“അതേ. ഞാൻ വരാൻ നല്ലത് പോലെ ലേറ്റ് ആവും.”
“എത്ര ലേറ്റ്..?”
“നാളെ രാത്രി ആകും. അതു പറയാനാ നിന്നെ വിളിപ്പിച്ചത്.” ചേട്ടൻ അങ്ങനെ പറഞ്ഞതും എനിക്ക് പെട്ടന്ന് സങ്കടവും ദേഷ്യവും വന്നു. എന്റെ ജീവൻ എന്നെവിട്ട് പോയത് പോലെയും തോന്നി.
ഞാൻ ഒന്നും പറയാതെ മിണ്ടാതെ നിന്നു.
“ഡാലി…”
“ശെരി, ചേട്ടന് വേറെ അത്യാവശ്യ കാര്യങ്ങൾ പറയാൻ ഇല്ലെങ്കില്‍ ഞാൻ വെക്കുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ കോൾ കട്ടാക്കി.
എന്നിട്ട് മേഡത്തിന് അവരുടെ മൊബൈൽ തിരികെ കൊടുത്തിട്ട് ഞാൻ അവര്‍ക്ക് നന്ദി പറഞ്ഞു.
എന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന സങ്കടവും ദേഷ്യവും എല്ലാം കുറെ നേരം അവർ നോക്കി നിന്നു.
“റൂബിന്‍ വളരെ മിസ്റ്റീരിയസ് പെർസൻ ആണെന്ന് പറയാതെ വയ്യ… പക്ഷേ അതിനേക്കാളുപരി അവന്‍ വളരെ ബിസിയായ മനുഷ്യനും, വളരെ..വളരെ നല്ലോരു പെർസനുമാണ്. അത് നിനക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു.” റോസ് മേഡം ശാന്തമായി മലയാളവും ഇംഗ്ലീഷും മിക്സ് ചെയ്തു പറഞ്ഞിട്ട് ലാപ്ടോപ്പിൽ നോക്കി അവരുടെ ജോലി തുടർന്നു.
അവർ മലയാളം പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. പക്ഷേ ഞെട്ടിയതിനേക്കാൾ കൂടുതൽ, റോസ് മേഡം പറഞ്ഞ കാര്യമാണ് പ്രഹരം പോലെ എന്റെ മനസ്സിൽ കൊണ്ടത്. പക്വതയില്ലാത്ത ആളെ പോലെ ബിഹേവ് ചെയ്തു എന്ന കുറ്റപ്പെടുത്തൽ മേഡത്തിന്റെ കണ്ണിലും സംസാരിച്ച രീതിയിലും ഉണ്ടായിരുന്നു.
ഞാൻ ചേട്ടന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കാതെ സ്വാര്‍ത്ഥയായി എന്നെക്കുറിച്ച് മാത്രം ചിന്തിച്ച് ദേഷ്യപ്പെട്ടു പിണങ്ങി കോൾ കട്ടാക്കിയതിൽ ഇപ്പൊ ഞാൻ ശെരിക്കും ലജ്ജിച്ചു ചൂളി നിന്നു പോയി.
ച്ചേ, എത്ര വലിയ തെറ്റാണ് ഞാൻ ചേട്ടനോട് ചെയ്തു കൊണ്ടിരിക്കുന്നത്..! ഇത്രമാത്രം എന്റെ ചേട്ടനെ ഞാൻ സ്നേഹിക്കുന്നുവെങ്കിലും അത്രമാത്രം ചേട്ടനെ ഞാൻ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം ഇപ്പോഴാണ് എനിക്കുണ്ടായത്. എത്രയോ തിരക്കിനിടയിലും സമയം കണ്ടെത്തി റോസ് മാഡത്തിന്റെ മൊബൈലില്‍ വിളിച്ച് എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ച ചേട്ടനെ നിസ്സാരമായി ഞാൻ പിണങ്ങി കട്ടാക്കി കളഞ്ഞു.
നല്ല വിഷമത്തോടെയാണ് ഞാൻ തലയും താഴ്ത്തി എന്റെ വർക്ക് ഓഫിസിലേക്ക് നടന്നത്. പാവം ചേട്ടനെ വിചാരിച്ച് സങ്കടം സഹിക്കാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
***************
വൈകിട്ട് ജോലി കഴിഞ്ഞ് ലോക്കറില്‍ നിന്നും എന്റെ മൊബൈൽ എടുത്ത ഉടനെ ചേട്ടനെ ഞാൻ വിളിച്ചു. പക്ഷേ വോയ്സ് മെയിലിലേക്കാണ് പോയത്.
‘സോറി ചേട്ടാ, ഇനി ഒരിക്കലും ഞാൻ സ്വാര്‍ത്ഥയായി ചേട്ടനോട് പെരുമാറില്ല. സോറി.’ ചേട്ടന് വാട്സാപ്പിൽ ഞാൻ മെസേജ് ചെയ്തു. പക്ഷേ ഒരു ടിക് മാത്രമാണ് വീണത്. ഡാറ്റ പോലും ഓഫ് ആണെന്ന് മനസ്സിലായി.
വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചേട്ടൻ ഇൻവോൾവ് ആകുമ്പോ ചേട്ടനെ കോൾ ചെയ്താലും മെസേജിലും കിട്ടില്ലെന്ന കാര്യം അറിയാവുന്നത് കൊണ്ട് എനിക്ക് ആശ്ചര്യം ഒന്നും തോന്നിയില്ല. പക്ഷേ ചേട്ടനോട് പിണങ്ങി ചേട്ടന് പറയാനുള്ളത് പോലും കേള്‍ക്കാതെ കോൾ കട്ടാക്കിയതിൽ എന്നോട് തന്നെ വെറുപ്പ് തോന്നി… അടങ്ങാത്ത കുറ്റബോധവും.
എന്റെ സങ്കടമടക്കി കൊണ്ട് സീനത്ത്നോട് യാത്രയും പറഞ്ഞ് ഞാൻ വേഗം വണ്ടി എടുത്തു. ഞാൻ ഭയങ്കര മൂഡോഫിൽ ആയിരുന്നു.
ഗെയിറ്റിൽ എത്തിയപ്പൊ എന്നെ കാത്തു നില്‍ക്കുന്നത് പോലെ സാമുവേല്‍ അണ്ണൻ സെക്യൂരിറ്റി റൂമിന് പുറത്ത് ഉണ്ടായിരുന്നു. എന്നോട് വണ്ടി ഒതുക്കി നിർത്താൻ അണ്ണൻ ആംഗ്യം കാണിച്ചു. ഞാൻ പുറകിലുള്ള വണ്ടികള്‍ കേറി പോകാനുള്ള സ്ഥലം കൊടുത്തുകൊണ്ട് ഒതുക്കി നിര്‍ത്തിയതും അയാൾ എന്റെ അടുത്തേക്ക് വന്നു.
“ഡാലിയക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ കൂടെ വീട്ടില്‍ വരുമോ….? മല്ലികയുടെ റിക്വസ്റ്റാണ്.” ഞാൻ വിന്‍ഡോ ഗ്ളാസ് താഴ്ത്തിയതും സാമുവേല്‍ അണ്ണൻ കുനിഞ്ഞ് എന്നെനോക്കി മല്ലിക ചേച്ചിയുടെ അപേക്ഷ എന്നോട് പറഞ്ഞു. “നി വന്നാൽ അവള്‍ക്ക് സന്തോഷമാകും.” അയാൾ പ്രതീക്ഷയോടെ പറഞ്ഞു.
