“അയ്യോ.” റീനു ജോമോനെ നോക്കി. “എന്ത് പറഞ്ഞു?”
“ഒന്നും പറഞ്ഞില്ല. ഇവൻ നുണ പറയുവാ.”
“അല്ല ഇത്ര ബാഗ് ഉള്ളൂ, ഹാൻഡ് ബാഗ് ഒന്നും ഇല്ലേ,”
റീനുവിന് ആ ചോദ്യം മനസ്സിലായില്ല “അല്ല എന്നത് ബാഗ്, ദേ ഈ ട്രോളി, പിന്നെ ഈ ബാക്ക് പാക്”
“അല്ല ഈ സ്ത്രീകൾ ഓക്ക് ഒരു കളർ ഫുള്‍ ആയിട്ട് ഒരു ബാഗ് ഓക്ക് കാണും അത്കൊണ്ട് ചോദിച്ചതാ”
റീനുവിന് അപ്പോഴും മനസ്സിലാകാതെ നിന്നു, അത് മുഖത്ത് നിന്നു വായിച്ച ജോമോൻ “നീ പോയേ അവന്റെ ഒരു ബാഗ്. നിനക്ക് എന്തൊക്കെ അറിയണം”
റീനു ഒരു ചിരി നല്കി “എന്റെ കയ്യിൽ ഉള്ള ഒരു ചെറിയ ബാഗ് ഉണ്ട് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതു അത് ബെറ്റി എടുത്തു അടുത്ത തവണ തരാം എന്നു പറഞ്ഞു. അവൾക്ക് കൂട്ടുകാരുടെ മുന്നേ ഷോ കാണിക്കാന്‍ ”
“അതാണ്, അപ്പോ എനിക്ക് തെറ്റിയില്ല. ശെരി യുവ മിഥുനങ്ങള്‍ ചെല്ല്”
“പിന്നെ ഒരു കാര്യം,” കണ്ണൻ പറഞ്ഞു. ശബ്ദത്തിൽ ഒരു തമാശ വരുത്താൻ ശ്രമിച്ചു. “ഇവൻ പാവമാ. ഉപദ്രവിക്കരുത്.”
അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കിടയിലൂടെ കണ്ണന്റെ മുഖത്ത് എന്തോ ഒന്ന് അവൾ കണ്ടു. ഇന്നലെ മാവിന്റെ ചുവട്ടിൽ കണ്ട അതേ മുറുക്കം. “ശേട ഇത് കേട്ടാല്‍ തോന്നും തന്റെ ഫ്രണ്ടിനെ ഞാന്‍ തട്ടി കൊണ്ട് പോകൂവ എന്നു, ഞാൻ നോക്കിക്കോളാം,” അവൾ പറഞ്ഞു.
“എന്നാ ഞാൻ ആ ചായക്കടയിൽ ഉണ്ടാകും. ഒരു സിഗരറ്റ് വലിക്കാനുണ്ട്.” കണ്ണൻ ജോമോന്റെ തോളിൽ ഒന്ന് തട്ടി, തിരിഞ്ഞുനടന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തേക്ക്, പാർസൽ ഓഫീസിന്റെ അടുത്ത് ആരും ഇല്ലാത്ത ഒരു മൂലയിലേക്ക്.
അവർ
ഒരു ബെഞ്ചിൽ ഇരുന്നു. ജോമോൻ രണ്ട് മണ്ണ് ഗ്ലാസിൽ ചായ വാങ്ങിക്കൊണ്ടുവന്നു.
“ഇതാ. വാക്ക് പാലിച്ചു.”
“റെയിൽവേ ചായ. നിന്റെ ആദ്യത്തെ ട്രീറ്റ്.” അവൾ ഒരു കവിൾ കുടിച്ചു. “ഇത്രേം മോശം ചായ കേരളത്തിൽ വേറെ എവിടെയും കിട്ടില്ല.”
“അതാ അതിന്റെ ഒരു ഇത്.”
കുറച്ച് നേരം രണ്ടാളും ചായ കുടിച്ച് പ്ലാറ്റ്ഫോമിലെ ആളുകളെ നോക്കിയിരുന്നു. ഒരു കുടുംബം അഞ്ച് പെട്ടികളുമായി. ഒരു പട്ടാളക്കാരൻ. ബെഞ്ചിന്റെ അങ്ങേ അറ്റത്ത് ഉറങ്ങുന്ന ഒരു വല്യപ്പൻ.
“വീട്ടിൽ എന്താ ഇന്നത്തെ സ്ഥിതി?” അവൾ ചോദിച്ചു.
“യുദ്ധം. അമ്മ ഗസ്റ്റ് ലിസ്റ്റ് ഉണ്ടാക്കുന്നു, അപ്പൻ അത് വെട്ടിക്കുറയ്ക്കുന്നു. ഇന്ന് ഉച്ചയ്ക്ക് മുന്നൂറ്റമ്പതിൽ നിന്ന് എഴുന്നൂറായി. അപ്പൻ ഇപ്പോ മിണ്ടുന്നില്ല.” അവൻ ചിരിച്ചു. “നിന്റെയോ?”
“അവിടെയും അതൊക്കെ തന്നെ.” അവൾ ഗ്ലാസ് രണ്ട് കയ്യിലും പിടിച്ച് ഒന്ന് കറക്കി. “പിന്നെ അപ്പൻ കാശിന്റെ കാര്യത്തിൽ ടെൻഷനിലാ. നിന്റെ അപ്പനും അമ്മയും ഒന്നും വേണ്ടെന്ന് പറഞ്ഞില്ലേ. എന്നാലും എന്റെ അപ്പന് അത് സമ്മതിക്കാൻ പറ്റുന്നില്ല. ഒന്നും കൊടുക്കാതെ മോളെ വിട്ടാൽ ആളുകൾ എന്ത് പറയുമെന്ന്. കുറച്ച് സ്വർണം, കുറച്ച് കാശ്, ഒരു വണ്ടി എങ്കിലും…”
“വണ്ടിയോ?” ജോമോൻ ചായഗ്ലാസ് താഴെ വെച്ചു. “ഞാൻ ഇന്ന് രാവിലെ ഒരു വണ്ടി വാങ്ങി. എനിക്ക് വേറെ വണ്ടി വേണ്ട.”
“അതല്ല ജോ…”
“അല്ല, ഞാൻ സീരിയസാ.” അവന്റെ ശബ്ദം മാറിയിരുന്നു. ചിരി പോയി.
“എനിക്ക് ഇത് ഒരിക്കലും മനസ്സിലായിട്ടില്ല. ഒരു പെണ്ണിനെ ഇരുപത്തേഴ് കൊല്ലം വളർത്തി, പഠിപ്പിച്ചു, നഴ്സാക്കി. എന്നിട്ട് ഒരു ദിവസം ഒരുത്തൻ വന്ന് അവളെ
കൊണ്ടുപോകുന്നു. അതിന് അവളുടെ അപ്പൻ ആ ഒരുത്തന് കാശ് കൊടുക്കണം. ഇതിൽ എന്താ ലോജിക്? വേണമെങ്കിൽ കൊണ്ടുപോകുന്നവനല്ലേ ആ അപ്പനും അമ്മയ്ക്കും എന്തെങ്കിലും കൊടുക്കേണ്ടത്? ഇത്രേം കാലം നോക്കിയതിന്?”
റീനു അവനെ നോക്കി. കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
“നീ ഇത് നിന്റെ അപ്പന്റെ മുമ്പിൽ പറഞ്ഞിട്ടുണ്ടോ?”
“ഇന്നലെ കാറിൽ പറഞ്ഞു. അപ്പൻ ചിരിച്ചു. പിന്നെ പറഞ്ഞു, എനിക്കും അതേ അഭിപ്രായമാ, പക്ഷേ നാട്ടുകാർക്ക് അങ്ങനെയല്ലെന്ന്.” അവൻ തോളുയർത്തി.
“നാട്ടുകാർ. അവർക്ക് വേണ്ടിയാ നമ്മൾ എല്ലാം ചെയ്യുന്നത്. നിന്റെ അപ്പനോട് പറ, ഒന്നും വേണ്ടെന്ന്. നിർബന്ധിച്ചാ ഞാൻ തന്നെ വന്ന് പറയാം.”
