ട്വിൻ ഫ്ലവർസ് – 6 10

 

പുഞ്ചിരി കൂടാതെ സാമുവേല്‍ അണ്ണന്റെ കണ്ണില്‍ ഒരു നഷ്ടബോധവും ഞാൻ കണ്ടു. പാവം അണ്ണൻ, അനിലയും മിനിലയേയും ഇപ്പൊ വിചാരിച്ചിട്ടുണ്ടാവും.

 

“ഡാലിയ ഞങ്ങളുടെ വീട്ടില്‍ വരുമോ..?” അണ്ണൻ പ്രതീക്ഷയോടെ ചോദിച്ചു.

 

“ഞാൻ വരാം, അണ്ണാ.” വേഗം എന്റെ തീരുമാനം ഞാൻ അറിയിച്ചു. “എനിക്കും മല്ലി ചേച്ചിയെ കാണണം.. സംസാരിക്കണം.” ഞാനും എന്റെ താൽപര്യം അറിയിച്ചു. അപ്പൊ അണ്ണന്റെ മുഖത്ത് നല്ല തെളിച്ചമുണ്ടായി.

 

“സമ്മതിച്ചതിന് നന്ദി മോളെ. മല്ലിക്ക് ഒരുപാട്‌ സന്തോഷമാകും. ശെരി, നിനക്ക് എന്റെ വീട്ടിലേക്കുള്ള വഴിയറിയില്ലല്ലോ. എന്റെ ഡ്യൂട്ടി എന്തായാലും കഴിഞ്ഞു. ഡാലിയ പുറത്തെ പാർക്കിംഗിൽ പത്തു മിനിറ്റ് വെയിറ്റ് ചെയ്താൽ ഇവിടത്തെ ചില കാര്യങ്ങൾ സെറ്റാക്കീട്ട് ഞാൻ വേഗം വരാം.”

 

“എനിക്ക് നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാം, അണ്ണാ. ഞാൻ പോയേക്കാം. നിങ്ങൾ ഇവിടെ എല്ലാം സെറ്റാക്കീട്ട് വന്നോളൂ.”

 

“എന്നാ ഡാലിയ പൊയ്ക്കൊ.” എനിക്ക് വഴി അറിയാമെന്ന് പറഞ്ഞപ്പോ അണ്ണൻ ആശ്ചര്യത്തോടെ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു കൊണ്ട്‌ പുറകിലെ ട്രാഫിക് നോക്കി വണ്ടി മുന്നോട്ടെടുത്തു.

 

ഞാൻ ചേട്ടനെ ചിന്തിച്ചു കൊണ്ട്‌ സാമുവേല്‍ അണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

 

മല്ലിക ചേച്ചിയുടെ വീട്ടിനു മുന്നില്‍ വരെ കാര്‍ പോകില്ല. ചെറിയൊരു കുന്ന് കേറി വേണം വീട്ടില്‍ ചെല്ലാൻ. കുന്നിന് താഴെ വെട്ടി നിരത്തി ഇട്ടിരുന്ന സ്ഥലത്ത്‌ വണ്ടി വിട്ടിട്ട് എന്റെ ലാപ്ടോപ്പും ഹാന്‍ഡ് ബാഗും എടുത്തുകൊണ്ട് ഞാൻ നടന്നു.

 

നല്ല കാറ്റ്‌ ഉണ്ടായിരുന്നു. കൂടെ നല്ല തണുപ്പും. ഞാൻ ധൃതിയില്‍ നടന്ന് കുന്ന് പകുതി കേറിയപ്പൊ മല്ലിക ചേച്ചി താഴേക്കിറങ്ങി വരുന്നത് കണ്ടു. ചേച്ചി എന്നെ കണ്ടതും അവിടേ തന്നെ പെട്ടന്ന് നിന്നു.

 

“ഡാലിയ…!” ഞാൻ അടുത്തെത്തിയതും ചേച്ചി ഉത്സാഹ പുഞ്ചിരിയോടെ എന്റെ കൈയിൽ നിന്നും ലാപ്ടോപ്പടങ്ങിയ ബാഗ് വാങ്ങിച്ച് ചേച്ചിയുടെ തോളിൽ തൂക്കിയിട്ടു. “നി ഒറ്റക്ക് ഇങ്ങോട്ട് വരുന്നെന്ന് അത്താൻ വിളിച്ച് പറഞ്ഞപ്പൊ നിനക്ക് വീട് പിടികിട്ടിയില്ലെങ്കിലോന്ന് വിചാരിച്ചാണ് താഴെ വന്ന് വെയിറ്റ് ചെയ്യാമെന്ന് വന്നത്.” പച്ച മലയാളത്തിൽ ചേച്ചി സംസാരിച്ചു.

 

“അതിന്റെ ആവശ്യമില്ലായിരുന്നു ചേച്ചി. എനിക്ക് ഈ വഴിയും വീടുമെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കുകയാ.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “പിന്നേ, സുഖമാണോ ചേച്ചി.”

 

“എനിക്ക് സുഖം. പക്ഷേ നി അല്‍പ്പം ക്ഷീണിച്ച് പോയല്ലോ..!” ചേച്ചി എന്നെ ആകമാനം കണ്ണുകൾ കൊണ്ട്‌ നോക്കി ഉഴിഞ്ഞിട്ട് പറഞ്ഞു.

 

“അത് ചേച്ചിക്ക് തോന്നുന്നതാവും.” ചേച്ചിയുടെ കൂടെ നടന്നു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

ഞങ്ങൾ കുന്നും കടന്ന് നടന്നു. ചെറിയ തണുപ്പ് നല്ല സുഖമായി എനിക്ക് അനുഭവപ്പെട്ടു. ചേട്ടന് ഈ തണുപ്പൊക്കെ ഭയങ്കര ഇഷ്ട്ടമാണ്.

 

ഒടുവില്‍ വീട്ടില്‍ കേറി ഞാൻ എന്റെ ഹാന്‍ഡ് ബാഗ് ടീപ്പോയിൽ വച്ചിട്ട് എളിയിൽ പിടിച്ചുകൊണ്ട് പിന്നോക്കം വളഞ്ഞ് നടുവൊന്ന് നിവർത്തി.

 

“നി ഇരിക്ക്, ഞാൻ ചായ എടുക്കാം.” ചേച്ചി എന്റെ ലാപ്ടോപ്പ് എന്റെ ഹാന്‍ഡ് ബാഗിനടുത്ത് വച്ചിട്ട് കിച്ചണിലേക്ക് നടന്നു.

 

“ചേച്ചി എന്നെ ഗസ്റ്റ് ആയിട്ടൊന്നും കാണണ്ട.” പറഞ്ഞിട്ട് ഞാനും അവരുടെ കൂടെ പോയി.

 

“നിന്നെ ഗസ്റ്റ് ആയിട്ടല്ല ഞാൻ കണ്ടത്.” ചേച്ചി പുഞ്ചിരിച്ചു. “രാവിലെ മുതൽ ജോലി ചെയ്തു ക്ഷീണിച്ച് പോയില്ലേ. പിന്നെ അവനോട് പിണങ്ങി നല്ല മൂട് ഔട്ട് ആണെന്നും അറിയാം. ഇപ്പൊ ആ കുന്നും കേറി നടുവ് വേദനിച്ചുള്ള വരവും കണ്ടത് കൊണ്ടാണ് ഇരിക്കാൻ പറഞ്ഞത്.”

 

“അതൊന്നും സാരമില്ല ചേച്ചി. കുന്ന് കേറിയതിന്റെ നടുവ് വേദന ഉടനെ മാറിക്കോളും.”

 

ഞാൻ കിച്ചനിൽ ചെന്ന് അവിടെ ഉണ്ടായിരുന്ന സ്ലാബിൽ കേറിയിരുന്നു. ചേച്ചി ഒരു വലിയ സ്റ്റീല്‍ പാത്രത്തിൽ അല്‍പ്പം വെള്ളം എടുത്ത് സ്റ്റവ്വിൽ വച്ചു. അതിൽ ഏലക്ക പിച്ചിട്ടിട്ട്, ഉണക്ക ഇഞ്ചിപ്പൊടിയും അതിൽ ചേര്‍ത്തു. പിന്നെ വേറെയും ഒന്ന് രണ്ട് പൊടികൾ ചേര്‍ത്ത ശേഷം അത് നന്നായി തിളയ്ക്കുന്നത് വരെ വെയിറ്റ് ചെയ്തു. അതിനുശേഷമാണ് ചേച്ചി പാത്രം നിറയെ പാലൊഴിച്ചു കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *