അപ്പോ ഞാൻ ഒന്ന് ആലോചിച്ചു.
“ചേട്ടൻ ഇന്ന് വീട്ടില്‍ വരില്ലെന്ന് പറഞ്ഞായിരുന്നു. അതിനെ കുറിച്ച് ചേട്ടൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞായിരുന്നു അണ്ണാ..?” ഞാൻ അസ്വസ്ഥയായി ചോദിച്ചു.
“ഇന്ത്യൻ ബിസിനസ്സ് കൗൺസിൽ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുകയാണ്. ഡെല്‍ഹിയിൽ. വളരെ അർജന്റായി എന്തോ ചർച്ച ചെയ്യാനുള്ളത് കൊണ്ട് എല്ലാ ബിസിനസ്സ് മേധാവികളേയും സഡനായിട്ടാണ് അറിയിച്ചത്. ആ മീറ്റിംഗ് ഒഴിവാക്കാൻ കഴിയില്ല, ഡാലിയ. അതുകൊണ്ട് അവന് പോകേണ്ടി വന്നു.”
“എപ്പഴാ മീറ്റിംഗ്..?” ഞാൻ ചോദിച്ചു.
“ഓൾറെഡി തുടങ്ങിക്കഴിഞ്ഞു. 4 മണിക്കാണ് തുടങ്ങിയത്.”
“ഇന്ന് 4 മണിക്കോ..? അതും ഡെല്‍ഹിയിൽ..! അപ്പൊ ചേട്ടൻ എങ്ങനെയാ പോയത്..?”
“ഫ്ലൈറ്റിൽ പോയി.”
“പക്ഷേ സമയത്തിന് ഫ്ലൈറ്റ് ഉണ്ടാവുമോ..?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ഇതുപോലത്തെ സാഹചര്യങ്ങളിൽ കൗൻസിൽ തന്നെ പല എയർപോർട്ടുകളിലും ചാർറ്റർ ഫ്ലൈറ്റ് അറേഞ്ച് ചെയ്തിട്ടുണ്ടാവും. അതുകൊണ്ട് പ്രശ്നമില്ല.”
“ഓഹ്…!” ഞാൻ ആശ്ചര്യപ്പെട്ടു. “ഓക്കെ, അപ്പൊ മീറ്റിംഗ് എപ്പോ കഴിയും..?”
“4 മണിക്ക് തുടങ്ങിയ മീറ്റിംഗ് പല സെഷനുകളായിട്ടാവും നടക്കുക. അതുകൊണ്ട് ചെറിയ ഇടവേളകള്‍ വിട്ട് 12 മണിക്കൂറോളം നീണ്ടു നില്‍ക്കും.” പറഞ്ഞിട്ട് അണ്ണൻ എന്നെ കുറ്റപ്പെടുത്തും പോലെ നോക്കി. “അവന്‍ നിന്നോട് കാര്യങ്ങൾ പറയുന്നതിനു മുമ്പ് നി അവനോട് പിണങ്ങി കോൾ കട്ടാക്കി, അല്ലേ..?” ചെറുതായി കുറ്റപ്പെടുത്തും പോലെ അണ്ണൻ ചോദിച്ചപ്പോ ഞാൻ ചൂളിപ്പോയി. “നിന്നെ കുറിച്ച് എന്നോട് കുറ്റമായി അവനൊന്നും പറഞ്ഞില്ല, പക്ഷേ അവന് നല്ല വിഷമമുണ്ടെന്ന് അവന്റെ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഡെയ്സി നിന്നെക്കാളും പൊസസീവായിരുന്നു. പക്ഷേ എങ്കിലും അവള്‍ അവനെ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍ക്കുമുന്നിലും അവനെ താഴ്ത്താതെ ആകാശത്തോളം ഉയർത്തി താങ്ങിയാണ് നിര്‍ത്തിയിരുന്നത്.”
അതുകേട്ട് എനിക്ക് വീണ്ടും നല്ല സങ്കടവും കുറ്റബോധവും ഉണ്ടായി. സാമുവേല്‍ അണ്ണന്റെ കുറ്റപ്പെടുത്തുന്ന കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ ലജ്ജിച്ച് തല കുനിച്ചു. റോസ് മേഡത്തിന്റെ മുന്നില്‍ വച്ച് ചേട്ടനോട് പിണങ്ങി ചേട്ടന് പറയാനുള്ളത് പോലും കേൾക്കാതെ ഞാൻ കോൾ കട്ടാക്കിയിനെയാണ് അണ്ണൻ സൂചിപ്പിച്ചതെന്ന് മനസ്സിലായി. ഞാൻ അയാളെ ദയനീയമായി നോക്കി.
എന്റെ കുറ്റബോധവും സങ്കടവും കണ്ടിട്ട് അണ്ണന്റെ മനസ്സലിഞ്ഞു. അയാളുടെ ഭയപ്പെടുത്തുന്ന കണ്ണുകൾ കുറച്ച് സോഫ്റ്റായി.
“അവന്‍ വീണ്ടും റോസ് മാഡത്തിന് കോൾ ചെയ്തപ്പോഴേക്കും നി പോയിക്കഴിഞ്ഞു.” അണ്ണൻ അല്‍പ്പം അലിവോടെ സംസാരിച്ചു. “ഇന്ന് അവന് തിരികെ വരാൻ കഴിയാത്ത കാരണം നിന്നോട് പറഞ്ഞില്ലെങ്കില്‍ നീ കാടുകേറി ചിന്തിച്ച് വിഷമിക്കുമെന്ന് പറഞ്ഞാണ് ഈ കാര്യങ്ങളൊക്കെ നിന്നെ കണ്ട ഉടനെ അറിയിക്കാൻ അവന്‍ എന്നെ ഏല്‍പ്പിച്ചത്.” അണ്ണൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോ എന്റെ വിഷമം കൂടി. എത്ര പക്വത ഇല്ലാതെയാണ് ഞാൻ ചേട്ടനോട് പെരുമാറിയത്. ചേട്ടനെ ഞാനാണ് സപ്പോര്‍ട്ട് ചെയ്യേണ്ടത്, പക്ഷേ സപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഞാൻ ചേട്ടനെ തളര്‍ത്തുകയാണ് ചെയ്തത്. എന്തൊക്കെയായാലും, ഞാൻ കാടുകേറി ചിന്തിച്ച് വിഷമിക്കുമെന്ന് ചേട്ടൻ എന്നെ കളിയാക്കും പോലെയാവും പറഞ്ഞിട്ടുണ്ടാവുക. അതുകൊണ്ടാണ് അണ്ണൻ ഇങ്ങനെ ചിരിച്ചത്. പക്ഷേ അതുതന്നെയാണ് സത്യം.. ഞാൻ കാടുകേറി ചിന്തിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാലും എന്നെ കളിയാക്കിയതിന് ഞാൻ വെറുതെ വിടില്ല, വീട്ടില്‍ വരട്ടെ, ഒരു കടി ഞാൻ കൊടുക്കുന്നുണ്ട്.
“ഇത് പറയാനാണോ അണ്ണൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്..?”
“ഇത് മാത്രം പറയാനല്ല മോളെ.” അണ്ണന്റെ കണ്ണുകളിൽ ചെറിയൊരു വാത്സല്യം പ്രകടമായി. ആദ്യമായി എന്നെ മോളെ എന്നും വിളിച്ചിരിക്കുന്നു. “ഞാനും മല്ലിയും നിന്നെ ഞങ്ങളുടെ കുടുംബ അംഗമായി കാണുന്നത് കൊണ്ടുമാണ് വീട്ടിലേക്ക് ക്ഷണിച്ചത്. നിന്നെ കാണുമ്പോ എനിക്ക് എന്റെ മരിച്ചുപോയ ഇരട്ട സഹോദരികളേയാണ് ഓര്‍മ വരുന്നത്. അവരെപ്പോലെ നീയും എന്റെ അനിയത്തിയാണ്. മല്ലിക്കും നിന്നെ ഭയങ്കര ഇഷ്ട്ടമാണ്. എപ്പോഴും നിന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ എന്നോട് പറയും. ശെരിക്കും നിന്റെ വരവും കാത്തിരിക്കുകയാണ് മല്ലി.” അധികം ചിരിക്കാത്ത സാമുവേല്‍ അണ്ണൻ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
