ട്വിൻ ഫ്ലവർസ് – 6 10

 

“അയ്യോ…,” ഞാൻ അതുകേട്ട് വിരണ്ടു പോയി. “എന്റെ ഫ്രണ്ട്സ്…, അവരുടെ കുഞ്ഞുങ്ങള്‍ സ്കൂളിൽ—”

 

“ആ കുഞ്ഞുങ്ങളെ വിചാരിച്ചൊന്നും ഡാലിയ പേടിക്കേണ്ട.” അണ്ണൻ ഗൗരവത്തിൽ പറഞ്ഞു. “റൂബിക്ക് ആ കുഞ്ഞുങ്ങള്‍ അവിടെ പഠിക്കുന്ന കാര്യമറിയാം. അവരെ സംരക്ഷിക്കാൻ 6 മാസ്റ്റർസ് എപ്പോഴും അവിടെ ചുറ്റിപറ്റി ഉണ്ടാവും.”

 

അപ്പോഴാണ് എനിക്ക് സമാധാനമായത്.

 

“പിന്നേ, നീ ഒരിക്കലും ഒറ്റക്കല്ല ഡാലിയ. നി പോലുമറിയാതെ നിന്റെ പുറകിലും എപ്പോഴും 3 മാസ്റ്റർസ് നിന്റെ രക്ഷകരായി പിന്തുടരുന്നുണ്ട്. അതുകൊണ്ട്‌ നീയും പേടിക്കേണ്ട. അതുപോലെ നിന്റെ ഫ്രണ്ട്സിന്റെ രക്ഷയ്ക്കും മാസ്റ്റേഴ്സുണ്ട്. പക്ഷേ എന്നാലും നിങ്ങളൊക്കെ സൂക്ഷിക്കണം.”

 

ഞാൻ അന്തംവിട്ട് അണ്ണനെ നോക്കി. “പക്ഷേ ഞാൻ ആരെയും കണ്ടില്ലല്ലോ…!!”

 

“അവരെ പെട്ടന്നൊന്നും കാണാന്‍ കഴിയില്ല. പക്ഷേ നിനക്ക് ആപത്ത് വന്നാൽ അവർ നിന്റെ കൂടെ ഉണ്ടാവും.”

 

ഞാൻ ആശ്ചര്യത്തോടെ തലയാട്ടി.

 

“അണ്ണാ, ഒരു കാര്യം കൂടി ഞാൻ ചോദിക്കട്ടെ.?”

 

“മ്മ് ചോദിക്ക്.”

 

“ഡെയ്സി…… ഡെയ്സി അങ്ങനെ കൊല്ലപ്പെട്ട കാര്യം വിശ്വസിക്കാൻ ചേട്ടന് താൽപര്യമില്ലെന്നും.. അതിനെ ചേട്ടൻ അംഗീകരിക്കില്ലെന്നും പറഞ്ഞില്ലേ..? എന്തുകൊണ്ടാണ് ചേട്ടൻ അങ്ങനെ ചെയ്യുന്നത്…?”

 

അപ്പോ അണ്ണൻ നെടുവീർപ്പോടെ ഒന്ന് മുകളിലേക്ക് നോക്കിയ ശേഷം വീണ്ടും എന്റെ മുഖത്ത് നോക്കി. “അവരുടെ ആ ക്രൂരനായ കൊലപാതകം കാരണമുണ്ടായ വേദന അവന് സഹിക്കാൻ കഴിയുന്നതിലുമപ്പുറമാണ് ഡാലിയ. അതുകൊണ്ട്‌ ആ വേദനയെ കുറയ്ക്കാൻ വേണ്ടി ഡെയ്സി പ്രസവ സമയത്ത്‌ സാധാരണ രക്തസ്രവം മൂലം മരിച്ചതെന്ന് അവന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളോട് പോലും അങ്ങനെതന്നെയല്ലെ അവന്‍ പറഞ്ഞത്. പിന്നെ ഡെയ്സിയുടേയും കുഞ്ഞിന്റേയും ശവശരീരങ്ങൾ നാട്ടില്‍ കൊണ്ടുവന്ന ഒരു മണിക്കൂറില്‍ തന്നെ അടക്കം ചെയ്യാനുള്ള കാരണം എന്നെങ്കിലും നീയോ നിന്റെ അമ്മയോ അച്ഛനോ ചിന്തിച്ചിട്ടുണ്ടോ..?”

 

“ചേട്ടന് അവരുടെ ജീവനറ്റ ശരീരങ്ങള്‍ കാണാന്‍ ശക്തിയില്ലാത്ത കൊണ്ട്‌ അങ്ങനെ ചെയ്തു എന്നാണ് ഞങ്ങൾ വിചാരിച്ചത്.” ഞാൻ സങ്കടത്തോടെ പറഞ്ഞു.

 

“അതും ഒരു കാരണമാണ്. പക്ഷേ യാദൃശ്ചികമായി പോലും ഡെയ്സിയുടെ വലിച്ചു കീറിപ്പെട്ട ശരീരം നിങ്ങളാരും കാണാനിടയാകരുത് എന്ന ചിന്തയാണ് പ്രധാന കാരണം. അതിനെ കണ്ടിരുന്നെങ്കിൽ നിന്റെ അമ്മയും അച്ഛനും ഹൃദയം പൊട്ടി മരിക്കുമായിരുന്നു.”

 

അപ്പോ എനിക്ക് സഹിക്കാൻ കഴിയാതെ ഞാൻ മുഖം പൊത്തി കരഞ്ഞു. കുറേനേരം കരഞ്ഞ ശേഷം ഞാൻ മുഖം തുടച്ചിട്ട് എഴുനേറ്റുപോയി ബാത്റൂമിൽ കേറി. മുഖമൊക്കൈ കഴുകി പുറത്തേക്ക്‌ വന്നു.

 

ആ കുഞ്ഞമ്മയെ കൈയിൽ കിട്ടിയാൽ ഞാൻ കഴുത്ത് ഞെരിച്ച് കൊല്ലും. സങ്കടവും വെറുപ്പോടും കുഞ്ഞമ്മയെ ഞാൻ ശപിച്ചു.

 

“ഡാലിയ..,” ഞാൻ ബാത്റൂമിൽ നിന്ന് പുറത്ത്‌ വന്നതും മല്ലി ചേച്ചി എന്റെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ചു. “ഇവിടെ കെട്ടാതൊന്നും നിനക്ക് മറക്കാൻ കഴിയില്ല എന്നറിയാം. മനസ്സിൽ വിഷമവും ഉണ്ടാവും. പക്ഷേ എല്ലാം സഹിക്കണം. നീയാണ് റൂബിയുടെ ശക്തി. നീയാണ് അവന്റെ ധൈര്യം. നീ തളർന്നു പോയാൽ അവന്‍ തകർന്നു പോകും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് നിന്റെ ചുമതലയാണ്.” ചേച്ചി അലിവോടെ പറഞ്ഞു.

 

ഉടനെ എന്റെ മനസ്സിന്‌ വല്ലാത്തൊരു ധൈര്യം പടർന്നു പിടിച്ചു. എന്റെ ചേട്ടനെ തകരാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒരിക്കലും കരഞ്ഞു വിളിച്ച് ചേട്ടനെ ഞാൻ സങ്കടപ്പെടുത്തുകയുമില്ല. എല്ലാ സങ്കടങ്ങളും കനലായി ഉള്ളില്‍ ഉണ്ടെങ്കിലും അതിനെ ഊതി കത്തിക്കാതെ ഞാൻ അതിനെ പൊത്തി വെക്കുകയാണ് ചെയ്തത്. ഇനി എന്നെങ്കിലും കുഞ്ഞമ്മയെ കാണുമ്പോ ഞാൻ ആ കനലിനെ ഊതി കത്തിച്ച് കുഞ്ഞമ്മയെ അതിലിട്ട് ഞാൻ എരിക്കും. കാത്തിരുന്നോ പിശാചെ. എന്നെക്കൊണ്ട് കഴിയുന്ന പ്രതികാരം ഞാൻ ചെയ്തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *