എന്നെ ജോലിക്ക് യാത്രയാക്കാൻ വന്ന എന്റെ നാല് കൂട്ടുകാരികളേയും മാറിമാറി നോക്കി ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് എന്റെ കൂട്ടുകാരികൾ പറയുന്നത് എല്ലാം പുഞ്ചിരിയോടെ കേട്ടു നില്‍ക്കുന്ന ചേട്ടനേയും ഞാൻ നോക്കി.
“ഒറ്റ പ്രാവശ്യം ഏതെങ്കിലും റൂട്ട് കണ്ടാല്‍ പോലും ആ വഴി ഒരിക്കലും ഡാലിയ മറക്കില്ല. അതുകൊണ്ട് വഴിയുടെ കാര്യം ഓര്‍ത്തു നിങ്ങൾ വിഷമിക്കേണ്ട.” ചേട്ടൻ എന്റെ കൂട്ടുകാരികളോട് പറഞ്ഞു.
ഉടനെ അവരുടെ ആശങ്ക അവരുടെ മുഖത്ത് നിന്നും മാറി.
“പിന്നേ ജോലിയുടെ കാര്യം..” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ കൂട്ടുകാരികളെ മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു, “മറ്റു ചില കാര്യങ്ങളില്‍ ഡാലിയക്ക് ടെൻഷൻ ഉണ്ടാവും എന്നത് നേരാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ അവള്‍ക്ക് ഒരിക്കലും ടെൻഷൻ ഉണ്ടാവില്ല. ജോലി കാര്യത്തിൽ അവള്‍ക്ക് അബദ്ധങ്ങളും അത്രപെട്ടന്ന് സംഭവിക്കില്ല.” ചേട്ടൻ അഭിമാനത്തോടെ അവരോട് പറഞ്ഞു.
ചേട്ടന് എന്നെക്കുറിച്ച് ഇതുപോലത്തെ കാര്യങ്ങൾ ഒന്നും അറിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്… പക്ഷേ ചേട്ടന് എന്നെ കുറിച്ച് ശെരിക്കും അറിയാമെന്ന് മനസ്സിലായതും ഈ ലോകം കീഴടക്കിയത് പോലെ തോന്നി, എനിക്ക് വല്ലാത്ത അഭിമാനവുമുണ്ടായി. സന്തോഷം അടക്കാനാവാതെ നിറഞ്ഞ പുഞ്ചിരി തന്നെ എന്റെ ചുണ്ടില്‍ വിരിഞ്ഞു.
എന്റെ കൂട്ടുകാരികൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“അവളുടെ കൂടെ ജോലി ചെയ്ത നിങ്ങള്‍ക്ക് ഇതൊന്നും അറിയില്ല എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല…!!” ചേട്ടൻ ചിരിച്ചു കൊണ്ട് എന്റെ നാല് കൂട്ടുകാരികളേയും നോക്കി പറഞ്ഞു.
“അയ്യോ ചേട്ടാ…, ഞങ്ങൾക്ക് അവളുടെ കഴിവിനെ കുറച്ചൊക്കെ ശെരിക്കും അറിയാം.” ഗായത്രി ചേട്ടനോട് പറഞ്ഞു. “ഞങ്ങൾ ജോലി ചെയ്ത കമ്പനിയില്‍ ഡാലിയുടെ കഴിവിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെയില്ല. അവളെ ഞങ്ങളുടെ മാനേജര്‍ വിളിച്ചിരുന്നത് തന്നെ ‘സൂപ്പർ ഗേൾ ഡാലിയ’ എന്നാണ്. അവള്‍ക്ക് വേറെയും പേരുകൾ ഉണ്ട്—”
“എടി ആ പേരൊന്നും എന്റെ ചേട്ടന് പറഞ്ഞു കൊടുക്കല്ലേ..!!” ഞാൻ ഡ്രൈവിങ് വീലിന് പുറകില്‍ ഇരുന്നുകൊണ്ട് വിളിച്ചു കൂവി.
അതുകേട്ട് ചേട്ടൻ ചിരിച്ചു. “വേറെ പേരുകൾ എന്താണെന്ന് പറ, ഗായത്രി. ഞാനും അറിയട്ടെ…”
“എടി പറയല്ലേ, ചാൻസ് കിട്ടുമ്പോഴൊക്കെ ചേട്ടൻ എന്നെ കളിയാക്കും.” ഞാൻ ചിരിയോടെ പറഞ്ഞു.
“ഞങ്ങൾ അവളെ വിളിക്കുന്നത് ‘ഡിജിറ്റൽ പുലി’ എന്നാ.” അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആഹാ, അതു കൊള്ളാലോ. എടി ഡിജിറ്റല്‍ പുലിക്കുട്ടി.” ചേട്ടന്‍ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി വിളിച്ചു.
ഉടനെ മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
“ഡിജിറ്റല്‍ പുലി എന്നു പറയുമ്പോ അതിനൊരു പവർ ഉണ്ട്. പക്ഷെ ചേട്ടൻ ഡിജിറ്റല്‍ പുലിക്കുട്ടി എന്ന് പറഞ്ഞപ്പോ ശെരിക്കും ചിരിയാണ് വരുന്നത്.” മിനി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.
അതുകേട്ട് ഞാൻ മുഖം വീർപ്പിച്ചു.
“ആഹാ, പുലിക്കുട്ടി പിണങ്ങിയോ..?” ചേട്ടൻ ചോദിച്ചതും പിന്നെയും എന്റെ കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു.
“പോടാ ചേട്ടാ…., അഭിമാനത്തോടെ ഞാൻ കൊണ്ടുനടന്ന ആ പേരിനെ ഇങ്ങനെ കോമഡി ആകീലേ..!!” ചുണ്ടുകള്‍ കേട്ടി പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്തു. എന്നിട്ട് മെല്ലെ ഓടിച്ചു ഗേറ്റും കടന്നു പോയി.
“എടി ഡാലി, എന്റെ പുലിക്കുട്ടി, എന്നോട് പിണങ്ങല്ലേ..!!” ചേട്ടൻ ചിരിച്ചു കൊണ്ട് വിളിച്ചു കൂവിയത് എനിക്ക് കേട്ടു.
“ഈ കള്ള ചേട്ടൻ..!”ഞാൻ സ്വയം പറഞ്ഞിട്ട് പുഞ്ചിരിയോടെ എന്റെ ജോലി സ്ഥലം ലക്ഷ്യമാക്കി വിട്ടു.
അല്പം കഴിഞ്ഞ് ഞാൻ ഒറ്റക്ക് വണ്ടിയില്‍ ഇരുന്ന് പൊട്ടിച്ചിരിച്ചു. “ഡിജിറ്റല്‍ പുലിക്കുട്ടി..!” പറഞ്ഞിട്ട് പിന്നെയും ഞാൻ ചിരിച്ചു. സത്യത്തിൽ ചേട്ടൻ അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ട്ടപ്പെടുകയാണ് ചെയ്തത്. “കള്ള ചേട്ടൻ എന്നെ കളിയാക്കിയാൽ പോലും എനിക്ക് ഇഷ്ടപ്പെടുന്നു.” സ്വയം പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടി.
