലോചനയോടെ താടി ഉഴിഞ്ഞു കൊണ്ട് മല്ലിക ചേച്ചിയെ ഒന്ന് നോക്കി.
“ഡാലിയ പറയുന്നതിലും കാര്യമുണ്ട്, അത്താൻ.” മല്ലി ചേച്ചി അണ്ണനെ നോക്കി ഗൗരവമായി പറഞ്ഞു. “ഡാലിയ എല്ലാ രഹസ്യങ്ങളും അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. റൂബി ഇപ്പോഴും അംഗീകരിക്കാൻ തയാറാവാത്ത മറ്റെ ആ ഭീകര സത്യങ്ങൾ പോലും ഡാലിയ അറിയണം. ഒരു രഹസ്യം പോലും വിടാതെ ഡാലിയ എല്ലാം അറിയണം എന്നാണ് എന്റെയും അഭിപ്രായം.” മല്ലി ചേച്ചി നെടുവീർപ്പോടെ പറഞ്ഞു.
അപ്പോ അണ്ണൻ ഒരു തീരുമാനത്തില്‍ എത്താൻ ശ്രമിക്കുന്നത് പോലെ കണ്ണുകളടച്ചിരുന്നു. ഞാൻ മല്ലി ചേച്ചിയെ സപ്പോര്‍ട്ടിനായി നോക്കി. അപ്പൊ അല്‍പ്പം ക്ഷമ കാണിക്കാൻ മല്ലി ചേച്ചി കണ്ണ് ചിമ്മി കാണിച്ചു.
ഞാൻ ഒരു നെടുവീർപ്പോടെ അണ്ണന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.
കുറച്ച് കഴിഞ്ഞ് അണ്ണൻ ഒരു തീരുമാനത്തിലെത്തിയത് പോലെ കണ്ണുകൾ തുറന്നു. അണ്ണന്റെ കണ്ണുകളിൽ ഒരു ഭയാനകമായ തീക്ഷ്ണത ഉണ്ടായിരുന്നു. കണ്ണുകൾ കടും ചുവപ്പ് നിറത്തിൽ മാറി അഗ്നി പോലെ ജ്വലിക്കുകയാണെന്നു വരെ എനിക്ക് തോന്നി. അണ്ണന്റെ ആ ഭാവമാറ്റം എന്നെ ഭയപ്പെടുത്തുകയും ചെയ്തു.
അതേ തീക്ഷ്ണതയോടെ അണ്ണൻ എന്റെ കണ്ണുകളിൽ നോക്കിയപ്പൊ ഞാൻ ഭയത്തില്‍ ചെറുതായി വിരണ്ടു.
“ശെരി, ഞാൻ പറയാം. എന്തായാലും റൂബിന്റെ പെണ്ണായ നി അവന്റെ രഹസ്യങ്ങളൊക്കെ അറിയേണ്ട സമയമായിരിക്കുന്നു.” അണ്ണൻ നെടുവീര്‍പ്പോടെ പറഞ്ഞിട്ട് ചെറുതായി പുഞ്ചിരിച്ചു.
ചേട്ടന്റെ പെണ്ണെന്ന് അണ്ണൻ പറഞ്ഞപ്പോ ഒരു സുഖമുള്ള മിന്നല്‍പ്പിണർ എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ ക്ഷീണവും സങ്കടവും വരെ പെട്ടന്ന് അലിഞ്ഞുപോയി.
“ശെരി ഡാലിയ.” അണ്ണൻ എന്നെ സ്വപ്നലോകത്ത് നിന്നുണർത്തി. “അന്ന് ഇവിടെ വച്ച് ഞാനും മല്ലിയും നിന്നോട് പറഞ്ഞ കാര്യങ്ങൾ കൂടാതെ റൂബി നിന്നോട് എന്തൊക്കെയാ പറഞ്ഞത്…?” അണ്ണൻ കനത്ത സ്വരത്തിൽ ചോദിച്ചു.
ഉടനെ ചേട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അല്‍പ്പം ചുരുക്കി ഞാൻ അവരോട് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ട് അണ്ണൻ തല ചൊറിഞ്ഞു. മല്ലിക ചേച്ചി തലയാട്ടി ചിരിച്ചു.
“അപ്പോ പ്രധാനപ്പെട്ട ഒന്നും തന്നെ അവന്‍ നിന്നോട് പറഞ്ഞിട്ടില്ല എന്നത് സാരം.” മല്ലിക ചേച്ചി ചിരി നിർത്തി സീരിയസ്സായി പറഞ്ഞു. അപ്പൊ ഞാൻ ചേട്ടനെ വിചാരിച്ച് മുഖം വീർപ്പിച്ചു.
“ശെരി ഡാലിയ, നിനക്ക് ആദ്യം എന്താണ് അറിയേണ്ടത്..?” അണ്ണൻ ചോദിച്ചു.
“പറയൂ സാമുവേല്‍ അണ്ണാ, സുമ ശെരിക്കും ആരാണ്. ചേട്ടന്റെ സ്പൈ നെറ്റ്വർക്കിന്റെ ഹെഡാണെന്നറിയാം. പക്ഷേ എങ്ങനെയാണ് ചേട്ടന്റെ കൂടെ അവർ ജോയിൻ ചെയ്തത്..?”
