പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

“”അപ്പൊ അവൾക്കു ഇഷ്ടമുണ്ടെന്ന് തോന്നുന്നു.. “” ചിരി നിർത്തിയ ഞാൻ പറഞ്ഞു..

 

“”അതേ.. അവള് തുറന്ന് പറഞ്ഞില്ലന്നേയുള്ളു.. നാളെ പറയിപ്പിക്കാം.. നീ അഭിയെ വിളിച്ചേ “”

 

വീണ്ടും ഫോൺ ലൗഡിൽ ഇട്ട് ഞങ്ങൾ അതേ പൊസിഷനിൽ ഇരുന്നു. ഫോൺ റിങ് ചെയ്തതും ഞങ്ങൾ സൈലന്റ് ആയി..

 

“”ഹെലോ “”

 

“”നിന്നോട് ഞാൻ പറഞ്ഞതല്ലേ കത്ത് തന്നപ്പോൾ തന്നെ അതിലെന്താണെന്ന് പറയണമെന്ന് “”

 

“”സഞ്ജു മോനെ.. എനിക്കറിയില്ലേടാ ഞാനാകെ കിളിപോയിരിക്കാണ്..””

 

“”നീ കാര്യം പറടാ “”

 

“”ടാ നമ്മുടെ നീലിമ… അവളില്ലെ, അവളെന്നോട് ഇഷ്ടം തുറന്ന് പറഞ്ഞെടാ.. “” അവന്റെ സംസാരത്തിൽ സന്തോഷത്തിന്റെ അലയടിച്ചിൽ ഉണ്ടായിരുന്നു.

 

“”എടാ ഭാഗ്യവാനെ.. അപ്പൊ നിനക്കിഷ്ടമാണോ അവളെ “”

 

“”ആണോന്നോ, എങ്ങനെ അവളോട്‌ പറയുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.. അപ്പോഴാണ് ഈ കത്ത് കിട്ടിയേ.. രണ്ടെണ്ണം അടിച്ചാൽ പോലും ഇത്രേം കിളിപോവില്ല.. നിനക്കറിയോ വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതെ ഈ കത്തും പിടിച്ചിരിപ്പാണ് “”

അവൻ പറഞ്ഞതുകേട്ട് ഞാനും അങ്കിയും ശബ്ദം പുറത്തേക്കു വരാതെ പൊട്ടി പൊട്ടി ചിരിച്ചു..

 

“”എന്നാ ശരി മച്ചാനെ രാവിലെ വിളിക്കാം “”

 

ഫോൺ വച്ചതും ഞങ്ങൾ പരസ്പരം കൈകൾ നൽകി പദ്ധതി വിജയിച്ചതായി കണക്കാക്കി..

 

“”അപ്പോൾ നാളെ ക്ലാസ്സിൽ നല്ല രസമായിരിക്കും.. മിക്കവാറും അവർ സംസാരിക്കും നമ്മൾ പെടും അല്ലെ “” അതേ ഇരിപ്പിൽ തന്നെ ഇരുന്നു കൊണ്ടു ഞാൻ അങ്കിയോട് ചോദിച്ചു.

 

“”മിക്കവാറും, മോന്റെ ഐഡിയ അല്ലായിരുന്നോ..കാത്തിരുന്നോ “” അതും പറഞ്ഞവൾ ചിരിച്ചു.

 

“”എന്തോ എങ്ങനെ.. നമ്മൾ രണ്ടുപേരുടെയും ഐഡിയ ആണ്.. അങ്ങനെയിപ്പോൾ എന്നെ ഒറ്റക്കാക്കണ്ട “”

 

“”അയ്യോടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. നിന്നെ ഒറ്റക്കാക്കി ഞാനിതു വരെ നിന്നിട്ടുണ്ടോ.. “”

 

“”അതില്ല.. “”

 

“”അപ്പോൾ എന്തിനും ഞാൻ കൂടെയുണ്ടാവും “”

എന്റെ കൈകൾ പിടിച്ചവൾ പറഞ്ഞു..

 

“”ഞാനും ഉണ്ടാവും “” അവളുടെ കൈകളിൽ അമർത്തി ഞാനും പറഞ്ഞു..

 

“”നീ ഇന്നലെ ചോദിച്ചില്ലേ, കല്യാണം കഴിഞ്ഞു പോയാൽ നമ്മൾ പിരിയില്ലേ എന്ന്.. ഇന്നലെ രാത്രി മുഴുവൻ ഞാനതാലോചിച്ചു.. അങ്ങനെയൊരു ദിവസം വരുന്നതാലോചിച്ചിട്ട് എനിക്ക് ഉറക്കം വരുന്നതേയില്ല “” ചിവീടുകളുടെയും പ്രാണികളുടെയും ശബ്ദങ്ങൾ നിറഞ്ഞ പുറത്തെ തൊടിയിലേക്ക് നോക്കിയവൾ പറഞ്ഞു.

 

“” സത്യം ഞാനും ഇന്നലെ അതുമാത്രമാണ് ചിന്തിച്ചേ.. അങ്ങനെ നീ പോവോ “”

 

“”ഒരിക്കലും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.. പോവാനെനിക്ക് കഴിയില്ല.”” എന്റെ തോളിലേക്ക് തല ചായ്ച്ചവൾ പറഞ്ഞു..

 

“”എനിക്കും കഴിയില്ല.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ…”” ബാക്കി പറയുന്നതിന് മുന്നേ അവൾ എന്റെ വായ പൊത്തിപിടിച്ചു.. തലയുയർത്തി നേരെപിടിച്ചെന്നെ നോക്കി. എന്റെ രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി..

ആ കണ്ണുകൾ നിറയുന്നത് ആ ഇരുട്ടിലും ഞാൻ കണ്ടു.

 

സംസാരിക്കാൻ വേണ്ടി അവൾ പൊത്തിപിടിച്ച വായ ഞാൻ തുറക്കാൻ ശ്രമിച്ചതും കയ്യെടുത്തു കൊണ്ടു കണ്ണു തുടച്ചു കൊണ്ടവൾ അകത്തേക്ക് ഓടി.

 

എന്തിനാണ് അവളിപ്പോൾ കരഞ്ഞത്? എന്തിനാണ് ഞങ്ങളിങ്ങനെ സംസാരിക്കുന്നതു? പരസ്പരം പിരിയുമ്പോഴുള്ള മുഹൂർത്തങ്ങൾ ഇപ്പോൾ തന്നെ ചിന്തിക്കുന്നതെന്തിനു.. ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് കടന്നുവന്നു.. പുറത്തെ ഇരുട്ടിലേക്കു നോക്കി ഞാൻ കസേരയിൽ ചാരിയിരുന്നു.. അറിയാതെയെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്തിനോ വേണ്ടി..

 

പിറ്റേന്ന് രാവിലെയാണ് കുളക്കടവിൽ അവളെ കാണുന്നത്.. ഇന്നലെ കരഞ്ഞതും സംസാരിച്ചതൊന്നും അവൾ അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറ്റം. കുട്ടിപട്ടാളം മുഴുവനും ഉണ്ട്.. പുലർച്ചെയുള്ള തണുപ്പിൽ എണ്ണ തേക്കലും സോപ്പ് തേക്കലും അതേപടി കുളത്തിൽ ചാടലും.. എല്ലാരും കൂടെയാവുമ്പോൾ നല്ല രസമാണ്..

Leave a Reply

Your email address will not be published. Required fields are marked *